മന്ത്രി തോമസ് ചാണ്ടിയും പി.വി അൻവർ എം.എൽ.എയും നടത്തിയ നിയമലംഘനങ്ങൾക്കെതിരെ വി.ടി ബൽറാം നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം
നമുക്ക് മുന്നേറാം സർക്കാർ ഒപ്പമുണ്ട്. ശരിയാണ്, സർക്കാർ മോഹൻ ഭഗവതിനൊപ്പമുണ്ട്. രവിപിള്ളക്കൊപ്പമുണ്ട്. മൂന്നാർ കയ്യേറ്റക്കാർക്കൊപ്പമുണ്ട്. സ്വാശ്രയ കോളേജ് മുതലാളിമാർക്കൊപ്പമുണ്ട്. ഈ നാടിനെ വിഴുങ്ങുന്ന എല്ലാ ബ്ലൂവെയ്‌ലുകൾക്കുമൊപ്പം ഈ സർക്കാറുണ്ട്. പ്രകോപിതനായ ബഹുമാനപ്പെട്ട മന്ത്രി തോമസ് ചാണ്ടിക്കൊപ്പവും ഈ സർക്കാറുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. പി.വി അൻവറിനൊപ്പവും ഈ സർക്കാറുണ്ട്. ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്കൊപ്പം ഈ സർക്കാറുണ്ടോ എന്നുമാത്രമാണ് ഞങ്ങൾ ചോദിക്കാനാഗ്രഹിക്കുന്നത്.
അധികാരത്തിൽ വന്ന് ആദ്യത്തെ 100 ദിവസത്തിനകമാണ് ഈ ഗവൺമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മന്ത്രിക്ക് അഴിമതിക്കേസിൽ, സ്വജനപക്ഷപാത കേസിൽ അധികാര ദുർവിനിയോഗക്കേസിൽ രാജിവെച്ചു പുറത്തു പോകേണ്ടി വന്നത്. ബഹുമാന്യനായ ഇ.പി ജയരാജന് ലഭിക്കാത്ത നീതി, ഇ.പി ജയരാജന് ഇല്ലാത്ത സ്വാധീനം എങ്ങനെയാണ് ഇപ്പോഴത്തെ ഒരു മന്ത്രിക്കുണ്ടായത് എന്ന് മുഖ്യമന്ത്രി അടക്കമുള്ള ആളുകൾ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുട്ടനാട്ടിലെ ലേക്ക്പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. അദ്ദേഹം അപ്രസക്തമായ ഒരുപാട് കാര്യങ്ങളിലേക്കാണ് പോയത്. ഒരുപാട് കണക്കുകൾ പറഞ്ഞു. ഒട്ടേറെ തിയ്യതികൾ പറഞ്ഞു. പക്ഷെ പ്രസക്തമായ കാര്യം മാത്രം അദ്ദേഹം മറച്ചു വെച്ചു. ആ പ്രസക്തമായ കാര്യം എന്ന് പറയുന്നത്, ഇവിടെ ഒരു മന്ത്രി, 15 വർഷമായി എം.എൽ.എ ആയിരിക്കുന്ന ഒരു വ്യക്തി, അദ്ദേഹത്തിന്റെ സ്വന്തം ബിസിനസ് താല്പര്യങ്ങൾക്ക് വേണ്ടി പൊതുഖജനാവിനെ കൊള്ളയടിക്കുന്നു എന്നുള്ളതാണ്. അദ്ദേഹത്തിന്റെ റിസോർട്ടിലേക്ക് റോഡുണ്ടാക്കുക എന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണ്. അത് മറച്ചുവെക്കാൻ വേണ്ടി സാങ്കേതികത്വങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ല.
