Sorry, you need to enable JavaScript to visit this website.

സമരം ചെയ്യുന്നത് തീവ്രവാദികളായ ബി.ജെ.പിയല്ല; സുരേന്ദ്രന് ഫിറോസിന്റെ മറുപടി

കോഴിക്കോട്- ഷാഹീന്‍ബാഗ് സമരമെന്ന പേരില്‍ കോഴിക്കോട് കടപ്പുറത്ത് തീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ആരോപണത്തിനു മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്.  കടപ്പുറത്ത് പന്തല്‍ കെട്ടാനോ സമരം ചെയ്യാനോ കോര്‍പറേഷന്റെ അനുമതിയില്ലെന്നും അവിടെ നടക്കുന്നതെന്താണെന്ന് പോലീസോ കോര്‍പറേഷനോ അന്വേഷിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.

ഫിറോസിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം

അനുമതി വാങ്ങാതെയാണ് കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് സമരം ചെയ്യുന്നതെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. കടപ്പുറത്തിന്റെ അനുമതി കൊടുക്കുന്ന പോര്‍ട്ട് ഓഫീസറായിട്ടാണ് കെ. സുരേന്ദ്രന്‍ ചുമതലയേറ്റെടുത്തതെന്ന് സത്യമായിട്ടും അറിയില്ലായിരുന്നു. ഞങ്ങള്‍ കരുതിയത് താങ്കളെ ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡണ്ടായിട്ടാണ് പ്രഖ്യാപിച്ചതെന്നാണ്. ഏതായാലും താങ്കളുടെയോ ബി.ജെ.പിയുടെയോ അനുമതി വാങ്ങി സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല.

പിന്നെ തീവ്രവാദികളാണ് സമരം നടത്തുന്നത് എന്ന അഭിപ്രായത്തെ സംബന്ധിച്ച്. സമരം ചെയ്യുന്നത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന തെറ്റിദ്ധാരണയിലായിരിക്കും അദ്ധേഹം അങ്ങിനെ പറഞ്ഞത്. കാരണം കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ പ്രസ്ഥാനം ബി.ജെ.പിയാണ്.

ഇനി അനുമതിയുടെ കാര്യം. നിലവില്‍ എല്ലാ അനുമതിയും വാങ്ങിയിട്ടാണ് യൂത്ത് ലീഗ് സമരം ചെയ്യുന്നത്. എന്ന് കരുതി എല്ലായ്‌പ്പോഴും അനുമതി വാങ്ങി സമരം ചെയ്യണമെന്നുമില്ല. നിയമലംഘനവും സമരമാണെന്ന കാര്യം സുരേന്ദ്രന്‍ അറിയണമെങ്കില്‍ സ്വാതന്ത്ര്യ സമര ചരിത്രത്താളുകള്‍ ഒന്നു മറിച്ചു നോക്കണം. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിന്‍മുറക്കാര്‍ക്ക് അതിനൊക്കെ സമയമുണ്ടാവുമോ ആവോ!?

 

 

Latest News