Sorry, you need to enable JavaScript to visit this website.
Monday , March   30, 2020
Monday , March   30, 2020

കെജ്‌രിവാളിൽ നിന്ന് പഠിക്കാനുള്ളത്.. 

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഒരു താരോദയമായിരുന്നു കെജ്‌രിവാളിന്റെ രംഗപ്രവേശം. പൗരാണികതയെ ഓർമിപ്പിക്കുന്ന വൈശിഷ്ട്യങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ സമീപനം. പാർട്ടിയുടെ പേരും ചിഹ്നവും കൊടിയും നയനിലപാടുമൊക്കെ അനുപൂരകങ്ങളും. 2012 നവംബറിലാണ് പാർട്ടി രൂപീകരിക്കപ്പെട്ടത്. 2013 ഡിസംബറിൽ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിച്ചു. 28 സീറ്റ് നേടി വെന്നിക്കൊടി പാറിച്ചു. ദൽഹിയുടെ മുഖഛായ മാറ്റിയ, കരുത്തയായ കോൺഗ്രസ് മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയാണ് അന്ന് കെജ്‌രിവാൾ തോൽപിച്ചത്. കോൺഗ്രസിന്റെ സഹായത്തോടു കൂടി കെജ്‌രിവാൾ മുഖ്യമന്തിയായി. ജൻ ലോക്പാൽ ബിൽ കൊണ്ടുവരാൻ മറ്റു പാർട്ടികൾ വിസമ്മതിച്ചതിനാൽ നാൽപത്തൊൻപതാം ദിവസം രാജിവെച്ചു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും മോഡിക്കും ഏക ബദൽ ആപ്പും താനും മാത്രമാണെന്ന് സ്വയം വിശ്വസിച്ച് ഇന്ത്യയിലങ്ങോളമിങ്ങോളം പാർട്ടി മത്സരിക്കുകയും വരണാസിയിൽ മോഡിയെ എതിരിടുകയും ചെയ്തു. പക്ഷേ, ആകെ വോട്ടിന്റെ നാല് ശതമാനമേ ആപ്പിന് കിട്ടിയുള്ളൂ.


2015 ലെ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പക്വതയോടെ കരുക്കൾ നീക്കി. ഏവരെയും ഞെട്ടിച്ചുകൊണ്ട് എഴുപതിൽ അറുപത്തേഴ് സീറ്റുമായി ഗംഭീര തിരിച്ചുവരവ് നടത്തി. ചരിത്രത്തിലാദ്യമായി കോൺഗ്രസ് സംപൂജ്യമായി. മുപ്പത്തൊന്ന് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ലഭിച്ചത് മൂന്ന്. ഇപ്പോഴിതാ മൂന്നാം തവണ, മൂന്ന് പാനിപ്പത്ത് യുദ്ധങ്ങളും വിജയിച്ച് ദൽഹി സുൽത്താനത്തിന്റെ അധിപനായി അരവിന്ദ് കെജ്‌രിവാൾ ചരിത്രം കുറിച്ചിരിക്കുന്നു. എഴുപതിൽ അറുപത്തിരണ്ട്! സീറ്റും 53.57% വോട്ടും നേടിക്കൊണ്ട്. ഒരു സംസ്ഥാന തെരെഞ്ഞെടുപ്പിൽ അമ്പത് ശതമാനത്തിന് മുകളിൽ വോട്ട് ലഭിക്കുന്ന മൂന്നാമത്തെ പാർട്ടിയായി ആപ് രണ്ടാമതൊരിക്കൽ കൂടി ചരിത്രം കുറിച്ചു. 


ദൽഹിയെ ഒരർധ സംസ്ഥാനമെന്നേ പറയാൻ പറ്റൂ. വലിപ്പത്തിൽ കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയോളം വരും -ആയിരത്തഞ്ഞൂറ് ചതുരശ്ര കിലോമീറ്റർ. എന്നാൽ ടോക്കിയോ  കഴിഞ്ഞാൽ ഏറ്റവും ജനനിബിഢമായ ലോക പട്ടണം. മൂന്ന് കോടിയോളം ജനങ്ങൾ. ചതുരശ്ര കിലോമീറ്ററിൽ ഇരുപതിനായിരം പേർ! 1901 ൽ നാല് ലക്ഷവും 1950 ൽ പതിമൂന്ന് ലക്ഷവുമായിരുന്ന ജനസംഖ്യ 2028 ആകുമ്പഴേക്ക് നാല് കോടിക്കടുത്തെത്തുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. അതോടെ ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണവും ദൽഹിയാവും. ഇംഗ്ലീഷിൽ മൂന്ന് 'ജ' കെണ്ടാണ് ദൽഹി അറിയപ്പെടുക: പൊളിറ്റിക്‌സ്, പൊലൂഷൻ, പോപ്പുലേഷൻ.


