Sorry, you need to enable JavaScript to visit this website.
Tuesday , April   07, 2020
Tuesday , April   07, 2020

അമിത് ഷായുടെ കുമ്പസാരവും ട്രംപിന്റെ വരവും 

ഡൽഹി തെരഞ്ഞെടുപ്പു തോൽവിയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ കുമ്പസാരം മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. വിദ്വേഷപ്രസംഗമാണ് ബി.ജെ.പിയെ തോൽപ്പിച്ചതെന്ന പ്രസ്താവന ഉള്ളിൽ തട്ടിയുള്ളതോ സ്വയം വിമർശനപരമോ അല്ല.  ഒരു ചാനൽ ഉടമ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ പാർട്ടിയുടെയും തന്റേയും മുഖം രക്ഷിക്കാൻ നടത്തിയ ശ്രമമെന്നുമാത്രം.
അധികാരത്തിലെത്തിക്കഴിഞ്ഞെന്ന വ്യാമോഹം തകർന്ന് തളർന്നുവീണുപോയ ഡൽഹിയിലെ പാർട്ടിപ്രവർത്തകരേയും അനുഭാവികളേയും സാന്ത്വനിപ്പിക്കാൻകൂടിയാണ് അമിത് ഷാ വിദ്വേഷപ്രചാരണത്തെ തള്ളിപ്പറഞ്ഞത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇപ്പോൾ ഡൽഹിയിൽ നടന്നതടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒന്നിനൊന്നു വെല്ലുന്ന വിദ്വേഷ പ്രചാരണമാണ് ബി.ജെ.പി നടത്തിപ്പോന്നത്. തോക്കെടുക്കാനും വെടിയുതിർക്കാനും ആഹ്വാനം ചെയ്തിരുന്നില്ലെന്നതൊഴിച്ചാൽ. പാർട്ടി അധ്യക്ഷനെന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലും പാർട്ടിയുടെയും  സർക്കാരിന്റെയും സർവ സംവിധാനങ്ങളും കയ്യിലെടുത്ത് വെറുപ്പിന്റെയും ധ്രുവീകരണത്തിന്റെയും അജണ്ടയൊരുക്കി നാടിളക്കി വോട്ടുപിടിച്ചത് അമിത് ഷാ നേരിട്ടായിരുന്നു. ഈ മിടുക്കിനെ പ്രധാനമന്ത്രി മോഡി മുതൽ ബി.ജെ.പി നേതൃത്വമാകെയും രാജ്യത്തെ മുഖ്യമാധ്യമങ്ങളും പ്രകീർത്തിച്ചു പോന്നതാണ്.
എന്നാൽ ആ മിടുക്കിന്റെയും ഇനി പിന്നോട്ടു നോക്കാനില്ലെന്ന മട്ടിൽ കേന്ദ്രത്തിൽ ഭരണം ഉറപ്പിച്ചതിന്റെയും പിൻബലത്തിൽ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതും എന്തു വിലകൊടുത്തും  നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതും അമിത് ഷാ തന്നെയാണ്. അതിനുള്ള ജനഹിത പരിശോധനയ്ക്കുള്ള അവസരമായാണ് ഡൽഹി തെരഞ്ഞെടുപ്പിനെ ഉപയോഗിക്കാൻ ശ്രമിച്ചതും. തെരഞ്ഞെടുപ്പിനെ ഇന്ത്യ - പാക് മത്സരമായി വിശേഷിപ്പിച്ചതും നിയമത്തിനെതിരെ സമരം ചെയ്യുന്നവർ ഒറ്റുകാരാണെന്നും അവരെ  വെടിവെക്കൂ എന്നും ആഹ്വാനം ചെയ്തത് തെരഞ്ഞെടുപ്പു റാലികളിലാണ്. വെടിവെപ്പുണ്ടാകുകയും വോട്ടെണ്ണൽ ദിവസം ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. 
ഒരു മാസത്തോളം നീണ്ടുനിന്ന ഈ വിദ്വേഷ  പ്രചാരണത്തിനിടെ അതിനെതിരെ അമിത് ഷാ ഒരക്ഷരം ഉരിയാടിയിട്ടില്ല. അമിത് ഷാ ഇപ്പോൾ പറയുന്ന പാർട്ടി പ്രത്യയശാസ്ത്ര പ്രചാരണമെന്നത് ഈ വിദ്വേഷപ്രചാരണം തന്നെയാണെന്ന് അദ്ദേഹം അംഗീകരിക്കുകയായിരുന്നു. 
