Sorry, you need to enable JavaScript to visit this website.

പൗരത്വബില്ലിനെതിരെ കനിമൊഴി

കേരള ലിറ്റററി പോസ്റ്റ് അഥവാ കേരളസാഹിത്യ ഉത്സവം എല്ലാ വർഷവും സാഹിത്യ ലോകത്തിന്റെ ഒരു ആഘോഷമാണ്. ഇത്തവണത്തെ ഉത്സവത്തിൽ പല പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് കോഴിക്കോട് ശ്രദ്ധേയമായി. തസ്്‌ലീമ നസ്്‌റിൻ മുതൽ ശശി തരൂർ വരെയുള്ളവർ എത്തിയിരുന്നുവെങ്കിലും ഏറെ ശ്രദ്ധയാകർഷിച്ചത് തമിഴ്‌നാട്ടിൽനിന്നുള്ള എം.പി കനിമൊഴിയുടെ സാന്നിധ്യമായിരുന്നു. മുമ്പ് രാജ്യസഭയിൽ അംഗമായിരുന്ന ഇവരിപ്പോൾ തൂത്തുക്കുടിയിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. കനിമൊഴി എത്തിയത് രാഷ്ട്രീയക്കാരിയായിട്ടല്ലെങ്കിലും അവരുടെ രാഷ്ട്രീയ വീക്ഷണങ്ങൾ സ്വാഭാവികമായും സാഹിത്യ വേദിയിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. തമിഴ്ഭാഷ പോലെ തന്നെ ഇംഗ്ലീഷും അവർ അനായാസേന കൈകാര്യം ചെയ്യുന്നത് നിറഞ്ഞ സദസ്സിന് കൗതുകമായിരുന്നു. സാഹിത്യമേഖലയിൽ കനിമൊഴി ചില്ലറക്കാരിയല്ലെന്ന് മലയാളത്തിന് ബോധ്യമായി. അവരുടെ ചില പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടന്നിട്ടുണ്ട്. കലയേയും സാഹിത്യത്തെയും സമന്വയിപ്പിച്ച് കൊണ്ട് രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന  കനിമൊഴി തന്റെ പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കലാ-സാഹിത്യ മേഖലകളിൽ സജീവമായിരുന്നു. തമിഴ് ഉത്സവമായ പൊങ്കൽ ആഘോഷത്തോടൊപ്പം നടക്കാറുള്ള സാംസ്‌കാരിക ചെന്നൈ സംഗമത്തിന് 2007ൽ നേതൃത്വം നല്കിയത് അവരായിരുന്നു. പ്രസിദ്ധ ഇംഗ്ലീഷ് പത്രമായ 'ഹിന്ദു'വിന്റെ സഹപത്രാധിപരായി അവർ ജോലിചെയ്തത് അധികമാരും അറിഞ്ഞിരിക്കയില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിണിയാണവർ. തമിഴ് രാഷ്ട്രീയത്തിലെ മുടി ചൂടാമന്നനായിരുന്ന എം.കരുണാനിധിയുടെ മകൾ എന്ന നിലയിലുള്ള സ്വാധീനം വളരെ വലുതാണെങ്കിലും തന്റേതായ വ്യക്തിത്വം കനിമൊഴി ഊട്ടിഉറപ്പിച്ചിട്ടുണ്ട്. കരുണാനിധിയുടെ സാഹിത്യ പിൻഗാമിയായി അവർ വാഴ്ത്തപ്പെടുന്നുണ്ട്. ഒരു പക്ഷെ രാഷ്ട്രീയത്തെക്കാളും സാഹിത്യവുംകലയും,സാംസ്‌കാരികവും അവരുടെ ഇഷ്ടവിനോദമാണെന്ന് തോന്നുന്നു. തമിഴകത്തെ സാഹിത്യകാരിയെന്ന നിലയിൽ തമിഴ് വാരികയായ 'കുങ്കുമ'ത്തിന്റെ പത്രാധിപയായി അവർ പ്രവർത്തിച്ചിട്ടുണ്ട്. സിങ്കപ്പൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'തമിഴ് മുറസു' ദിനപത്രത്തിന്റെ പ്രധാന കോളമിസ്റ്റ് കനിമൊഴിയാണ്. സ്ത്രീ ശാക്തീകരണം അവരുടെ ഇഷ്ടവിഷയമാണ്. പത്രപ്രവർത്തനരംഗത്തെ അവരുടെ സാന്നിധ്യവും സേവനങ്ങളും തമിഴ് രാഷ്്ട്രീയത്തെവല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കുടുംബ ചാനൽ ആയ 'കലൈഞ്ജർ ടി.