Sorry, you need to enable JavaScript to visit this website.

പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം സജീവം 

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലേക്ക് കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായി വിവരം. അടുത്ത മാസങ്ങളില്‍ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് പ്രിയങ്കയെ കൊണ്ടുവരാന്‍ നീക്കം. മുതിര്‍ന്ന നേതാക്കളും രാജ്യസഭ അംഗങ്ങളുമായ അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ്വിജയ് സിങ് എന്നിവരുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കാറായിരിക്കുകയാണ്. ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാനുള്ള ആലോചനകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് അയക്കണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് പ്രിയങ്കക്ക് രാജ്യസഭ സീറ്റ് നല്‍കാന്‍ തയാറാണെന്ന് അറിയിച്ചു. അതേസമയം, കോണ്‍ഗ്രസ് ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയില്‍ നിലനിര്‍ത്താനും ജ്യോതിരാദിത്യ സിന്ധ്യ, കരുണ ശുക്ല, രണ്‍ദീപ് സിംഗ് സുര്‍ജേവാലെ, ഭൂപീന്ദേര്‍ സിംഗ് ഹൂഡ എന്നിവരെയും രാജ്യസഭയിലേക്കയക്കാനും ആലോചനയുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ സഹോദരന്‍ രാഹുല്‍ ഗാന്ധി, അമ്മ സോണിയാ ഗാന്ധി എന്നിവര്‍ ലോക്‌സഭ എംപിമാരാണ്. അതുകൊണ്ട് തന്നെ പ്രിയങ്കാ ഗാന്ധിയെക്കൂടി എംപിയാക്കുന്നത് കൂടുതല്‍ വിമര്‍ശനത്തിനിടയാക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

Latest News