ജിദ്ദ - കാറിൽ ഹഷീഷ് ഉപയോഗിച്ച രണ്ടു യുവാക്കളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഇരുവരും കാറിൽ ഹഷീഷ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പശ്ചിമ ജിദ്ദയിലെ ഷോപ്പിംഗ് മാളിനു സമീപം വെച്ചാണ് കാറിനകത്തിരുന്ന് ഇരുവരും ഹഷീഷ് ഉപയോഗിച്ചത്. ഈ സമയത്ത് ഷോപ്പിംഗ് മാളിനു സമീപം രണ്ടു പെട്രോൾ പോലീസ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. പോലീസ് വാഹനങ്ങൾ കൂടി കാണുന്ന നിലക്കാണ് മയക്കുമരുന്ന് സേവയുടെ ദൃശ്യങ്ങൾ യുവാക്കൾ കരുതിക്കൂട്ടി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഈ ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഊർജിതമായ അന്വേഷണം നടത്തിയാണ് പ്രതികളെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.