ലേക്ക്പാലസ് റിസോർട്ടിലേക്ക് കായലിലൂടെ മാത്രമാണ് ആദ്യം പ്രവേശനമുണ്ടായിരുന്നത്. പിന്നീട് പാടം നികത്തി റോഡ് ഉണ്ടാക്കിയിരിക്കുകയാണ്. ഒരു കിലോമീറ്റർ അപ്പുറത്ത് എട്ടു കുടുംബങ്ങളുണ്ട്. അവരെ ചൂണ്ടിക്കാണിച്ചാണ് ഈ റോഡുണ്ടാക്കുന്നത്. പക്ഷെ ഈ വലിയകുളം-സീറോ ജെട്ടി റോഡിന്റെ പ്രധാനപ്പെട്ട ഗുണഭോക്താവ് ആരാണ്. റിസോർട്ടാണ് പ്രധാനപ്പെട്ട ഗുണഭോക്താവ്. ആകെ 982 മീറ്റർ ആണ് ഇതിന് നീളം വേണ്ടത്. അതിൽ 410 മീറ്ററിലാണ് ഈ റിസോർട്ട് നിൽക്കുന്നത്. ആ റിസോർട്ട് അവസാനിക്കുന്നിടത്ത് ഈ റോഡും അവസാനിക്കുന്നു. അതിനപ്പുറത്തേക്ക് റോഡില്ല. മണ്ണിട്ട് കിടക്കുകയാണ്. അവിടേക്ക് ചെയ്യാൻ ഗവൺമെന്റ് ഇല്ല. ഭരണ സംവിധാനങ്ങളില്ല.
ഞാൻ ഇവിടെ നേരത്തെ ഫണ്ട് കൊടുത്ത എം.പിമാരെ കുറ്റം പറയുന്നില്ല. ജനപ്രതിനിധികൾ വരുമ്പോൾ, ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കൾ വരുമ്പോൾ അവർക്ക് കൊടുക്കേണ്ടി വരും. രാജ്യസഭ എം.പിമാർക്ക് ഒരു മണ്ഡലമില്ല. കേരളത്തിലെ പല ഭാഗങ്ങളിൽനിന്നുള്ളവർ വരുമ്പോൾ അവർ ചെറിയ ചെറിയ ഫണ്ടുകൾ കൊടുക്കും. എല്ലാ ഭാഗത്തുമുള്ള എം.പിമാരും ഇങ്ങിനെ ചെയ്യാറുണ്ട്.
ബഹുമാന്യനായ സ്ഥലം എം.എൽ.എ, ജി. സുധാകരനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം അവിടെയുള്ള ആളായത് കൊണ്ട് ഇതിന്റെ ഉദ്ദേശശുദ്ധി കൃത്യമായി മനസ്സിലായി. അതുകൊണ്ടദ്ദേഹം പറഞ്ഞു. ഞാൻ തരില്ല. വാർഡ് കൗൺസിലറുടെ കത്തുമായിട്ടുവരാൻ നിർദ്ദേശിച്ചു. അവിടത്തെ വാർഡ് കൗൺസിലർ രതി സുരേഷ് കഴിഞ്ഞ ദിവസം ചാനലിൽ പറഞ്ഞു. ഞാൻ പറഞ്ഞത് ഈ റോഡേ അല്ല. കാരണം, ഈ റോഡല്ല ആവശ്യം, ഇതിന്റെ തൊട്ടപ്പുറത്തു ഔട്ട്‌പോസ്റ്റ്-വാണിയംകുളം റോഡെന്ന് പറഞ്ഞു വേറൊരു റോഡുണ്ട്. അവിടെ 600 മീറ്റർ മാത്രം പുതിയ റോഡ് ഉണ്ടാക്കിയാൽ മതി. 250 വീട്ടുകാർക്ക് പ്രയോജനം കിട്ടും. ആലപ്പുഴ നഗരസഭയിലെ സി.പി.എം കൗൺസിലർ ജയപ്രസാദ് ഇന്നലെ ഒരു ചാനൽ ചർച്ചയിൽ വന്നു പറഞ്ഞു. ഒരു കാരണവശാലും ഈ റോഡ് ഗവൺമെന്റ് ഏറ്റെടുക്കേണ്ടതല്ല എന്ന്.
