Sorry, you need to enable JavaScript to visit this website.

കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങൾ

കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രം. കശുമാങ്ങ സിറപ്പ്, ജാം, ചോക്ലേറ്റ്, മിഠായി, ടുട്ടി ഫ്രൂട്ടി, സ്‌ക്വാഷ്, ആർ ടി എസ് പാനീയം, വൈൻ, അച്ചാർ, കശുമാങ്ങ ചട്ണി, ഹൽവ, വിനാഗിരി, ബിസ്‌കറ്റ്, പുളിശ്ശേരി, പച്ച കശുവണ്ടി മസാലക്കറി, കശുമാങ്ങ സോഡാ എന്നിവയാണ് രുചിയേറിയ കശുമാങ്ങ ഉൽപന്നങ്ങൾ.
പറങ്കികൾ അഥവാ പോർച്ചുഗീസുകാർ മലയാളക്കരയിലേക്ക് കൊണ്ടുവന്ന പറങ്കിമാവ് അധിക ചെലവില്ലാതെ പണസഞ്ചി നിറക്കാൻ സഹായിക്കുന്നു. ചേരുമാവ്, പറങ്കിമാവ് എന്നീ പേരുകളിലും കശുമാവ് അറിയപ്പെടുന്നു. 10 വർഷം പ്രായമായ കശുമാവിൽ നിന്നും 10 കിലോ കശുവണ്ടി ലഭിക്കുമ്പോൾ 50 കിലോ കശുമാങ്ങ ആരും ഉപയോഗിക്കാതെ പാഴായി പോകുന്നു. 100 ഗ്രാം കശുമാങ്ങയിൽ 180 മുതൽ 370 മില്ലി ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ധാതുക്കൾ, ലവണങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഇതിൽ നിർജലകരണ ഘടകങ്ങൾ ഉള്ളതിനാൽ കോശങ്ങളുടെ സംരക്ഷണത്തിനും യുവത്വം നിലനിർത്താനും പല ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും കഴിയും.
പക്ഷേ കറയുള്ളതുകൊണ്ട് അധികമാരും ഇത് കഴിക്കാറില്ല. കശുമാങ്ങയുടെ കറ കളയാനും അതിൽ നിന്നും വ്യത്യസ്ത രുചികളുള്ള ഒട്ടേറെ വിഭവങ്ങൾ തയാറാക്കാനുമുള്ള സാങ്കേതിക വിദ്യ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തു. മണ്ണുത്തിക്കടുത്ത് മാടക്കത്തറയിലുള്ള കശുമാവ് ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കശുമാങ്ങ യൂനിറ്റിലാണ് ഈ 16 വ്യത്യസ്ത വിഭവങ്ങൾ ഉൽപാദിപ്പിക്കുന്നത്. കശുമാങ്ങക്ക് ചവർപ്പ് നൽകുന്നത് ടാനിനാണ്. പഴച്ചാറിൽ കഞ്ഞി വെള്ളം ഒഴിച്ചോ ചവ്വരി കുറുക്കി ചേർത്തോ ചവർപ്പ് മാറ്റിയതിന് ശേഷമാണ് ഇരട്ടി മധുരം ചേർത്ത് പൾപ്പ് ഉണ്ടാക്കുന്നത്. ഇതിൽ നിന്നുമാണ് ജാം, ഹൽവ, മിഠായി, ടുട്ടി ഫ്രൂട്ടി, ചട്ണി എന്നിവ ഉണ്ടാക്കുന്നത്. പച്ച കശുമാങ്ങയിൽ നിന്നുമാണ് അച്ചാറുകൾ ഉണ്ടാക്കുന്നത്. കശുമാങ്ങ നീരിൽ നിന്നുമാണ് സിറപ്പ്, സ്‌ക്വാഷ്, ആർ ടി എസ് ഡ്രിങ്ക്, സോഡാ, പുളിക്കാത്ത പഴച്ചാർ, വിനാഗിരി, വൈൻ, വീര്യം കുറഞ്ഞ മദ്യം എന്നിവ തയാറാക്കുന്നത്.
മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിൽ കശുമാവ് വിജ്ഞാന മേള കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 17 വരെയാണ് മേള. ഹോം സ്റ്റഡുകളിൽ കൃഷി ചെയ്യാൻ പറ്റുന്ന നാടൻ കശുമാവിൻ തൈകൾ ഉൽപാദിപ്പിക്കണമെന്നും ഓരോ വീടുകളിലും ഓരോ കശുമാവിൻ തൈ നടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കശുമാങ്ങ ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്ന് വൈൻ ഉൽപാദിപ്പിക്കാൻ പ്ലാന്റേഷൻ കോർപറേഷന് അനുമതി നൽകിയതായും മന്ത്രി പറഞ്ഞു. കേരളം കണ്ട പ്രളയ ദുരന്ത പാഠങ്ങൾ ഉൾക്കൊണ്ട് കശുമാവ് കൃഷിയുടെ ശാസ്ത്രീയ പരിചരണ മുറകളെ കുറിച്ചുള്ള അവബോധം കർഷകരിൽ ഉണ്ടാക്കാനും കശുമാങ്ങ മൂല്യ വർധിത ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള പരിശീലനങ്ങൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, പ്രദർശന മേള എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 

Latest News