ന്യൂദല്‍ഹി- നോട്ടുനിരോധനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 2000, 500 രൂപാ നോട്ടുകള്‍ക്കു പുറമെ പുതിയ 50, 20 രൂപാ നോട്ടുകളും താമസിയാതെ എത്തുമെന്ന് നേരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എട്ടു മാസമായി ഇതുവരെ ഇറങ്ങിയില്ലെങ്കിലും ഇപ്പോള്‍ പുതിയ 50 രൂപാ നോട്ടുകളുടെ ചിത്രം പുറത്തു വന്നിരിക്കുന്നു. മങ്ങിയ നീല നിറത്തിലുള്ള നോട്ടുകളുടെ രൂപ കല്‍പ്പന 2000, 500 നോട്ടുകളുടേതിന് സമാനമാണ്. മഹാത്മാ ഗാന്ധി സീരീസ്-500-ലുള്ള ഇവയില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പുമുണ്ടാകും.
കഴിഞ്ഞ ഡിസംബറില്‍ പുതിയ 50 രൂപാ നോട്ടുകള്‍ ഉടനെത്തുമെന്നാണ് ആര്‍ബിഐ പറഞ്ഞിരുന്നത്. നിലവിലുള്ള 50 രൂപാ നോട്ടുകളിലേതിന് സമാനമായ സുരക്ഷാ ഗുണങ്ങളാണ് ഇവയ്ക്കുണ്ടാകുകയെന്നും അച്ചടി വര്‍ഷം 2016 ആയിരിക്കുമെന്നും നേരത്തെ കേന്ദ്ര ബാങ്ക് പറഞ്ഞിരുന്നു. പുതിയ നോട്ടിന്റെ പിറകുവശത്ത് ഒരു ദക്ഷിണേന്ത്യന്‍ ക്ഷേത്രത്തിന്റെ ചിത്രമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറിയ നോട്ടുകളിലാണെന്നും 1000 രൂപാ നോട്ടുകള്‍ വീണ്ടും ഇറക്കാനുള്ള പദ്ധതിയില്ലെന്നും നേരത്തെ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.