അധികാര ദുർവിനിയോഗം നടത്തി ഇതുപോലുള്ള പദ്ധതികൾ അടിച്ചുമാറ്റുകയാണ്. ശക്തമായ പ്രതിഷേധം ആ നാട്ടിലെ സി.പിഎം കൗൺസിലർമാർക്കടക്കം നിലനിൽക്കെയാണ് ഇതിനെ ന്യായീകരിച്ചു ഗവൺമെന്റ് മുന്നോട്ട് പോകുന്നത്. അഞ്ചു ഘട്ടങ്ങളിലായിട്ടാണ് റോഡുനിർമാണം നടത്തിയത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അഞ്ചുഘട്ടങ്ങളിലായി അഞ്ചുലക്ഷത്തിന്റെ വർക്ക് നടത്തിയാൽ ടെൻഡർ ചെയ്യണ്ട. കൺവീനർ വർക്കായിട്ട് നടത്താം. ആരാണ് അവിടെ കൺവീനറാകേണ്ടത്. അവിടുത്തെ താമസക്കാരനാവണം. ഇവിടെ ആരാണ് കൺവീനർ. ജിജി എന്ന് പറയുന്ന വ്യക്തി. എത്രയോ ദൂരെ താമസിക്കുന്നയാൾ. ആ വ്യക്തിയാണ് ഈ റോഡിന്റെ മുഴുവൻ കൺവീനറാവുന്നത്. ജിജി എന്ന് പറയുന്നയാൾ ബഹുമാന്യനായ തോമസ്ചാണ്ടിയുടെ ജീവനക്കാരനാണ്.
അയാളെ വിളിച്ചു ബിനാമി വർക്ക് നടത്തുകയാണ്. സീറോ ജെട്ടി വരെ മൂന്നര മീറ്റർ മാത്രമാണ് റോഡിന്റെ വീതി. അതിനു ശേഷം റിസോർട്ടിന്റെ ഭാഗത്തു 7 മീറ്റർ 8 മീറ്റർ ടാർ ചെയ്തിരിക്കുകയാണ്. റിസോർട്ടിലേക്ക് ആളുകൾ വരുന്നതിനുവേണ്ടിയാണ് ഇരട്ടിവീതി. ഇങ്ങനെയുള്ള കുറെ ക്രമക്കേടുകളാണ് ഇതുമായി ബന്ധപ്പെട്ട നടന്നിരിക്കുന്നത്.
ബൽറാമിന്റെ പ്രസംഗം; വീഡിയോ കാണാം.
ഇത്തരത്തിലുള്ള അധാർമികത നിലനിൽക്കുകയാണ്. അധികാര ദുർവിനിയോഗം നടത്തുകയാണ്. ഇതിന് പുറമെ, നിയമ ലംഘനങ്ങളുമുണ്ട്. ഇത് ധാർമിക പ്രശ്‌നം മാത്രമല്ല. നിയമ ലംഘനങ്ങളുമുണ്ട്. ആലപ്പുഴയില ജില്ലാ കല്കടറടക്കം റവന്യൂ ഉദ്യഗസ്ഥന്മാർ കുറെ കാലങ്ങളായി ഈ നിലയിൽ തോമസ് ചാണ്ടിയുടെ ബിസിനസ് താല്പര്യങ്ങൾക്ക് കുടപിടിക്കുന്ന ആളുകളാണ് എന്നതിനെ കുറിച്ചുള്ള വാർത്തകളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കായൽ കയ്യേറിയിരിക്കുന്നതിന്റെ വിഷ്വൽസ് കാണുകയാണ്. കായലിനകത്ത് ഫ്‌ളോട്ടിങ് ആയിട്ടുള്ള വേലികളിട്ടുകൊണ്ട് (പൊങ്ങിക്കിടക്കുന്ന)കായൽ കയ്യേറിയിരിക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥർ തന്നെയാണ് ഇതിന് ഉപദേശം നൽകുന്നത്. സ്ഥിരനിർമ്മാണം നടത്തിയാൽ പ്രശ്‌നമാകുമെന്ന് പറഞ്ഞ് ഇങ്ങിനെയങ്ങിനെ വളച്ചുകെട്ട് എന്നുപറഞ്ഞു ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്തുകൊടുക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
പാടം നികത്തി പാർക്കിംഗ് സൗകര്യം ഉണ്ടാക്കുന്നു. വെള്ളം ഒഴിഞ്ഞു പോകുന്ന ചാല്. അതിന്റെ ഒരു ഭാഗം മാത്രം കല്ലുവെച്ചു് കെട്ടുന്നു. പത്തിരുപത് മീറ്ററപ്പുറത്ത് വീണ്ടും കെട്ടുന്നു. ഇതിനിടയിലുള്ള സ്ഥലം മുഴുവൻ തൂർത്ത് ഈ റിസോർട്ടിന്റെ പാർക്കിങ് ഏരിയ ആക്കി മാറ്റുന്നു. ഇതുപോലെയുള്ള നിയമ ലംഘനങ്ങളാണ് നടക്കുന്നത്. ദേശിയ ജലപാതക്ക് മണ്ണുനീക്കാൻ വേണ്ടി ഡ്രഡ്ജിംഗ് നടത്തി. ആ മണ്ണ് താത്കാലികമായി നിക്ഷേപിക്കാൻ പ്രദേശത്തുള്ള അഞ്ചു പേരുടെ സമ്മതപത്രം വാങ്ങി. എന്നിട്ട് അവിടെ നിക്ഷേപിക്കാതെ എത്രയോ ദൂരെയുള്ള മാത്യു ജോസഫ് എന്നയാളുടെ ഏതാണ്ട് ഒന്നരയേക്കർ പാടത്താണ് മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്‌തോമസ് ചാണ്ടിയുടെ പാർട്ണറാണ് . മാത്യു ജോസഫ്. ഈ റിസോർട്ടിന്റെ പാർട്ണർ ആണ്. അദ്ദേഹത്തിന്റെ ഒന്നരയേക്കർ വിസ്തൃതിയുള്ള പാടത്തു മണ്ണിടുന്നു. സർക്കാർ മുതലാണ് എന്നാണവിടെ തഹസിൽദാർ ബോർഡ് വെച്ചിരിക്കുന്നത്.
ആ മണ്ണ് അവിടെനിന്ന് എടുത്തുകൊണ്ട് പോകണമെങ്കിൽ 36 ലക്ഷം രൂപ വാല്യൂവേഷ്യൻ ഇടുകയാണ്. ഈ 36 ലക്ഷം രൂപക്ക് ആരെങ്കിലും കൊണ്ടുപോകുമോ. ആരും കൊണ്ടുപോകരുത്. ആ മണ്ണ് അവിടെ കിടക്കണം. ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ പാടം ഒറ്റയടിക്ക് കരഭൂമിയായി മാറും. ഇതാണ് എല്ലാ
അധികാരവുമുപയോഗിച്ചുകൊണ്ട് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് നേരെ കണ്ണടക്കാനാകില്ല.
