Sorry, you need to enable JavaScript to visit this website.

പേബാധയുള്ളതായി സംശയം: സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നാട്ടുകാർ ഭീതിയിൽ

  • നായ്ക്കളെ കൊല്ലാൻ വകുപ്പില്ലെന്ന് പഞ്ചായത്ത്‌

തേഞ്ഞിപ്പലം- കാലിക്കറ്റ് സർവകലാശാലാ കാമ്പസ് പരിസരം ഉൾപ്പെടെ പള്ളിക്കൽ, തേഞ്ഞിപ്പലം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. 
നായ്ക്കളുടെ ആക്രമണം ഭയന്നു ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണിവിടങ്ങളിൽ. യൂണിവേഴ്‌സിറ്റി ചെനക്കൽ, ദേവതിയാൽ, കോഹിനൂർ എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസം നിരവധി പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റു. റോഡിലൂടെ നടന്നു പോകുന്നവരെയും വീട്ടു മുറ്റത്ത് നിൽക്കുന്നവർ ഉൾപ്പെടെയാണ് തെരുവു നായയുടെ കടിയേറ്റത്. 


രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശങ്ങളിലെല്ലാം ആളുകളെ കടിച്ചത് ഓരേ നായയാണെന്നും നായക്ക് പേബാധയുള്ളതായി സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ഈ നായ മറ്റു നായ്ക്കളെയും കടിച്ചു പരിക്കേൽപിച്ചിട്ടുണ്ട്. ദേവദിയാലിനടുത്ത് പുൽപറമ്പ് ജീബ (40), ചേനാത്ത് സലീന (42), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ടയേർഡ് ജീവനക്കാരൻ ആസാദ് (71),  കാലിക്കട്ട് യൂണിവേഴ്‌സിറ്റി കോഫി ഹൗസ് ജീവനക്കാരൻ കോഴിക്കോട് അത്തോളി സ്വദേശി കാരയാട്ട് രാധാകൃഷ്ണൻ (43), കോഴിക്കോട് ദേവഗിരി കോേളജിലെ അധ്യാപകൻ ജോജോ,  വി. ഉണ്ണികൃഷ്ണൻ (52)  ഉൾപ്പെടെ പത്തോളം പേർക്കാണ് ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയുമായി നായയുടെ കടിയേറ്റത്. 
വീട്ടിലെ വളർത്തു പട്ടിയെ കടിക്കുന്നത് കണ്ടു രക്ഷപ്പെടുത്താൻ ശ്രമിക്കവേയാണ് ആസാദിന് കടിയേറ്റത്. രാധാകൃഷ്ണനു ഇന്നലെ രാവിലെ 6.30ന് ജോലിക്ക് പോകുമ്പോൾ യൂണിവേഴ്‌സിറ്റി ചെനക്കലിൽ റോഡിൽ വെച്ചാണ് കടിയേറ്റത്. ഇയാൾക്ക് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. 


പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോേളജ് ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റവരിൽ പലരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി എത്തിയെങ്കിലും മരുന്നില്ലെന്നു പറഞ്ഞു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു അയച്ചതായാണ് വിവരം. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തന്നെ വള്ളിക്കുന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നിരവധി പേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാലിക്കട്ട് യൂണിവേഴ്‌സിറ്റി കാമ്പസ് പരിസരം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. തെരുവ് നായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ടു ഗ്രാമപഞ്ചായത്തുകളിൽ പരാതി നൽകിയിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നായ്ക്കളെ കൊല്ലുന്നതിനു നിയമ തടസമുണ്ടെന്നും പറഞ്ഞു പഞ്ചായത്തധികൃതർ കൈമലർത്തുകയാണ്. 


തെരുവ് നായ്ക്കൾ പെറ്റ് പെരുകുന്നത് തടയുന്നതിനായി വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കൽ, ചേലേമ്പ്ര, പെരുവള്ളൂർ, തേഞ്ഞിപ്പലം, മൂന്നിയൂർ, വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ നിന്നായി  ഹ്യൂമൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രോഗ്രാം കോ-ഓർഡിനേറ്റർ സാലികണ്ണന്റെ നേതൃത്വത്തിൽ 2017 ൽ തെരുവ് നായ വന്ധ്യംകരണം നടത്തിയിരുന്നു. 

Latest News