Sorry, you need to enable JavaScript to visit this website.
Thursday , April   02, 2020
Thursday , April   02, 2020

കോടിയേരി ജ്വലിച്ചു നിന്ന വാർത്താ സമ്മേളനം 

കോടിയേരി ബാലകൃഷ്ണൻ നിറഞ്ഞു കത്തിയ ദിവസമായിരുന്നു ഇന്നലെ. രാവിലെ 11.30 ന് എ.കെ.ജി സെന്ററിലെത്തിയ അദ്ദേഹം പുതിയ മേക്കോവറിലായിരുന്നു. അന്തരിച്ച ഐ.വി ശശി അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഭാഗമാക്കി മാറ്റിയതിനാൽ ഐ.വി ശശി തൊപ്പി എന്ന് ആളുകൾ പേരിട്ടുവിളിക്കുന്ന തൊപ്പി ധരിച്ച്, കൂടുതൽ ഉന്മേഷവാനായി എത്തിയ പാർട്ടി സെക്രട്ടറിയുടെ നിലപാടുകളും അതേ മട്ടിൽ ശക്തമായിരുന്നു. രാഷ്ട്രീയ ശത്രുക്കൾ ആരെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനത്തിൽ ആർ.എസ്.എസിനെ തന്നെ ആ ഗണത്തിൽ മുന്നിൽ നിർത്തിയത് സ്വാഭാവികം.


ആർ.എസ്.എസിനെക്കുറിച്ച് കോടിയേരി പറഞ്ഞ വാക്കുകൾ ഇങ്ങനെ 'ആർ.എസ്.എസും ബി.ജെ.പിയും ഹിന്ദുത്വ പ്രചാരവേലയിലേക്ക് കേന്ദ്രീകരിക്കുമ്പോൾ അതിൽ മുസ്‌ലിം വിരുദ്ധത ശക്തമായി പ്രചരിപ്പിക്കാൻ  ശ്രമിക്കുന്നു. ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തിയാണ് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ധ്രുവീകരണത്തിന് ശ്രമിക്കുന്നത.്' 
തുടർന്ന് മതന്യൂനപക്ഷ വിഭാഗത്തിലെ എതിർപക്ഷത്തെയും നിർണയിച്ചു നിർത്തി. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും. മുസ്‌ലിം സമൂഹത്തിലെ മറ്റൊരു സംഘടനയുമായും ഗ്രൂപ്പുമായും ഒരകൽച്ചയുമില്ല. പൗരത്വ നിയമ വിരുദ്ധ സമരത്തിൽ പാർട്ടിയുമായി പല സ്ഥലത്തും സഹകരിച്ച ഇ.കെ. സുന്നി വിഭാഗത്തോട് പ്രത്യേക താൽപര്യവുമുണ്ട്. ലീഗിന് മാത്രമല്ല, കോൺഗ്രസുകാർക്കും സി.പിഎമ്മിനൊപ്പം സമരത്തിനെത്താം. മതസംഘടനകളായ മുജാഹിദ് വിഭാഗങ്ങളൊക്കെ എല്ലായിടത്തും പാർട്ടിയുമായി സഹകരിച്ചാണ് നീങ്ങുന്നത്.


കോഴിക്കോട്ടെ അലൻ-താഹ പ്രശ്‌നത്തിൽ മലകളിളകി വന്നാലും ഒരു മാറ്റവുമില്ല. അവർ രണ്ടു പേരും മാവോയിസ്റ്റുകളെന്ന് സി.പി.എം സെക്രട്ടറി സങ്കോചമില്ലാതെ തുറന്നു പറഞ്ഞു. അവരെ പുറത്താക്കിക്കഴിഞ്ഞെന്ന വെളിപ്പെടുത്തലും കോടിയേരി നടത്തി. 
സി.പിഎമ്മിലും മവോയിസ്റ്റ് ഗ്രൂപ്പുകളിലും ഒരേ സമയം പ്രവർത്തിച്ചവരാണവർ. മാവോയിസ്റ്റുകളല്ലാത്തവർ മാവോയിസം ജയിക്കട്ടെ എന്ന മുദ്രാവാക്യം വിളിക്കുമോ -അലനും താഹക്കും നിഷ്‌കളങ്ക പരിവേഷം നൽകുന്നവർക്ക് കോടിയേരിയുടെ മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പുറത്തും സ്വീകരിച്ച നിലപാടിൽ നിന്ന് ഒരൽപം പോലും മാറിയില്ല. അലനും താഹക്കുമെതിരായി പാർട്ടി കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനാണെന്ന് വെളിപ്പെടുത്തുക വഴി ഈ വിഷയത്തിൽ മോഹനനുണ്ടായ ചാഞ്ചാട്ട വിവാദവും ഉരുകി ഇല്ലാതായിപ്പോയി. ഉരുകിപ്പോകുന്നു അല്ലേ എന്ന ആ പരസ്യ വാചകമാണ് അലൻ - താഹ വിഷയത്തിൽ പാർട്ടി സെക്രട്ടറിയുടെ ഉറച്ച നിലപാട് കണ്ടപ്പോൾ തോന്നിയത്. യു.ഡി.എഫും ലീഗും മാത്രമല്ല, പ്രാദേശിക പാർട്ടി ഘടകവും കുട്ടികൾക്കൊപ്പമായിരുന്നു. അതെല്ലാം ഇപ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം ഉറച്ചു നിന്ന പാർട്ടി സെക്രട്ടറി തകർത്തു കളഞ്ഞിരിക്കുന്നു. 


