ജിദ്ദ- നഗരത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ചൈനീസ് യുവാവ് ജീവനൊടുക്കി. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയാണ് മുപ്പതുകാരൻ ആത്മഹത്യ ചെയ്തത്. കൊറോണ വൈറസ് ബാധിച്ചതായി സംശയിച്ച് ചൈനീസ് യുവാവിനെ ജിദ്ദ ആശുപത്രിയിൽ ഐസൊലേഷനിൽ കിടത്തി ചികിത്സിച്ചുവരികയായിരുന്നെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ജിദ്ദ കിംഗ് ഫഹദ് ആശുപത്രി ഐസൊലേഷൻ വാർഡിൽ നിന്നാണ് ചൈനീസ് യുവാവ് താഴേക്ക് ചാടി മരിച്ചതെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാൾ ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രി വിദ്യാർഥിയാണ്. എട്ടു മാസമായി ചൈനീസ് വിദ്യാർഥി സൗദിയിലുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ റെഡ് ക്രസന്റ് ആംബുലൻസിലാണ് വിദ്യാർഥിയെ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ചത്. കൊറോണ വൈറസ് ബാധയാണെന്ന് സംശയിച്ച് പരിശോധനാ ഫലങ്ങൾ വരുന്നതു വരെ വിദ്യാർഥിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെയാണ് പരിശോധനാ ഫലങ്ങൾ ലഭിച്ചത്. വിദ്യാർഥിക്ക് കൊറോണ ബാധിച്ചിട്ടില്ലെന്ന് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കി.
ആരോഗ്യ മാനദണ്ഡങ്ങൾ പ്രകാരം പൂർണമായും അടച്ച ഐസൊലേഷൻ വാർഡിലാണ് വിദ്യാർഥിയെ കിടത്തിയിരുന്നത്. മുറിയിലെ ജനലിന്റെ സുരക്ഷാ ബട്ടൻ നീക്കം ചെയ്ത് വിദ്യാർഥി താഴേക്ക് ചാടുകയായിരുന്നു.






