ന്യൂദല്‍ഹി- വാഹനമിടിച്ച് പന്ത്രണ്ട് മണിക്കൂര്‍ റോഡില്‍ ചോരയൊലിപ്പിച്ച് കിടന്നിട്ടും ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ല. മാത്രമല്ല, ഇയാളുടെ മൊബൈലും കീശയിലുണ്ടായിരുന്ന പന്ത്രണ്ട് രൂപയും ആരോ അടിച്ചുമാറ്റുകയും ചെയ്തു. ദല്‍ഹി നഗരമധ്യത്തിലാണ് സംഭവം. കശ്മീരി ഗേറ്റ് ബസ് ടെര്‍മിലിനു സമീപം റോഡു മുറിച്ചു കടക്കവെ വാഹനമിടിച്ച് തെറിപ്പിച്ച് പരിക്കേറ്റ് റോഡരികില്‍ മണിക്കൂറുകളോളം കിടന്ന 35-കാരന്‍ നരേന്ദ്ര കുമാറിനാണ് ദുര്‍ഗതി. 12 മണിക്കൂറോളം പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ വയ്യാതെ റോഡരികില്‍ കിടന്ന നരേന്ദ്ര കുമാര്‍ ഇപ്പോള്‍ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴുത്തിനും കാലുകള്‍ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഇദ്ദേഹം അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. റോഡരികില്‍ കിടക്കുകയായിരുന്ന നരേന്ദ്ര കുമാറിന് പരിക്കേറ്റിട്ടുണ്ടെന്ന് മനസ്സിലാക്കിയ അതുവഴി കടന്നു പോയ ഒരാള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതാണ് ഒടുവില്‍ തുണയായത്. ഉടന്‍ തന്നെ പോലീസെത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
യുപിയിലെ ബിജ്‌നോര്‍ സ്വദേശിയായ നരേന്ദ്ര കുമാര്‍ ജയ്പൂരില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു. സ്വാതന്ത്ര്യദിനത്തിലാണ് അപകടമുണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെ റോഡ് മുറിച്ചു കടക്കവെ വേഗതയിലെത്തിയ ഒരു കാര്‍ തന്നെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോകുകയായിരുന്നെന്ന് അദ്ദേഹം പൊലീസിനു മൊഴി നല്‍കി. പരിക്കേറ്റ് അനങ്ങാന്‍ വയ്യാതെ ഫുട്പാത്തില്‍ കിടന്ന തനിക്ക് ആ രാത്രി മുഴുന്‍ ഒരേ കിടപ്പ് കിടക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. അപകടം പറ്റിയതാണെന്നറിഞ്ഞിട്ടും പലരും സഹായിക്കാന്‍ തയാറായില്ല. റോഡരികില്‍ വീണുകിടന്ന നരേന്ദ്രകുമാറിന്‍റെ മൊബൈല്‍ ഫോണും പോക്കറ്റിലുണ്ടായിരുന്ന വെറും 12 രൂപയും ആരോ മോഷ്ടിച്ചുവെന്നും നരേന്ദ്ര കുമാറിന്റെ സഹോദരന്‍ രാജ്കുമാര്‍ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.