കെജ്‌രിവാളിന്റെ ജനനം 1968 ഓഗസ്റ്റ് 16 ന് ഹരിയാനയിലെ സിവാനി പട്ടണത്തിൽ. 1989 ൽ ഖരഗ്പുർ ഐ.ഐ.ടിയിൽനിന്നും മെക്കാനിക്കൽ എൻജിനീയർ ബിരുദമെടുത്ത ശേഷം ടാറ്റാ സ്റ്റീലിൽ ഉദ്യോഗസ്ഥനായി.  1992 ൽ സിവിൽ സർവീസ് എഴുതാൻ വേണ്ടി ജോലിയുപേക്ഷിച്ചു. ഇക്കാലത്ത് കൊൽക്കത്തയിൽ മദർ തെരേസയുടെ കൂടെ പ്രവർത്തിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ രാമകൃഷ്ണ മിഷന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സന്നദ്ധ സേവകനായി. 1995 ൽ ദൽഹിയിൽ ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് കമ്മീഷണറായി. രണ്ടായിരത്തിൽ ഉന്നത പഠനാവശ്യാർത്ഥം ശമ്പളത്തോടു കൂടി അവധിയിൽ. 2002 ൽ സർവീസിലേക്ക് തിരിച്ചുവന്നെങ്കിലും ഒന്നര വർഷം എവിടെയും പോസ്റ്റ് ചെയ്തില്ല. വെറുതെ ശമ്പളം പറ്റുന്നതിൽ അതൃപ്തനായ കെജ്‌രിവാൾ ശമ്പളമില്ലാ ലീവെടുത്തു. അവസാനം 2006 ൽ സാമൂഹിക സേവനത്തിന് സ്വയം അർപ്പിച്ചുകൊണ്ട് ഇൻകം ടാക്‌സ് ജോയന്റ് കമ്മീഷണർ സ്ഥാനത്തിരിക്കേ രാജിവെച്ചു.


1999 ലാണ് ദൽഹി കേന്ദ്രീകരിച്ച് മനീഷ്‌സിസോദിയയും കെജ്‌രിവാളും ചേർന്ന് പരിവർത്തൻ എന്നൊരു പ്രസ്ഥാനം തുടങ്ങുന്നത്. 2005 ൽ ഒരു എൻ.ജി.ഒ കൂടി രജിസ്റ്റർ ചെയ്തു. പ്രശസ്ത സൂഫി കവിയായ കബീർ ദാസിന്റെ സ്മരണാർത്ഥം കബീർ എന്നാണ് നാമകരണം ചെയ്തത്. ദൽഹിയിലെ പൊതു വിതരണ സംവിധാനത്തിലെ ക്രമക്കേടുകൾക്കെതിരെയും സാമൂഹിക പ്രാധാന്യമുള്ള മറ്റു വിഷയങ്ങളിലും ശക്തമായി ഇടപെടാൻ തുടങ്ങി. ഇതിന്റെയൊക്കെ ഫലമായി 2001 ൽ ദൽഹിയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നു. അഭിനന്ദൻ സിക്രി, കിരൺ ബേദി, പ്രശാന്ത് ഭൂഷൺ മുതലായ പ്രമുഖർ കബീറിലും പരിവർത്തനിലും പങ്കാളികളായി. അവസാനമത് ഇന്ത്യൻ അഴിമതി വിരുദ്ധ പ്രസ്ഥാനമായി. അണ്ണാ ഹസാരെ തലപ്പത്ത് വന്നു. 2011 ൽ ഹസാരെയും കെജ്‌രിവാളും സംഘവും നയിച്ച, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ജൻ ലോക്പാൽ നടപ്പിലാക്കാനുള്ള പോരാട്ടം ഇന്ത്യ കണ്ട മികച്ച സമരങ്ങളിൽ ഇടം പിടിച്ചു. ഹസാരെയുടെ സത്യഗ്രഹമാണ് കോൺഗ്രസിന്റെ പതനത്തിനും ബി.ജെ.പിയുടെ ഉയിർപ്പിനും വഴിവെട്ടിയത്. എങ്കിലും 2012 ൽ സമരത്തിന്റെ രണ്ടാം ഘട്ടം കെജ്‌രിവാൾ ഏറ്റെടുക്കുകയും അത് ആം ആദ്മി പാർട്ടിയുടെ പിറവിയിലേക്ക് നയിക്കുകയും ചെയ്തു.


