കാസർകോട് - സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനെ കോടതി രണ്ട് വകുപ്പുകളിലായി 15 വർഷം കഠിന തടവിനും 35,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
നീർച്ചാൽ മല്ലടുക്ക വീട്ടിലെ ബാലമുരളി (32) യെയാണ് ജില്ലാ അഡീഷണൽ സെഷൻസ്(ഒന്ന്) കോടതി ജഡ്ജി പി.എസ് ശശികുമാർ ശിക്ഷിച്ചത്. പ്രതിയെ കഴിഞ്ഞ ദിവസം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. ലൈംഗിക പീഡനത്തിന് 10 വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.
പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. പോക്സോ നിയമപ്രകാരം അഞ്ച് വർഷം കഠിന തടവിനും 10,000 രൂപ പിഴയടയ്ക്കാനും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറു മാസം തടവനുഭവിക്കണം. 2012-13 അധ്യയന വർഷത്തിലാണ് കേസിനാസ്പദമായ സംഭവം. കാസർകോട് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലുള്ള വിദ്യാർത്ഥിനികളെ ബാലമുരളി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എസ്.ഐ ടി.പി സുധയാണ് ഈ കേസിൽ അന്വേഷണം നടത്തിയത്. പിന്നീട് എസ്.ഐ ടി.പി ജേക്കബ് അന്വേഷണം പൂർത്തിയാക്കിയ ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കേസിൽ 26 സാക്ഷികളെ കോടതി വിസ്തരിച്ചു. 32 രേഖകൾ പരിശോധിച്ചു.