Sorry, you need to enable JavaScript to visit this website.

ആപ്പും ചൂലും പൂജ്യപാദരും

മാവോവാദി വേട്ട എന്നൊരു ആചാരമുണ്ട്. ഭാരതീയരെ ഒന്നിപ്പിക്കുന്ന പൗരാണിക സംസ്‌കാരത്തിന്റെ ഭാഗമാണ് സംഗതിയെന്നു ധരിക്കേണ്ട. പണ്ട് രാജകുമാരന്മാർ മൃഗയാ വിനോദത്തിനിറങ്ങിയിരുന്നതു പോലെ വിവിധ സംസ്ഥാനങ്ങളിൽ സമകാലീന പോലീസുകാർ ആചരിക്കുന്ന ഒരു ഏർപ്പാടാണ്. അലനോ, താഹയോ, മറ്റാരോ ആയാലും ഇരയെ പിടിക്കണമെന്നേയുള്ളൂ. എക്കാലവും 'ഏറ്റുമുട്ടലിൽ ചത്തു'വെന്ന് മേലാവിലേക്ക് എഴുതി അയക്കാൻ കഴിയില്ല. വല്ലപ്പോഴും ഇരകളെ ജീവനോടെയും ഹാജരാക്കണം. ഇക്കാര്യത്തിൽ ജാർഖണ്ഡോ ഉത്തരാഖണ്ഡോ, ഒറീസയോ, തെലങ്കാനയോ, കേരളമോ എന്ന വർണ വ്യത്യാസമില്ല. മാവോയിസ്റ്റ് മാവോവാദി തന്നെ. അത് ആരൊക്കെയെന്ന് ഏമാന്മാർ തീരുമാനിക്കും. എന്നാൽ ഈ പതിവ് ആചാരാനുഷ്ഠാനത്തിന് കടക വിരുദ്ധമായാണ് സി.പി.ഐയുടെ പോക്ക്. വല്യേട്ടൻ ചെയ്യുന്നതിനെല്ലാം കൂട്ടുനിൽക്കുമെന്നു കരുതിയതാണ്. പക്ഷേ, അടുത്ത കാലത്തായി ഇളയ സഖാവിന് 'ബുദ്ധിപരമായ ഇളക്കം' ബാധിച്ചിരിക്കുന്നു! 'വയറ്റിനു പോകു'ന്നതു പോലെയല്ല ഈ ഇളക്കം. കേരളത്തിൽനിന്നു പുറപ്പെട്ടാൽ തമിഴ്‌നാട്ടിലും പിന്നെ മഹാരാഷ്ട്രയിലും കോൺഗ്രസുകാരുടെ സൗജന്യം കൊണ്ടു കിട്ടിയ സീറ്റുകളേയുള്ളൂ കാലൂന്നിനിൽക്കാൻ. ഈ വേളയിൽ 'കൊല്ലുന്ന ചേട്ടന് തിന്നുന്ന അനിയൻ' താങ്ങായി നിൽക്കേണ്ടതിനു പകരമാണ് മാവോവാദികളുടെ പേരും പറഞ്ഞ് ഇറങ്ങിനടപ്പും സെക്രട്ടറിയേറ്റ് പടിക്കൽ ചെന്നിരിപ്പും!
കേന്ദ്രത്തിൽ മോഡിയും ഷാജിയുമായത് ഒരു വിധത്തിൽ നന്നായി. കോൺഗ്രസായിരുന്നുവെങ്കിലോ? അനിയൻ സഖാവ് ഇതിനകം കളം മാറ്റി ചവിട്ടുകയില്ലായിരുന്നുവെന്ന് ആരു കണ്ടു? മോഡി - ഷാജിമാരും വല്യേട്ടനുമായി ധാരണയുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു നടക്കുന്നതും 'ഉർവശീശാപം ഉപകാര'മെന്നു പറഞ്ഞതു പോലായി. അനിയൻ ഇത്തിരി ഭയക്കും!

****                            ****                 ****

ദിവസവും 700 ലിറ്റർ കുടിവെള്ളം ഫ്രീ- വൈദ്യുതി ബിൽ നാമമാത്രം. വനിതകൾക്ക് ബസിൽ യാത്ര ഫ്രീ!- ഇതാരാ ഇങ്ങോർ? അവതാര പുരുഷനോ? 'ദൽഹിക്ക് ആവശ്യം പോലെ പണമുണ്ട്. അഴിമതിയില്ലാതെ ഭരിച്ചാൽ മതി' എന്നു പറഞ്ഞ് രാഷ്ട്രീയത്തെ മുഴുവൻ കുഴപ്പത്തിലാക്കുന്നു! ശ്ശെടാ.... വെള്ളം കിട്ടാതെ, കറന്റ് കിട്ടാതെ, റേഷനരി വാങ്ങാൻ കഴിയാതെ, വണ്ടിക്കൂലിക്ക് കാശില്ലാതെ പൊതുജനം വലഞ്ഞാൽ മാത്രമേ സംഘർഷഭരിതമാകൂ, നമുക്കു നയിക്കാനും സുഖമായി വാഴാനും കഴിയൂ എന്ന് ഈ പഴയ റവന്യൂ സർവീസുകാരനായ മഫഌ ധാരിയെ ആരെങ്കിലും ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണേ എന്നാണ് മറ്റു പ്രമുഖ പാർട്ടി നേതാക്കളുടെയെല്ലാം പ്രാർഥന. വല്ലാത്ത ഒരു 'ആപ്പും' അതിനൊരു ചൂലും!