അങ്ങനെയൊരു കുമ്പസാരംകൊണ്ട് അവസാനിപ്പിക്കാൻ കഴിയുന്നതല്ല അദ്ദേഹത്തിന്റെതന്നെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്വേഷപ്രചാരണം. ഡൽഹി സംസ്ഥാനം ഭരിക്കുന്നത് ആം ആദ്മി പാർട്ടിയാണെങ്കിലും ക്രമസമാധാനം കൈകാര്യംചെയ്യുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അമിത് ഷായും അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസുമാണ്. ജെ.എൻ.യു, ജാമിയാ മിലിയ തുടങ്ങിയ സർവ്വകലാശാലകളിലും ഷഹീൻ ബാഗ് തുടങ്ങി സ്ത്രീകൾ നേരിട്ടു സമരം നടത്തുന്ന മറ്റു കേന്ദ്രങ്ങളിലും പ്രതിഷേധക്കാർക്കെതിരെ സംഘ് പരിവാറിന്റെ  വ്യാപകമായ ആക്രമണങ്ങളും വെടിവെപ്പും നടന്നു. അത് തടയുന്നതിനുപകരം കാഴ്ചക്കാരായോ അക്രമികൾക്ക് കൂട്ടുനിൽക്കുന്നവരായോ ആണ് അമിത് ഷായുടെ പൊലീസ് പ്രവർത്തിച്ചത്. ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നതിലും അന്വേഷണം നടത്തുന്നതിലും അക്രമികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരുന്നതിലും വലിയ വീഴ്ചയാണ് പോലീസ് വരുത്തിയത്.അതെല്ലാം മറച്ചുവെച്ച് വിദ്വേഷപ്രസംഗത്തെ കുറ്റപ്പെടുത്തുന്നതിനെന്തർത്ഥം? നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമൊപ്പം കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായിരിക്കുന്ന ഒരു വിദ്വാനാണ് രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലാൻ ആഹ്വാനംചെയ്തത്. ആ മന്ത്രിക്കെതിരെ കലാപത്തിനും കൊലയ്ക്കും കേസെടുത്ത് നിയമത്തിനുമുമ്പിൽ കൊണ്ടുവരുന്നതിന് നേതൃത്വം നൽകേണ്ട ഭരണാധികാരിയാണ് അമിത് ഷാ. 
തന്റെ കണക്കുകൂട്ടലുകൾ തെറ്റി എന്ന് സമ്മതിക്കുന്ന അമിത് ഷാ ജയവും പരാജയവും പതിവുള്ളതാണെന്ന് ന്യായീകരിക്കുന്നു. അഭിപ്രായ സർവ്വേകളെയും എക്‌സിറ്റ് പോളുകളെയും തള്ളിപ്പറഞ്ഞ അമിത് ഷാ വോട്ടെണ്ണിക്കഴിയുമ്പോൾ യഥാർത്ഥ ഫലം വരുമെന്നും 70ൽ  45 സീറ്റെങ്കിലും നേടി  ബി.ജെ.പി അധികാരത്തിൽ വരുമെന്നും ഉറപ്പുപറഞ്ഞിരുന്നു.
എ.എ.പിയുമായി നേരിട്ട് ബി.ജെ.പി മത്സരിക്കേണ്ടിവന്നതാണ് തോൽവിക്കു കാരണമെന്ന് ഇപ്പോൾ ബി.ജെ.പി കണ്ടെത്തുന്നു. ഡൽഹിയിലെ എഴുപതു മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുകയും പല മണ്ഡലങ്ങളിലും മറ്റു പ്രതിപക്ഷ പാർട്ടികൾ ജനവിധി തേടുകയും ചെയ്തിരുന്നു. എന്നാൽ ജനങ്ങൾ കൂട്ടത്തോടെ വിജയസാധ്യതയുള്ള ആം ആദ്മി പാർട്ടിയിലേക്ക് ഒഴുകുകയായിരുന്നു എന്നാണ് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ബി.ജെ.പിക്കും ബോധ്യപ്പെട്ടത്. 
