Sorry, you need to enable JavaScript to visit this website.

'അഴിമതിയിൽ പങ്കില്ലെങ്കിൽ പിണറായി ജനങ്ങളെ ബോധ്യപ്പെടുത്തണം'

കോട്ടയം- ലാവ്‌ലിൻ കേസിൽ ആറാം പ്രതിയായ പിണറായി വിജയൻ മാലാഖ ചമയേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പി നടത്തിയ അഴിമതിയിൽ ഉന്നതതല ബന്ധം, അഴിമതി നടത്താനുളള സാഹചര്യം ഇവ സർക്കാർ ഒരുക്കി നൽകുന്നു. ബുള്ളറ്റ് പ്രൂഫ് വാഹന ഇടപാടിൽ ചീഫ് സെക്രട്ടറിയെയും സംശയിക്കുന്നു. സി.ഐ.ജി റിപ്പോർട്ടിലുളള അഴിമതി സൂചനകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. അഴിമതിയിൽ പങ്കില്ലെങ്കിൽ മുഖ്യമന്ത്രി ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. 
പോലീസ് ഉന്നതതലത്തിലെ അഴിമതിയെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങളാണ് സി.ഐ.ജി റിപ്പോർട്ടിലുളളതെങ്കിലും അത് കണ്ണടച്ച് ഇരുട്ടാക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി ഇടപാടിനെക്കുറിച്ച് ആരോപണം ഉയർന്നപ്പോൾ തന്നെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോൾ അന്വേഷണത്തെ ഭയപ്പെടുന്നത് എന്താണ്. താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തേതടക്കം എല്ലാം അന്വേഷിക്കാൻ ചെന്നിത്തല ആവശ്യപ്പെട്ടു. 


അഴിമതി നടന്നിട്ടില്ലെന്നും ഫണ്ട് വകമാറ്റിയിട്ടേയുള്ളൂ എന്നുമുള്ള കോടിയേരിയുടെ വാദം തെറ്റാണ്. സി.ബി.ഐയെയോ ജുഡീഷ്യൽ കമ്മീഷനെയോ കൊണ്ടോ ഇത്  അന്വേഷിക്കിപ്പിക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നത് എന്തിനാണ്.  സർക്കാറിലേക്ക് വാങ്ങലുകൾ നടത്തുമ്പോൾ പാലിക്കേണ്ട അടിസ്ഥാന ഘടകങ്ങൾ ഒന്നും പാലിച്ചിട്ടില്ല. ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ വൻ തട്ടിപ്പ് നടന്നതായി സി.ഐ.ജി കണ്ടെത്തി. കമ്പോള വിലയേക്കാൾ ഇരട്ടി വിലക്ക് വാങ്ങിയത് സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ആരെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ഐ.ജി കണ്ടെത്തിയിട്ടില്ലെന്നാണ് കോടിയേരി പറയുന്നത്. സർക്കാറിന് വൻ നഷ്ടമുണ്ടാക്കിയെന്ന് പറയുമ്പോൾ തന്നെ ആ ഇടപാട് നടത്തിയവർക്ക് ലാഭമുണ്ടെന്നാണ് അർഥം. അതിനാണ് അഴിമതി എന്നു പറയുന്നത്. 


ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പിയായ ശേഷം 151 കോടി രൂപയുടെ പർച്ചേസ് നടത്തിയെന്നാണ് സർക്കാർ നിയമസഭയിൽ മറുപടി നൽകിയത്. അപ്പോൾ എത്ര വലിയ അഴിമതിയാകാം നടന്നിട്ടുളളത്. പോലീസ്  നവീകരണത്തിനുള്ള ഡി.ജി.പി ഫണ്ട് വിനിയോഗ പരിധി രണ്ട് കോടിയിൽ നിന്നും അഞ്ചു കോടിയാക്കി ഉയർത്തിയത് അടുത്ത ദിനങ്ങളിലാണ്. ഇതും സംശയകരമാണ്. പകൽക്കൊള്ളയാണ് നടന്നതെന്ന് വ്യക്തമായിട്ടും അന്വേഷണത്തിന് സർക്കാറും സി.പി.എമ്മും തയാറാകാത്തത് ഭയം കാരണമാണ്. സി.ഐ.ജി പുറത്തുകൊണ്ടുവന്ന അഴിമതികളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനാണ് റിപ്പോർട്ട് ചോർച്ചയെക്കുറിച്ച് ആരോപിക്കുന്നത്. സി.ഐ.ജി റിപ്പോർട്ട് ചോർന്നിട്ടില്ല. ആരും ചോർത്തിയിട്ടില്ല. ഇത്രയും ഭീമമായ അഴിമതി നടക്കുമ്പോൾ അന്വേഷിച്ചു കണ്ടെത്തുകയാണ് പ്രതിപക്ഷ ധർമം. തങ്ങൾ അത്  നിർവഹിച്ചു.

വീടുകളിൽ ഉൾപ്പെടെ സി.സി.ടി.വി സ്ഥാപിക്കുന്നതിനുളള സിംസ് പദ്ധതിയെക്കുറിച്ച് അതീവ ഗുരുതരമായ ആരോപണമാണ് ഉയർന്നിട്ടുളളത്.  പോലീസും കെൽട്രോണും ഗാലക്‌സിയോൺ എന്ന കമ്പനിയും ചേർന്നു നടത്തുന്ന പദ്ധതി പോലീസ് സേനയെ സ്വകാര്യവൽക്കരിക്കുന്ന നടപടിയാണ്. 2017 ജൂലൈയിൽ മാത്രം പ്രവർത്തനം തുടങ്ങിയ ഈ കമ്പനിയുടെ പ്രവർത്തനങ്ങളും ദുരൂഹത ഉളവാക്കുന്നതാണ്. ഗാലക്‌സിയോൺ കമ്പനി ബിനാമിയാണ്.  ഈ പദ്ധതിയിൽ ഉപഭോക്താവിൽ നിന്നും എൺപതിനായിരം രൂപയാണ് ഈടാക്കുന്നത്. പിന്നെ അറ്റക്കുറ്റപ്പണിക്കുളള തുകയും. ഇതിൽ പോലീസിന്റെയും ഗാലക്‌സിയോൺ കമ്പനിയുടെയും ഷെയർ എത്രയാണ്.
മുസ്‌ലിം ലീഗിനകത്ത് തീവ്രവാദികളുണ്ടെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണം ശരിയല്ല. മതതീവ്രവാദത്തിനെതിരാണ് ലീഗ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു.

 

Latest News