****                            ****                     ****

പണ്ടൊരു വക്കീലുണ്ടായിരുന്നു. ഒരു കേസിന്റെ വിചാരണക്കിടയിൽ തൊണ്ടിമുതലായ വെടിയുണ്ട അടിച്ചുമാറ്റി. കക്ഷി കേസ് ജയിച്ചു. അതോടെ വക്കീലദ്ദേഹത്തിന് നാട്ടുകാരുടെ വകയായി 'ഉണ്ട വിഴുങ്ങി വക്കീൽ' എന്ന ബഹുമതിയും കൽപിച്ചു കൊടുത്തു. പന്തീരായിരത്തിൽപരം വെടിയുണ്ടകളാണ് ഇപ്പോൾ മായാജാലം പോലെ അപ്രത്യക്ഷമായിരിക്കുന്നത്. നിലവിലുള്ള കേസുകളുടെ എണ്ണം കണക്കാക്കിയാൽ ആയിരക്കണക്കിനു പ്രതിഭാഗം വക്കീലന്മാർ അഹോരാത്രം പണിയെടുത്താലേ ഇത്രയധികം 'ഉണ്ട'കളെ അടിച്ചുമാറ്റാൻ കഴിയൂ. അഥവാ, പോലീസ് സ്റ്റേഷനുകളിലും ഗാരേജുകളിലുമുള്ള നിരപരാധികളായ ഉണ്ടകൾക്ക് പുറത്തെ കുറ്റകൃത്യങ്ങളുമായി എന്താണ് ബന്ധം? ഒന്നുമില്ല. അചുംബിത കന്യകകളെപ്പോലെ സ്റ്റോർ മുറിയിൽ കഴിയുന്ന ഇത്തരം വെടിയുണ്ടകൾ കാൺമാനില്ലെന്ന് സി.എ.ജി റിപ്പോർട്ട് ചെയ്യണമെങ്കിൽ ആ മാന്യദേഹത്തിന് 'വെള്ളെഴുത്തി'ന്റെ അസ്‌കിത ഉണ്ടാകണം. അതല്ലെങ്കിൽ കാലാകാലങ്ങളിൽ പരോളിലിറങ്ങി മുങ്ങിയവർ വിഴുങ്ങിയതാകണം. സ്വർണം ഏതെല്ലാം വിധത്തിൽ കടത്തുന്നു! നൂലുപോലെ, അലോപ്പതി ഗുളിക പോലെ, അർശസിനുള്ള ക്രീം പോലെ...... അങ്ങനെയൊക്കെ ഉണ്ടകളും നാടുവിട്ടിരിക്കാം. വേഷ പ്രഛന്നരായി ലാട വൈദ്യന്മാരുടെ രൂപത്തിൽ മാവോയിസ്റ്റുകൾ കടന്നുകയറിയെന്നും നാളെ റിപ്പോർട്ടുണ്ടാകാം. തീവ്രവാദികൾ പലതരമാകയാൽ 'ടാർഗറ്റ് പ്രാക്ടീസി'നായി നല്ല പത്തര മാറ്റ് വെടിയുണ്ടകൾ തന്നെ കടത്തിക്കൊണ്ടുപോയതാകാം. രണ്ടു ബുളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതാണ് മറ്റൊരു ഗുരുതര വീഴ്ച. 'പർച്ചേയ്‌സ് മാന്വൽ' വായിക്കാതെ വാങ്ങി. അത് വായിക്കാതിരുന്നാൽ, തീരും വരെ അടച്ചുവെക്കാൻ തോന്നുകയില്ല.
അത്ര ഉദ്വേഗഭരിതമാണ് ഓരോ അധ്യായവും. കോട്ടയം പുഷ്പനാഥാണോ അവ എഴുതിയതെന്ന് സംശയിച്ചുപോകും. അതിനാൽ വായിച്ചു സമയം കളയാതെ, വാഹന ഇടപാടു നടത്തി. അത്ര തന്നെ. സർക്കാറിന്റെ അനുമതിയില്ലാതെ ക്വാർട്ടേഴ്‌സ് പണിക്ക് ബെഹ്‌റാജി പണം കൈമാറി. ഭരിക്കുന്നതാണ്? പിണറായിയോ അതോ ലോക്‌നാഥ് ബെഹ്‌റയോ എന്ന മുല്ലപ്പള്ളിയുടെ ചോദ്യത്തിന് അതോടെ വ്യക്തമായ ഉത്തരം ലഭിച്ചു. എൻ.ഐ.എ, സി.ബി.ഐ തുടങ്ങിയവർ ദില്ലിയിൽനിന്നു പുറപ്പെട്ടിട്ടുണ്ട്. ഇനി ആർക്കൊക്കെ എതിരായി യു.എ.പി.എ ചുമത്തേണ്ടിവരും എന്നു കണ്ടറിയണം.

****                         ****                       ****


'പൂജ്യപാദർ' എന്ന പദത്തിന് ഒരു കുട്ടി പറഞ്ഞ അർഥം ഇതായിരുന്നു- കാലില്ലാത്തവർ! പാദം കാലിനെയും പൂജ്യം ഇല്ലായ്മയെയും സൂചിപ്പിക്കുന്നു. ദില്ലിയിൽ കഴിഞ്ഞ അഞ്ചു കൊല്ലമായി 'പൂജ്യ പാദരായി' വാഴുകയായിരുന്നു കോൺഗ്രസ്. 2015 ലെ തെരഞ്ഞെടുപ്പിൽ പൂജ്യം സീറ്റ്. 2020 ൽ ഇമ്മിണി ബല്യ പൂജ്യം! തങ്ങളുടെ എല്ലാ വോട്ടുകളും അരവിന്ദ് കെജ്‌രിവാളിനു മറിച്ചുകൊടുത്തതാണ് അതിനു കാരണം. പുറമെ അങ്കത്തട്ടിലിറങ്ങി വീരാളിപ്പട്ട് തലയിൽ കെട്ടി നടന്നപ്പോൾ കുട്ടിക്കളി മാറാത്ത രാഹുലും പ്രിയങ്കയും പലതും പ്രതീക്ഷിച്ചു. പക്ഷേ, മുഖ്യ രക്ഷാധികാരിയായ പി.സി. ചാക്കോച്ചൻ തെരഞ്ഞെടുപ്പു ഫലം അറിയും മുമ്പേ രാജിക്കത്തെഴുതി കവറിലിട്ടു കാത്തിരുന്നു. കഴിഞ്ഞ തവണയും അങ്ങനെ ചെയ്തതാണ്. അന്ന് സോണിയാജി വാങ്ങി നുള്ളിക്കീറി ചവറ്റുകൊട്ടയിലിട്ടു. ഇത്തവണ ഒരു 'സർപ്രൈസ് സീറ്റ്'പ്രതീക്ഷിച്ച ചാക്കോച്ചൻ കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് കേന്ദ്ര ഓഫീസിലേക്കു വെച്ചു പിടിച്ചത്. നാലു ജില്ലാ പ്രസിഡന്റുമാരും മുൻ മന്ത്രിമാരും സ്വന്തം നിലയിൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ചപ്പോഴേ എട്ടു സീറ്റിന്റെ കഥ കഴിഞ്ഞുവെന്ന് ചാക്കോച്ചൻ പറഞ്ഞതാണ്. ആശ്രിത വത്സലരും ഇന്നത്തെ നിലയിൽ ആലംബഹീനരുമായ ഹൈക്കമാന്റ് കുടുംബം അപ്പോൾ ചെവി പൊത്തിക്കളഞ്ഞു. കെജ്‌രിവാളിന്റെ പേരിൽ അരിവാളുള്ളതിനാൽ ഇരു കമ്യൂണിസ്റ്റു പാർട്ടികളും ഓഫീസ് നടയിൽ ആപ്പിന്റെ 'ചൂൽ' പ്രദർശിപ്പിച്ച് വോട്ട് ചോദിച്ചു. അവരെപ്പോലെ ആളില്ലാ പാർട്ടിയല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആശ്വാസമേകുന്ന ഒരു കാര്യമുണ്ട്. പാർട്ടിക്ക് 'കാലുകളി'ല്ല എന്നതു തന്നെ. രണ്ടുപേർ അബദ്ധവശാൽ ജയിച്ചിരുന്നുവെങ്കിൽ നിമിഷങ്ങൾക്കകം രണ്ടു ഗ്രൂപ്പുകളും ഉണ്ടായേനേ. ഒരാൾ മാത്രം ജയിച്ചിരുന്നുവെങ്കിലോ? കാലു മാറാൻ ഏതെല്ലാം നിറങ്ങളിൽ പുതിയ പുതിയ പാർട്ടികൾ! അത്യാഹിതമൊന്നും സംഭവിച്ചില്ല, ആശ്വാസം!
 

Latest News