ഈ മന്ത്രി അധികാരസ്ഥാനത്ത് തുടർന്നാൽ തെളിവുകളെല്ലാം നശിപ്പിക്കപ്പെടും. ഇന്നലെ ആലപ്പുഴ നഗരസഭാ സെക്രട്ടറിയുടെ ഓഫീസിൽനിന്ന് 32 ഫയലുകൾ കാണാനില്ല. ലേക്ക്പാലസ് റിസോർട്ടുമായി ബന്ധപ്പെട്ടതിന്റെ ബിൽഡിംഗ് പെർമിറ്റുകളാണ്. ചാനൽ ചർച്ചയിൽ തോമസ് കെ തോമസ് എന്ന മന്ത്രിയുടെ സഹോദരൻ പറയുന്നു. ഒരു ഫയലും പോയിട്ടില്ല. അതാതിന്റെ സ്ഥാനത്തുണ്ട് എന്ന്. മന്ത്രിയുടെ സഹോദരനാണ് ഇങ്ങിനെ പറയുന്നത്. പരാതികൊടുത്ത ആളെ മന്ത്രിയുടെ സഹോദരൻ വിളിച്ചു ഭീഷണിപ്പെടുത്തുന്നു. നിനക്കൊക്കെ വലിയ പൊട്ടീര് കിട്ടാത്തതിന്റെ കുറവാണെന്ന് ഭീഷണിപ്പെടുത്തുന്നു. അതിന്റെ ഓഡിയോ ക്ലിപ്പുകൾ ചാനലുകൾ പുറത്തുവിട്ടിരിക്കുകയാണ്. അധികാരമുപയോഗിച്ച്, തന്റെ സഹോദരൻ മന്ത്രിയാണെന്നുള്ള സാധ്യത ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്കെതിരെ നെടുമുടി പോലീസിനെക്കൊണ്ട് ഇന്ന് രാത്രി തന്നെ പിടിപ്പിക്കും, അറസ്റ്റ് ചെയ്യിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇങ്ങനെപോയാൽ കുട്ടനാടുതന്നെ കാണാനില്ലാത്ത അവസ്ഥയാകും. മന്ത്രി വലിയ സത്യസന്ധനായി പറയുന്നു. ഏതു അന്വേഷണവുമാവാം എന്ന്. സി ബി ഐ അന്വേഷിക്കട്ടെ ഐ.ബി അന്വേഷിക്കട്ടെ. ഐ.ബി എന്നതിന്റെ ഫുൾ ഫോം അറിയുമോ. ഇന്റലിജിൻസ് ബ്യുറോ ആണ്. നിങ്ങളുടെ ഈ കേസ് അന്വേഷിക്കുന്ന പണിയല്ല ഐ.ബിക്കുള്ളത്. കേന്ദ്ര ഏജൻസിക്കു കൈമാറി സംസ്ഥാന സർക്കാർ ന്യായമായി നടത്തേണ്ട അന്വേഷണം അട്ടിമറിച്ചു വർഷങ്ങളോളം ഈ സ്ഥാനത്ത് കടിച്ചു തൂങ്ങാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് കാണാൻ സാധിക്കുന്നത്. മന്ത്രിയുടെ പാർട്ടിക്ക് മന്ത്രിയെ വേണ്ട. എൻ.സി.പിയുടെ എട്ട് ജില്ലാ കമ്മിറ്റികൾ മന്ത്രിക്കെതിരെ പ്രമേയം പാസ്സാക്കി കഴിഞ്ഞു. എൻ.വൈ.സി സംസ്ഥാന ക്യാമ്പിൽ മന്ത്രി രാജിവെക്കണം എന്ന് പ്രമേയം പാസാക്കി. ഈ മന്ത്രി അപമാനമാണെന്നും രാജിവെക്കണമെന്നും എൻ.വൈ.സിയുടെ സംസ്ഥാന നേതാവ് ആവശ്യപ്പെടുന്നു.
