പ്രണയദിനത്തില്‍ അക്രമം; അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹൈദരാബാദ്- വാലന്റൈന്‍സ് ദിനത്തില്‍ നഗരത്തില്‍ അക്രമം നടത്തി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ അഞ്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രണയദിനത്തില്‍ ഇരുചക്ര വാഹനങ്ങളിലെത്തിയ പതിനഞ്ചോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കാട്ടുപള്ളി പ്രദേശത്തെ ഒരു കട തകര്‍ത്തിരുന്നു.

വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിനെതിരെ രംഗത്തുവന്ന ബജ്‌റംഗ്ദള്‍ സംഘം വിവിധ മാളുകളില്‍ അക്രമം നടത്തുകയും നാശനഷ്ടങ്ങള്‍ വരുത്തകയും ചെയ്തിരുന്നുവെന്ന് പോലീസ് പത്രക്കുറിപ്പില്‍ പറഞ്ഞു. വിവരം അറിഞ്ഞ പോലീസ് മാളിലേക്ക് ഓടിയെത്തിയെങ്കിലും അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

ഇവരില്‍ അഞ്ചുപേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. മറ്റുള്ളവരെയും പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഷോപ്പ് ഉടമകള്‍ നല്‍കിയ പരാതികള്‍ പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ്  രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

 

Latest News