വി'യുടെ ഡയറക്ടർമാരിൽ അവരും ഉണ്ട്. തമിഴ് സാഹിത്യത്തിലെ ഒരു വിസ്മയമായിരുന്നു മുത്തുവേൽ കരുണാനിധി. രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിന്റെ ആധാരം അദ്ദേഹത്തിന്റെ സാഹിത്യ ചാതുര്യമായിരുന്നു. സാമാന്യവിദ്യാഭ്യാസമേ ഉള്ളൂ എങ്കിലും രണ്ട് സർവ്വകലാശാലകൾ അദ്ദേഹത്തെ 'ഡോക്ടറേറ്റ്' നൽകി ആദരിച്ചിട്ടുണ്ട്. അണ്ണാമല സർവ്വകലാശാലയും, മധുര-കാമരാജ് സർവ്വകലാശാലയും. സിനിമയുടെ തിരക്കഥ എഴുതിയാണ് അദ്ദേഹം പ്രസിദ്ധമായത്. രാഷ്ട്രീയ സ്വഭാവമുള്ള സിനിമകൾ നിർമ്മിച്ച് ജനസ്വാധീനം നേടി. ദ്രാവിഡ സംസ്‌കാരത്തിന്റെ മേന്മ ഘോഷിച്ച് തമിഴ്മക്കളെ കയ്യിലെടുത്തു. മതനിഷേധിയായിരുന്നുവെങ്കിലും മുസ്്‌ലിം സമൂഹത്തോട് വളരെയേറെ സൗഹൃദം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി സ്വതന്ത്ര ദ്രാവിഡനോട് വാദം ഉന്നയിച്ച കാലത്ത്‌പോലും മുസ്്‌ലിം ലീഗ് അദ്ദേഹവുമായി സഹകരിച്ചിരുന്നു. 'യാരൻ-യെ-മില്ലത്ത്' (മുസ്്‌ലിം സമുദായത്തിന്റെ സുഹൃത്ത്) എന്ന ബഹുമതി നല്കി അദ്ദേഹം ആദരിക്കപ്പെടുന്നു. കരുണാനിധിക്ക് മൂന്ന് ഭാര്യമാരും ആറ് മക്കളുമാണ് ഉണ്ടായിരുന്നത്. 1966-ൽ വിവാഹം ചെയ്ത രാജാത്തി അമ്മാൾ ആണ് കനിമൊഴിക്ക് ജന്മം നല്കിയത്. ദയാലു അമ്മാൾ ആയിരുന്നു ആദ്യഭാര്യ. രാഷ്ട്രീയ പിൻഗാമിയും ഉപമുഖ്യമന്ത്രിയും ആയിരുന്ന സ്റ്റാലിന്റെ അമ്മയാണിവർ. പത്മാവതി അമ്മാൾ എന്ന മൂന്നാം ഭാര്യയും കരുണാനിധിക്കുണ്ടായിരുന്നുവെങ്കിലും ആറുപേരിൽ ഏറ്റവും പ്രസിദ്ധർ സ്റ്റാലിനും കനിമൊഴിയുമാണ്. സിങ്കപ്പൂരിലെ തമിഴ് എഴുത്തുകാരനായ അരവിന്ദനിൽ കനിമൊഴിക്ക് ഒരു മകനുണ്ട്-ആദിത്യ. ഇതവരുടെ രണ്ടാം ഭർത്താവാണ്. ശിവകാശിയിലെ വ്യാപാരി അതി ബൻബോസ് ആയിരുന്നു ആദ്യ ഭർത്താവ്. എട്ട് വർഷത്തിന് ശേഷം മോചനം നേടി.കേരളത്തിലെ പൗരത്വബിൽ വിരുദ്ധ പ്രക്ഷോഭം കത്തി നിൽക്കുമ്പോഴാണ് കനിമൊഴിയുടെ വരവ്. കേരളത്തിലുടനീളമുള്ള പല വേദികളിലും അവർ ബില്ലിനെതിരായി പ്രസംഗിച്ചു. സാധാരണയായി തമിഴ്‌നാട്ടിൽ നിന്നുള്ള രാഷ്ട്രീയക്കാർ കേരളത്തിൽ വരുമ്പോൾ തമിഴിലാണ് സംസാരിക്കാറെങ്കിലും ശുദ്ധമായ ഇംഗ്ലീഷിലാണ് കനിമൊഴി സംസാരിച്ചത്. താൻ തമിഴ് സംസാരിച്ചാൽ മലയാളികൾക്ക് മനസ്സിലാകുമെന്ന് അറിയാമെങ്കിലും കേരളത്തിലെ വിദ്യാസമ്പന്നരായ സദസ്സുകളിൽ അന്താരാഷ്ട്ര ഭാഷ തന്നെയാവട്ടെ എന്ന് അവർ തീരുമാനിക്കുകയായിരുന്നു. മലയാളം കേട്ടാൽ മനസ്സിലാകുമെന്ന് അവർ വെളിപ്പെടുത്തി. കോഴിക്കോട് വളരെ കാലം ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമാണെന്ന് പറഞ്ഞപ്പോൾ അവർ പുഞ്ചിരിച്ചു. രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് അവരുമായുള്ള ഹ്രസ്വ സംഭാഷണത്തിൽ ബോധ്യമായി. ആവേശത്തള്ളിച്ചയിൽ സംസാരിക്കാതെ യാഥാർത്ഥ്യബോധത്തോടും മര്യാദയോടും, വിവേകത്തോടുമാണ് അവർ കാര്യങ്ങൾ വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ അണ്ണാ ഡി.എം.കെ സർക്കാർ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണെന്നതിൽ അവർക്ക് പരിഭവമുണ്ട്. ജയലളിത ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. പൗരത്വബില്ലിനെ എതിർക്കുമായിരുന്നു. തുറന്ന് പറയാൻ കനിമൊഴിക്ക് മടി ഉണ്ടായില്ല. അത് പോലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഇത്രയും വലിയ പരാജയം ഏറ്റ് വാങ്ങേണ്ടി വന്നത് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതായിരുന്നു. കോൺഗ്രസിലെ തന്നെ പലർക്കും അതിൽ എതിർപ്പുണ്ടായിരുന്നു. സഖ്യ കക്ഷികളിൽ തന്റെ ഡി.എം.കെ പാർട്ടി മാത്രമാണ് അതിനെ അനുകൂലിച്ചത്. തന്റെ അർധ സഹോദരൻ സ്റ്റാലിന് അക്കാര്യത്തിൽ പിഴവ് പറ്റിയോ എന്ന് പറയാൻ കഴിയില്ല. രാഷ്ട്രീയത്തിൽ പലതും പരിഗണിക്കേണ്ടി വരും. എല്ലാം വ്യക്തമായി തന്നെ അവർ പറഞ്ഞു. കരുണാനിധിയുടെ മക്കൾ എന്ന നിലയിലല്ലേ നിങ്ങളുടെ ഒക്കെ രാഷ്ട്രീയ സ്വാധീനം എന്ന് ചോദിച്ചപ്പോൾ ഒന്നും മറച്ച് വെക്കാതെ അതെ എന്ന് അവർ മറുപടി നൽകി. രാഷ്ട്രീയത്തിൽ കുടുംബപാരമ്പര്യവും, പിന്തുടർച്ചയും എല്ലായിടത്തും എല്ലാ പാർട്ടിയിലും ഉണ്ട്. അത് ഒരു ചവിട്ട് പടി മാത്രമായിരിക്കും. കഴിവ് തെളിയിച്ചാലേ പിടിച്ച് നില്ക്കാൻ കഴിയൂ. ജനങ്ങളുടെ അംഗീകാരമില്ലാതെ ഒരു നേതാവിനും വിജയിക്കാനാവില്ല. ടുജി സ്‌പെക്ട്രം അഴിമതിയിൽ കനിമൊഴി കുറച്ച് കാലം ജയിലിൽ ആയിരുന്നു. അന്നത്തെ ടെലികോം മന്ത്രി പാർട്ടിയിലെ എ. രാജയായിരുന്നു. 'കലൈഞ്ജർ ടിവി' യുമായി ബന്ധപ്പെട്ടായിരുന്നു കേസ്. കനിമൊഴിക്ക് ഇരുപത്ശതമാനം ഷെയർ മാത്രമേ ഉള്ളൂ. അറുപത് ശതമാനം ഷെയറും വലിയമ്മ ദയാലു അമ്മാളിന്റെ പേരിലാണ് (കരുണാനിധിയുടെ ഒന്നാം ഭാര്യ). ചാനലിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അഴിമതി ഒന്നും അറിഞ്ഞില്ലെന്നും കോടതിയിൽ വാദിച്ചാണ് അവർ തലയൂരിയത്.
 

Latest News