ബഹുമാന്യനായ എ കെ ശശീന്ദ്രന്റെ രാജി എങ്ങനെയാണുണ്ടായത്. എങ്ങനെയാണ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ മരണമുണ്ടായത്. ഒരു പൊതുമേഖലാ സ്ഥാപനത്തിലെ തലപ്പത്തു ഈ ഗവൺമെന്റ് വെച്ചിരിക്കുന്ന, മന്ത്രിയുടെ ഏറ്റവും ഇഷ്ടക്കാരനായിട്ടിട്ടുള്ള സുൾഫിക്കർ മയൂരി എന്ന വ്യക്തി എങ്ങനെയാണ് ഉഴവൂർ വിജയനെ ഭീഷണിപ്പെടുത്തിയത്. ഓഡിയോ പുറത്തു വന്നിരിക്കയാണ്. ഉഴവൂർ വിജയൻ എന്റെ സ്ഥാനാരോഹണം നീട്ടിവെക്കാൻ ശ്രമിച്ചു എന്ന് മന്ത്രി കുവൈത്തിൽ വെച്ച് പൊതുപരിപാടിയിൽ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടിട്ടാണ് എന്നെ മന്ത്രിയാക്കിയതും എന്നും മന്ത്രി വ്യക്തമാക്കി. എന്താണ് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രിക്ക് ഇത്രമാത്രം കടപ്പാട്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യം എന്താണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഞങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്.
നിലമ്പൂരിലെ പ്രശ്‌നം വേറിട്ട വിഷയമല്ല. ഇതിന്റെ തുടർച്ചയാണ്. രണ്ടുസ്ഥലത്താണെന്നു മാത്രം. പ്രശ്‌നമൊന്നാണ്. പി.വി അൻവറിന്റെ നേതൃത്വത്തിലുള്ള പി.വി നാച്യുറൽ പാർക്കിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഉണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ആ സ്ഥലത്ത് പോകുക പോലും ചെയ്യാതെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് പാർക്കിന് അനുമതി നൽകിയിരിക്കുന്നത്. ഇത് വെച്ചാണ് പഞ്ചായത്തിൽനിന്ന് അനുമതി വാങ്ങിയത്. ആദ്യം 1400 ലേറെ സ്‌ക്വയർമീറ്ററിന് വേണ്ടിയുള്ള നിർമാണത്തിന് ബിൽഡിംഗ് പെർമിറ്റ് അപേക്ഷ നൽകുന്നു: 1000 സ്‌ക്വയർ മീറ്ററിലധികമാണെങ്കിൽ ചീഫ് ടൗൺ പ്ലാനറുടെ അനുമതി വാങ്ങണം. എന്നാൽ അനുമതി കിട്ടാതെ തന്നെ നിർമാണം നടത്തുന്നു. ആ നിർമ്മാണം മുഴുവൻ പഞ്ചായത്ത് പിന്നീട് ക്രമവത്കരിച്ചു. 9950 രൂപ പിഴ ഈടാക്കിയാണ് അനധികൃത നിർമാണം കൂടരഞ്ഞി പഞ്ചായത്ത് ക്രമവത്കരിച്ചത്. അങ്ങിനെ ക്രമവത്കരിക്കാൻ പറ്റില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടർ പറയുന്നു. ബിൽഡിങ് റൂൾസിൽ ക്രമക്കേട് ഉണ്ടങ്കിൽ പിഴ ഈടാക്കുക എന്ന ഒരു മാർഗമേ ഇല്ലെന്നാണ് കലക്ടറുടെ അഭിപ്രായം. അനധികൃത നിർമാണത്തെ മറികടക്കുന്നതിന് വേണ്ടി ആയിരം സ്‌ക്വയർ മീറ്ററിൽ താഴെയാക്കി, 995 സ്‌ക്വയർ മീറ്ററാക്കി റിവേഴ്‌സ് പ്ലാൻ കൊടുക്കുന്നു. അമ്യൂസ്‌മെന്റ് പാർക്കുണ്ടാക്കുന്നു. 50 രൂപ ടിക്കറ്റ് ഈടാക്കുന്നു. ഇതിനൊന്നും പഞ്ചായത്തിന്റെ അനുമതിയില്ല. ഇതെല്ലം കഴിഞ്ഞിട്ടാണ് പഞ്ചായത്തിന്റെ അനുമതി കൊടുക്കുന്നത്. എന്നാൽ അതിനു ഫയർഫോഴ്‌സിന്റെയോ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ എൻ ഒ സി ലഭിച്ചില്ല. ഇതൊന്നും ഇല്ലാതെ ഫൈൻ ഈടാക്കിക്കൊണ്ട് ക്രമവത്കരിക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് നടത്തിയത്. ഇത്രമാത്രം നിയമലംഘനം നടത്താനുള്ള കരുത്ത് പഞ്ചായത്തിന് ഉണ്ടാകുന്നത് എങ്ങനെയാണ്. ഒരു ഭരണകക്ഷി എം.എൽ.എ യാണ് അതിന്റെ ഗുണഭോക്താവ് എന്നത് കൊണ്ടാണിത്‌യ. മാത്രമല്ല, മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ആളുമാണ്. അതുകൊണ്ടാണ് പഞ്ചായത്ത് പേടിക്കുന്നത്.