എം.എൻ കാരശ്ശേരി, ഡോ. പി.കെ. പോക്കർ എന്നു വേണ്ട സകല ഇടതു ബുദ്ധിജീവികളും തെരുവിലും സെക്രട്ടറിയേറ്റിന് മുന്നിലും സ്‌റ്റേജുകളിലും പേജുകളിലുമെല്ലാം അലൻ - താഹമാർക്കൊപ്പം ഉറച്ചു നിൽക്കുമ്പോഴും പോയി പണി നോക്ക് എന്ന നിലപാടെടുത്ത സി.പി.എം സെക്രട്ടറിയുടെ വാക്കുകൾ വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങളിലേക്ക് പോകുമെന്നുറപ്പ്. ടി.പി വധത്തിന് ശേഷമുള്ള അന്തരീക്ഷമാണ് മലബാറിലെങ്കിലും അലൻ - താഹ വിഷയം  സൃഷ്ടിച്ചിട്ടുള്ളത്. ഇതെല്ലാം മനസ്സിലാക്കിയതുകൊണ്ടായിരിക്കാം സി.പി.എം രാഷ്ട്രീയത്തിൽ ചെറുതല്ലാത്ത സ്വാധീനമുള്ള പി. മോഹനൻ പോലും ഒന്ന് ചാഞ്ചാടിപ്പോയത്. ചാഞ്ചാടാനും ചെരിഞ്ഞാടാനുമൊന്നും താനില്ലെന്ന് കോടിയേരി പിണറായി പക്ഷമായതോടെ അലനും താഹക്കുമായി ഇറങ്ങിത്തിരിച്ചവർ ഇനിയെന്ത് ചെയ്യുമെന്ന് രാഷ്ടീയ കേരളം ഉറ്റുനോക്കുകയാണ്. അലന്റെ വല്യമ്മയും (സജിത മഠത്തിൽ) അമ്മയുമെല്ലാം പാർട്ടി കുടുംബമാണെന്നതൊന്നും നിലപാട് മാറ്റാനുള്ള കാരണമായി മുഖ്യമന്ത്രി കണ്ടില്ല. 
സജിത മഠത്തിലിന് അലൻ വാവയെങ്കിൽ തനിക്കും ഭരണ സംവിധാനത്തിനും അങ്ങനെയല്ലെന്ന് തുടക്കം മുതൽ നിലപാടെടുത്ത പിണറായിയുടെ വാക്കുകൾക്ക്  പാർട്ടി സെക്രട്ടറിയുടെ വലിയൊരു അടിവര. 


രോഗാവസ്ഥയുടെ ഇടവേളയിൽ എത്തിയ കോടിയേരിയുടെ രാഷ്ട്രീയ ഇടപെടൽ കേരള രാഷ്ട്രീയത്തിൽ അടയാളപ്പെടാൻ പോകുന്നത് അങ്ങനെയുമായിരിക്കും. ഒക്ടോബർ 28 നായിരുന്നു ഭാര്യക്കൊപ്പം കോടിയേരി കാൻസർ ചികിത്സക്കായി ഹൂസ്റ്റണിലേക്ക് പോയത്. രോഗമായതിനാൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുമെന്നൊക്കെ വാർത്ത പരന്നതാണ്. അങ്ങനെയൊന്നും സംഭവിച്ചില്ല. അദ്ദേഹം തിരിച്ചുവന്നിരിക്കുന്നു. 
എ.കെ.ജി സെന്ററിനടുത്തുള്ള ഫഌറ്റിലാണ് താമസം. പൊതു ഇടങ്ങളിലെ കൂടുതൽ ഇടപെടലൊന്നും ഉടൻ സാധ്യമാകുമെന്ന് തോന്നുന്നില്ല. അതൊന്നും വേണ്ടെന്ന് അദ്ദേഹത്തോട് കർശനമായി പറഞ്ഞത് മുഖ്യമന്ത്രി തന്നെ. 
ഇന്നലെ നടത്തിയതു പോലുള്ള രാഷ്ട്രീയ ഇടപെടലുകൾ ആവശ്യമുള്ള ഘട്ടങ്ങളിൽ ഇനിയും ശക്തനായി കോടിയേരിയുണ്ടാകും -കനം തൂങ്ങുന്ന അന്തരീക്ഷത്തിലും രാഷ്ട്രീയത്തിലെ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന മുഖമായി.
 

Latest News