Sorry, you need to enable JavaScript to visit this website.

നിയമം കർശനമാക്കിയിട്ടും കേരളത്തിൽ പോക്‌സോ കേസുകൾ വർധിക്കുന്നു

മലപ്പുറം- കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം കർശനമായി നടപ്പാക്കുമ്പോഴും സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ തുടർച്ചയായ വർധനവാണ് കണ്ടു വരുന്നത്. 
പെൺകുട്ടികളെയും ആൺകുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകൾ എല്ലാ ജില്ലയിലും വർധിച്ചു വരികയാണ്. ഗാർഹിക പീഡനങ്ങൾ, വിദ്യാലയങ്ങളിലും മതപഠനകേന്ദ്രങ്ങളിലും നടക്കുന്ന പീഡനങ്ങൾ, സംഘം ചേർന്നുള്ള ലൈംഗിക പീഡനങ്ങൾ തുടങ്ങി കുട്ടികൾക്കെതിരായ ആക്രമണങ്ങൾ പെരുകി വരുന്നു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറമാണ് രണ്ടാം സ്ഥാനത്തുള്ളത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ്.


സംസ്ഥാന പോലീസിന്റെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 3609 പോക്‌സോ കേസുകളാണ്. 2018 ൽ ഇത് 3179 ആയിരുന്നു. 2012 ൽ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 71 കേസുകളായിരുന്നു.
കഴിഞ്ഞ എട്ടുവർഷത്തിനിടെ കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. പീഡനം സംബന്ധിച്ച് കൂടുതൽ കുട്ടികൾ പോലീസിൽ പരാതിപ്പെടാൻ തയ്യാറാകുന്നതും ചൈൽഡ് ലൈൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ഇടപെടലുമാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നത്. 


2019 ൽ തിരുവനന്തപുരം ജില്ലയിൽ 464 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയിൽ 444 കേസുകളാണുള്ളത്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പത്തനംതിട്ടയിലാണ്. 117 കേസുകൾ. മറ്റു ജില്ലകളിലെ കേസുകളുടെ എണ്ണം ഇങ്ങനെ: കൊല്ലം-289, ആലപ്പുഴ-187, കോട്ടയം-194, ഇടുക്കി-151, എറണാകുളം-336, തൃശൂർ-302, പാലക്കാട്-254, കോഴിക്കോട്-334, വയനാട്-147, കണ്ണൂർ-220, കാസർകോട്-163. 


കഴിഞ്ഞ എട്ടുവർഷത്തിനിടെ കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിലുണ്ടായ വർധന ആശങ്കയുണർത്തുന്നതാണ്. 2012 ൽ വെറും 77 കേസുകളാണ് പോക്‌സോ നിയമപ്രകാരം പോലീസിന് മുന്നിലെത്തിയത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഇത് വർധിക്കുന്നതാണ് കാണുന്നത്. 2013 ൽ 1018, 2014 ൽ1402,2015 ൽ 1583 എന്നിങ്ങനെ വർധിച്ചു.2016 ൽ2122, 2017 ൽ 2897, 2018 ൽ 3179, 2019 ൽ 3609 എന്നിങ്ങനെയാണ് പോലീസിന്റെ കണക്കുകൾ.
പോക്‌സോ നിയമം നിലവിൽ വന്നതും ചൈൽഡ് ലൈനിന്റെ പ്രവർത്തനം സജീവമായതും കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ ഇടയാക്കിയിട്ടുണ്ട്. കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെടുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണം വർധിച്ചുവരുന്നത് ആശങ്കയുണർത്തുന്നതാണ്.  


 

Latest News