മലാല ഇനി ഓക്‌സഫഡ് വിദ്യാര്‍ത്ഥി

ലണ്ടന്‍- സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ താലിബാന്റെ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകയായി മാറിയ പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യുസഫ്‌സായിക്ക് ലോകപ്രശസ്തമായ ബ്രിട്ടീഷ് സര്‍വകലാശാലയായ ഓക്‌സ്ഫഡില്‍ പ്രവേശനം ലഭിച്ചു. ഈ വര്‍ഷം എ ലെവല്‍ പരീക്ഷ പാസായ മലാല ഓക്‌സഫഡില്‍ പ്രവേശനം ലഭിച്ച വിവരം ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്. യൂണിവേഴ്‌സിറ്റിയുടെ ആക്‌സപ്റ്റന്‍സ് ലെറ്ററിന്റെ സ്‌ക്രീന്‍ഷോട്ടും മലാലയുടെ ട്വീറ്റിനുനൊപ്പമുണ്ട്.  

ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണൊമിക്‌സ് എന്നീ വിഷയങ്ങളാണ് ബിരുദതലത്തില്‍ മലാല പഠിക്കുക. ഓക്‌സഫഡിലെ ലേഡി മാര്‍ഗരറ്റ് ഹാളിലാണ് മലാലയ്ക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്. മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, നോബേല്‍ ജേതാവായ മ്യാന്‍മര്‍ ജനാധിപത്യ നേതാവ് ഓങ് സാന്‍ സൂചി എന്നിവരും ഇതേ വിഷയം ഓക്‌സഫഡില്‍ പഠിച്ചവരാണ്.

പാക്കിസ്ഥാലിന്റെ തന്റെ ഗ്രാമത്തില്‍ പെണ്‍കുട്ടികളെ വിദ്യാഭ്യാസം നേടാന്‍ പ്രോത്സാഹിപ്പിച്ചതിനാണ് മലാലയ്ക്ക് താലിബാന്‍ ആക്രമണം നേരിടേണ്ടി വന്നത്. തലയ്ക്ക് വെടിയേറ്റെങ്കിലും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലാല മനുഷ്യാവകാശ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. 2014-ല്‍ സമാധാനത്തിനുള്ള നോബെല്‍ സമ്മാനവും മലാല നേടി. ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.   

Latest News