ഇതെങ്ങനെ സംഭവിച്ചു?  ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനാണ് മത്സരിക്കുന്നതെന്നു പറയുന്ന അമിത് ഷാ  ബി.ജെ.പി മുന്നോട്ടുവെച്ച ഹിന്ദുത്വ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായി ഉയർന്ന വികാരമാണ് ഇതെന്ന് എങ്ങനെ കാണാതെ പോകും. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവും അതിനെതിരായ പ്രത്യയശാസ്ത്രവും തമ്മിലാണല്ലോ ഡൽഹിയിൽ ഏറ്റുമുട്ടിയത്. ഇതാണ് ജനങ്ങളെ പാർട്ടിയിൽനിന്നകറ്റി ആം ആദ്മി പാർട്ടിയിലേക്ക് അടുപ്പിച്ചതെന്ന് അംഗീകരിക്കാൻ അമിത് ഷായും ബി.ജെ.പിയും തയാറില്ല എന്നതാണ് പ്രശ്‌നം. ജനങ്ങൾക്കിടയിൽ വിദ്വേഷവും ധ്രുവീകരണവും സൃഷ്ടിക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം എന്നതുതന്നെയാണ് ഇതിനു കാരണം. ഡൽഹി തെരഞ്ഞെടുപ്പിനിടയ്ക്കാണ് പാർട്ടിയുടെ അധ്യക്ഷപദം ജെ.പി നദ്ദയ്ക്ക് കൈമാറിയത്. എന്നിട്ടും തെരഞ്ഞെടുപ്പിന്റെ സംഘടനാ ചുമതല വോട്ടെണ്ണുംവരെ ഷായുടെ കൈയിലായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുകയും എക്‌സിറ്റ്‌പോൾ ഫലം പുറത്തുവരികയും ചെയ്തപ്പോൾ അടുത്ത മണിക്കൂറിൽതന്നെ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരായ ഏഴ് പാർലമെന്റംഗങ്ങളുടേയും പാർട്ടി സംസ്ഥാന  ഭാരവാഹികളുടെയും അടിയന്തരയോഗം അമിത് ഷാ  വിളിച്ചുചേർത്തു. ഈ വിദ്വേഷ പ്രസംഗങ്ങൾ പാർട്ടിയെ ഡൽഹിയിൽ അധികാരത്തിൽ എത്തിക്കുമെന്നാണ്  അമിത് ഷാ വിലയിരുത്തിയത്. കണക്കുകൂട്ടൽ തെറ്റിയെന്ന് ഇപ്പോൾ പറഞ്ഞതുകൊണ്ടെന്തുകാര്യം. പൗരത്വനിയമം കൊണ്ടുവന്നതിനുശേഷം ജാർഖണ്ഡിലും ഹരിയാനയിലുമാണ് ആദ്യം നിയമസഭാ തെരഞ്ഞെടുപ്പു നടന്നത്. ജാർഖണ്ഡ് കൈവിട്ടു. ഹരിയാനയിൽ ഭൂരിപക്ഷം പോയി. ഏച്ചുകൂട്ടിയ ഭരണമാണിപ്പോൾ.  പൗരത്വ നിയമത്തിനെതിരായി രാജ്യത്താകെ ഉയർന്ന പ്രതിഷേധ രാഷ്ട്രീയമാണ് മൂന്നിടത്തും ബി.ജെ.പിയെ തോൽപ്പിച്ചതെന്ന് വായിച്ചെടുക്കാൻ അമിത് ഷാ തയാറില്ല. ജനവിധി പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരല്ലെന്ന് അമിത് ഷാ തുടർന്നും പറയുന്നത് ആരെ വിശ്വസിപ്പിക്കാനാണ്.
പുതിയ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച തോൽവി വിലയിരുത്താൻ വിവിധ തലങ്ങളിൽ യോഗം ചേർന്നിട്ടുണ്ട്. പാർട്ടിയുടെ നയങ്ങൾ രൂപപ്പെടുത്തുകയും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഭരണം നയിക്കുകയും ചെയ്യുന്ന തന്റെ വ്യക്തിപരമായ വീഴ്ചയല്ല തെരഞ്ഞെടുപ്പു പരാജയമെന്നുകൂടിയാണ് അമിത് ഷാ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. 
ഈ തെരഞ്ഞെടുപ്പു തോൽവികൾ ബി.ജെ.പിക്കകത്ത് ഇതുവരെ നിലനിന്ന മോഡി - അമിത് ഷാ കൂട്ടുകെട്ട് അകൽച്ചയിലേക്കും തകർച്ചയിലേക്കും നീങ്ങുന്നതിന്റെ തുടക്കമാണ്. പാർട്ടി അധ്യക്ഷൻ നദ്ദ മറ്റൊരു അധികാരകേന്ദ്രമായി വരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും തമ്മിലുള്ള വൈരുദ്ധ്യം കൂടുതൽ പ്രകടവും സങ്കീർണവുമാകുന്നതിലേക്ക് ഡൽഹി പരാജയം തീർച്ചയായും വഴിവെക്കും.