2018 ൽ ഇന്ത്യയുടെ എഴുപത് ശതമാനം പ്രദേശങ്ങളും ബി.ജെ.പിയാണ് ഭരിച്ചിരുന്നതെങ്കിൽ ഇന്നത് 35%ത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. മാത്രമല്ല, ഒമ്പത് മാസം മുമ്പ് 56.5% വോട്ടുകൾക്കൊപ്പം ഏഴ് പാർലമെന്റ് സീറ്റുകൾ ബി.ജെ.പി തൂത്തുവാരിയതാണ്. അതുകൊണ്ടു തന്നെ ഇന്ത്യ ഇന്നു വരെ കണ്ടതിൽവെച്ച് അത്യധികം പ്രകോപനപരമായിരുന്നു ബി.ജെ.പി കാമ്പയിൻ. പാക്കിസ്ഥാനെതിരെ, രാജ്യദ്രോഹിയായ കെജ്‌രിവാളിനെതിരെ വോട്ട് തേടിക്കൊണ്ട് ഒരു പ്രധാനമന്ത്രിക്ക് കീഴിൽ ഇരുനൂറിലധികം എം.പിമാരും എഴുപതോളം കേന്ദ്ര മന്ത്രിമാരും പതിനൊന്ന് മുഖ്യമന്ത്രിമാരും കളം നിറഞ്ഞാടിയ തെരഞ്ഞെടുപ്പിനൊടുവിലാണ് ദാരുണമാം വിധം ബി.ജെ.പി അടിയറ പറഞ്ഞിരിക്കുന്നത്. വിജയം ജനങ്ങളുടേതാണ്. പക്ഷേ, ജനപക്ഷത്തുനിന്ന് ഒരാൾ സിംഹാസനത്തിലുണ്ടായിരുന്നതു കൊണ്ടു കൂടിയാണിത്.


യഥാർത്ഥത്തിൽ ഇന്ത്യൻ ജനത ബദലാഗ്രഹിക്കുന്നുണ്ട്. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് അനുകൂലമാണ് ജനം. വിശ്വസിക്കാൻ കൊള്ളാവുന്ന നേതാക്കളെയാണ് അവരാഗ്രഹിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ജനങ്ങളുടെ തീരുമാനമെന്നതിനപ്പുറം ഒരു നേതാവിന്റെ ഔചിത്യ ബോധത്തിന്റെ നിദർശനമാണ്. ആദ്യം സംഭവിച്ചത് അതാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിൽ കെജ്‌രിവാൾ തന്ത്രത്തിന് പ്രസക്തിയുണ്ട് ഇന്ത്യയിൽ. 


കോൺഗ്രസ് നിഷ്‌ക്രിയമായത് ഈ തെരഞ്ഞെടുപ്പിലെ എടുത്തുപറയേണ്ട വഴിത്തിരിവാണ്. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വരെ 22.5% വോട്ടോടു കൂടി രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് നാല് ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് ആപിന് ഒരു ഈസി വാക്കോവർ നൽകി. മറിച്ച് ത്രികോണ മത്സരമായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ ബി.ജെ.പി ഏറെ കാതം സഞ്ചരിച്ചേനേ. ബി.ജെ.പി ഇന്ത്യ ഭരിക്കുന്നത് ഈ യുക്തിക്കകത്ത് നിന്നുകൊണ്ടാണ്. പ്രതിപക്ഷം ഒരു പക്ഷമായാൽ പഴയ ഇന്ത്യ വീണ്ടെടുക്കാനാവും.


ദൽഹി നന്നേ ചെറുതാണ്. എന്നാലത് നൽകുന്ന പാഠം വളരെ വലുതാണ്. കെജ്‌രിവാൾ നിസ്സാരനാണ്; പക്ഷേ, അദ്ദേഹം പഠിപ്പിച്ച പാഠം മഹത്തരമാണ്. അതിശക്തരോ കുശാഗ്ര ബുദ്ധിക്കാരോ ആവണമെന്നില്ല, മറിച്ച് മാറ്റത്തോട് ഏറ്റവും ചുമതലാ ബോധത്തോടെയും സ്ഥൈര്യത്തോടെയും പ്രതികരിക്കുന്നവരാണ് അതിജീവിക്കുകയെന്ന പാഠം. കൂട്ടത്തിൽ ബി.ജെ.പിയോട് പറയാനുള്ളത്, ദയയുള്ള വാക്കുകൾക്ക് വലിയ വിലയുണ്ടാവില്ല; എന്നാലും ആത്യന്തികമായി അവ വളരെയധികം നേട്ടങ്ങൾക്ക് കാരണമാകും. തോറ്റവരും ജയിച്ചവരും ദൽഹിയിൽനിന്ന് പുതിയ ഇന്ത്യയെ കണ്ടെത്തുക.