പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കോടതിയില്‍ ചെരിപ്പേറ്

ബെംഗളുരു- കര്‍ണാടകയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചെരുപ്പേറ്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ആക്രമണം. സംഘപരിവാര്‍ അടക്കമുള്ള വലത് സംഘടനകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചെരിപ്പും ഷൂസും വലിച്ചെറിഞ്ഞത്.

ഭാരത് മാതാ കി ജയ് ,വന്ദേമാതരം എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു അതിക്രമം. കെഎല്‍ഇ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായ താലിബ് മജീദ്, ബാസിദ് ആസിഫ് സോഫി, ആമിര്‍ മുഹിയുദ്ധീന്‍ വാഹി എന്നിവരെയാണ് ഞായറാഴ്ച പോലിസ് അറസ്റ്റ് ചെയ്തത്.

പാക് അനുകൂലമുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന് ആരോപിച്ച് കോളജ് മാനേജ്‌മെന്റാണ് ഇവര്‍ക്കെതിരെ പോലിസിനെ സമീപിച്ചത്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് മൂവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഷോപ്പിയാന്‍ സ്വദേശികളായ ഇവര്‍ പുല്‍വാമ ഭീകരാക്രമണശേഷം ആഘോഷങ്ങള്‍ നടത്തിയതായും ആരോപണമുണ്ട്.

Latest News