Sorry, you need to enable JavaScript to visit this website.

സൗദി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ വാതില്‍ തുറക്കാതിരിക്കരുത്

ജിദ്ദ-സൗദി അറേബ്യയില്‍ സെന്‍സസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 2020 മാര്‍ച്ച് 17ന് ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനുള്ള പ്രാഥമിക നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
ജനങ്ങള്‍, പാര്‍പ്പിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സമഗ്ര സെന്‍സസിനാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

ഏതുരാജ്യത്തും നിലവിലുള്ള സ്ഥിതി മനസ്സിലാക്കുന്നതിനും വികസന പദ്ധതികള്‍ നടപ്പിലക്കുന്നതിനും നയപരിപാടികള്‍ തീരുമാനിക്കുന്നതിനും ജനസംഖ്യാ സെന്‍സസ് അനിവാര്യമാണ്.

പാര്‍പ്പിടങ്ങള്‍ക്കും വില്ലകള്‍ക്കും നമ്പറിടുകയും അവിടെ എത്രപേര്‍ താമസിക്കുന്നുണ്ടെന്ന കണക്കെടുപ്പുമാണ് ഇപ്പോള്‍ നടക്കുന്നത്. കെട്ടിടങ്ങളുടെ ഡോറില്‍ സൗദി സെന്‍സസ് വെബ് സൈറ്റിന്റെ ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുന്ന സ്റ്റിക്കറില്‍ നമ്പര്‍ പതിച്ചിട്ടുണ്ട്. ക്യആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സെന്‍സസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സൗദിസെന്‍സസ്.എസ്.എ എന്ന സൈറ്റിലെത്താം.

ഇപ്പോള്‍ വീടുകളിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഗൃഹനാഥനടക്കം എത്ര പേര്‍ താമസിക്കുന്നുണ്ടെന്നും വേലക്കാരുണ്ടോ എന്നുമുള്ള വിവരങ്ങള്‍ മാത്രമാണ് ചോദിക്കുന്നത്. ഗൃഹനാഥന്റെ ഇഖാമ നമ്പറും ഫോണ്‍ നമ്പറും അവരുടെ കൈയിലുള്ള ഡിവൈസില്‍ രേഖപ്പെടുത്തും.


വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


സെന്‍സസിന് ആവശ്യമായ നേഷനാലിറ്റി അടക്കമുള്ള വിവരങ്ങള്‍ പിന്നീട് ഗൃഹനാഥനില്‍നിന്നോ 15 വയസ്സില്‍ കൂടുതലുള്ള കുടുംബാംഗത്തില്‍നിന്നോ രേഖപ്പെടുത്തും.

ഡോറില്‍ നമ്പര്‍ പതിച്ചെങ്കിലും താമസക്കാര്‍ വാതില്‍ തുറക്കാത്തതിനാല്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനാകുന്നില്ലെന്നും ധാരാളം സമയം ഫ് ളാറ്റുകള്‍ക്ക് മുന്നില്‍ കാത്തിരിക്കേണ്ടിവരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

തിരിച്ചറിയല്‍ കാര്‍ഡും ജാക്കറ്റുമൊക്കെ ധരിച്ചുവരുന്ന ഉദ്യോഗസ്ഥരെ സംശയിക്കേണ്ടതില്ല. അവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ശേഷമാണ് വിവരങ്ങള്‍ ചോദിക്കുക. സെന്‍സസ് നടക്കുന്ന കാര്യം സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് എസ്.എം.എസായി അറിയിക്കുന്നുമുണ്ട്.

 

Latest News