കശ്മീര്‍ കാര്യത്തില്‍ വിമര്‍ശിച്ച ബ്രിട്ടിഷ് എം.പിയെ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല

 

ന്യൂദല്‍ഹി- ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ബ്രിട്ടീഷ് എം.പി ഡെബി അബ്രഹാംസിനെ ദല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ ദുബായിലേക്ക് കയറ്റിവിടുകയും ചെയ്തു. ദല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ക്ക് ഇന്ത്യ ഇവിസ നിരസിച്ച കാര്യം അറിയുന്നത്. ഒരു കുറ്റവാളിയെ പോലെയാണ് തന്നോട് പെരുമാറിയതെന്ന് ഡെബി അബ്രഹാംസ് പ്രതികരിച്ചു.

ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി സാധുവായ വിസ ഡെബി അബ്രഹാംസിന് ഇല്ലായിരുന്നുവെന്നും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം എന്തക്കൊണ്ടാണ് ഡെബി അബ്രഹാംസിന് സന്ദര്‍ശന അനുമതി നിഷേധിച്ചതെന്ന കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവും അറിയിച്ചു. ദല്‍ഹി വിമാനത്താവളത്തില്‍ അവര്‍ക്ക് നയതന്ത്ര സഹായം നല്‍കിയതായും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

 

Latest News