ഇങ്ങനെ അനവധി നിയമ ലംഘനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ സി പി ഐ അടക്കമുള്ള പാർട്ടികളുണ്ട്. കാര്യമറിയുന്ന നേതാക്കളുണ്ട്. മന്ത്രിമാരൊന്നും ഇതിനെക്കുറിച്ചു അറിയില്ലെന്നാണ് പറയുന്നത്. ഈ ഗവൺമെന്റിന്റെ തുടക്കത്തിൽ ഒരു പ്രഖ്യാപനമുണ്ടായിരുന്നു. ഞങ്ങൾ ധാർമികത ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് എന്ന്. ഇങ്ങനെയാണോ ധാർമികത ഉയർത്തിപിടിക്കേണ്ടത്. ഒരുഭാഗത്ത് മന്ത്രി, മറ്റൊരു ഭാഗത്ത് എം.എൽ.എ.
കഴിഞ്ഞ വി.എസ് സർക്കാരിന്റെ കാലത്തു പുറത്തുനിന്നുള്ള സ്വാധീനം ആ ഗവൺമെന്റിന് മേൽ ഉണ്ടായിരുന്നു എന്നതാണ് ആക്ഷേപിക്കപ്പെട്ടിരുന്നത്. അന്നത്തെ പാർട്ടി നേതാക്കളുടെ താല്പര്യ പ്രകാരമായിരുന്നു ഇത്തരത്തിലുള്ള പലകാര്യങ്ങളും നടന്നത്. എന്നാൽ ഇപ്പോൾ ഗവൺമെന്റിന് പുറത്തുനിന്നല്ല, അകത്തുനിന്നാണ് ഈ ഭരണകൂടത്തെ നിയന്ത്രിച്ചു മുന്നോട്ട് കൊണ്ടുപോകുന്നത്. മന്ത്രിമാരും ഭരണകക്ഷി എം എൽ എ മാരുമാണ് മുഖ്യമന്ത്രി പറഞ്ഞ അവതാരങ്ങൾ. കുട്ടനാട് വഴി കൂടരഞ്ഞി വരെ കേരളത്തെ കൊള്ളയടിക്കുന്ന ഒരു സംഘമായി ഈ ഭരണകൂടം മാറിയിരിക്കുന്നു. അതുകൊണ്ട് ഈ ഭരണകൂടത്തിന്റെ തണലിൽ മാഫിയ സംസ്‌കാരം വളർത്തി മുന്നോട്ട് പോകുന്ന, എല്ലാ നിയമങ്ങളെയും ലംഘിച്ചുകൊണ്ട് സ്വാർത്ഥ ബിസിനസ് താല്പര്യങ്ങളുമായി മുന്നോട്ട് പോകുന്ന, ഭരണകക്ഷി അംഗങ്ങളെ ഈ ഗവൺമെന്റിന്റെ അവതാരങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അവരെ നിലക്കുനിർത്തണം. ബന്ധപ്പെട്ടയാളുകളെ അധികാരസ്ഥാനത്ത്‌നിന്ന് മാറ്റിനിർത്തണം എന്നും ആവശ്യപ്പെടുന്നു.