Sorry, you need to enable JavaScript to visit this website.

ആറാമത് ഫാൽക്കൺ ഫെസ്റ്റിന് നാളെ തുറൈഫിൽ തുടക്കം

മത്സരത്തിൽ പങ്കെടുക്കുന്ന ഫാൽക്കണുമായി മത്സരാർഥികൾ.

തുറൈഫ്- സൗദി അറേബ്യയുടെ വിനോദ സഞ്ചാര വകുപ്പും തുറൈഫ് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാൽക്കൺ ഫെസ്റ്റിന്റെ ആറാമത് മത്സരം തിങ്കളാഴ്ച്ച തുറൈഫിൽ ആരംഭിക്കും. മത്സരത്തിൽ സൗദിക്കകത്തും യു എ ഇ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കും. ഫെസ്റ്റിന് വേണ്ടി വൻ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വിശാലാമായ മരുഭൂമിയിൽ അതിഥികൾക്ക് വേണ്ടിയുള്ള സ്വീകരണ മുറി, ഹാൾ, സ്‌റ്റേജ്, പരമ്പരാഗത വസ്തുക്കൾ പ്രദർശിപ്പിക്കുവാനുള്ള സ്റ്റാളുകൾ, കച്ചവട സ്റ്റാളുകൾ, കുട്ടികളുടെ  വിനോദങ്ങൾക്ക് വേണ്ടിയുള്ള ഉപകരണങ്ങൾ തുടങ്ങി മനോഹരമായതും ആകർഷണീയവുമായ തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. ഏഴ് ഇനങ്ങളിലാണ് പ്രധാനമായും മത്സരം നടക്കുക. ഇതോടനുബന്ധിച്ചു വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. കുട്ടികളും സ്ത്രീകളും പങ്കെടുക്കുന്ന വ്യത്യസ്തമായ സാംസ്‌കാരിക പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രാദേശികമായി വർഷം തോറും  തുറൈഫിൽ നടത്തി വരാറുള്ള ഫാൽക്കൺ ഫെസ്റ്റ് കഴിഞ്ഞ ആറ് വർഷമായി അന്തർ ദേശീയ മത്സരമായി മാറിയിരിക്കുകയാണ്. സൗദി ടൂറിസം മന്ത്രാലയം ഇതിന് വേണ്ട സഹായങ്ങളും പിന്തുണയും നൽകി വരുന്നു. ഇത്തവണ ക്യാഷ് അവാർഡിന് പുറമെ പുതിയ ഇനം നിസാൻ ലാൻഡ് ക്രൂയിസർ അടക്കം അഞ്ച് വാഹനങ്ങൾ കൂടിയുണ്ട്. ഫാൽക്കൺ ഫെസ്റ്റ് തുറൈഫിലെ വ്യാപാര വാണിജ്യ രംഗത്തിന് ഉണർവേകും.

 

 

Latest News