*** *** ***
ഡൽഹിയിൽ ബി.ജെ.പി  ഏറ്റുവാങ്ങിയ തോൽവി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കേറ്റ രാഷ്ട്രീയ തിരിച്ചടിയായാണ് അമേരിക്കൻ മാധ്യമങ്ങളടക്കം വിലയിരുത്തിയത്.  മോഡിയുടെ പ്രതിച്ഛായ തിരിച്ചുകൊണ്ടുവരാൻ സാക്ഷാൽ യു.എസ് പ്രസിഡന്റ് ട്രംപിനെതന്നെ മോഡി വിളിപ്പിച്ചിരിക്കയാണ്. ഡൽഹിയിലും ഗുജറാത്തിലും  മാത്രമായാണ് ട്രംപിന്റെയും കുടുംബത്തിന്റെയും സന്ദർശനം ഒതുക്കിയിട്ടുള്ളത്.  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാർ പരസ്പര ധാരണയോടെ ഈ സന്ദർശനവേളയിൽ ഒപ്പുവെക്കാനുള്ള സാധ്യതയും പെട്ടെന്ന് അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഹൗദിമോദിയിൽ ചെന്ന് ട്രംപിനെ പ്രകീർത്തിച്ചപോലെ ഇന്ത്യയിലെത്തി  മോഡിയുടെ രാഷ്ട്രീയ പ്രതിച്ഛായ ഉയർത്താൻ ട്രംപും കാര്യമായ പ്രകടനങ്ങൾ നടത്തിയേക്കും. 
അഹമ്മദാബാദ് നഗരത്തിലെത്തുന്ന യു.എസ് പ്രസിഡന്റിന്റെ ദൃഷ്ടിയിൽനിന്ന് വഴിയിലെ ചേരികളുടെ കാഴ്ച മറച്ചുപിടിക്കാൻ വൻ മതിലുകൾ പണിയുന്നുണ്ട്. വികസനത്തിന് ഇന്ത്യയ്ക്ക് മാതൃകയാണെന്നു പറഞ്ഞ ഗുജറാത്തിലേക്ക് മോഡി ട്രംപിനെയുമായി പോകുമ്പോൾ.
ട്രംപിനോടൊപ്പം ഡൽഹിയിലെത്തുന്ന ആയുധ വ്യാപാരികളുടെയും വ്യാപാര കുത്തകകളുടെയും താല്പര്യങ്ങൾക്ക്  രാജ്യത്തെ എത്രകണ്ട് വിട്ടുകൊടുക്കും എന്നതാണ് യഥാർത്ഥപ്രശ്‌നം. കാർഷികോൽപന്നങ്ങൾ അമേരിക്കയിൽനിന്ന് കൂടുതൽ ഇറക്കാനുള്ള കരാർ, ആയുധങ്ങൾ ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങൾ - ഇതിലൊക്കെ  എന്തെല്ലാം വിട്ടുവീഴ്ച ചെയ്യുമെന്ന് കാണാനിരിക്കുന്നു. 
*** *** ***
സി.എ.ജി എന്ന കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഭരണതല നടത്തിപ്പ് സൂക്ഷ്മമായി വിലയിരുത്താനും വഴിവിട്ട പോക്ക് നിയന്ത്രിക്കാനുമുള്ള ഭരണഘടനാ സ്ഥാപനമാണ്. കേരളത്തിലെ പൊലീസ് വകുപ്പിനു മാത്രമല്ല അതിന്റെ മേധാവിയായ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെയും ശക്തമായ ആരോപണങ്ങളുമായി  സി.എ.ജി റിപ്പോർട്ട്.  ഇതെല്ലാം പറയേണ്ടിടത്ത് പറഞ്ഞുകൊള്ളാം എന്ന നിലപാടാണ് സംസ്ഥാന മുഖ്യമന്ത്രി സ്വീകരിച്ചത്. പക്ഷെ, വിശ്വസ്തനും അഭ്യുദയകാംക്ഷിയുമായ വിനീതവിധേയൻ ഡി.ജി.പി ബെഹ്‌റയെ മുഖ്യമന്ത്രി നേരിൽ വിളിപ്പിച്ചു. രേഖാമൂലം മറുപടിയും തേടിയെന്നാണ് വാർത്ത.  ഡി.ജി.പി ഗവർണറെയും കണ്ടു. തലസ്ഥാന നഗരിയിലെ ഒരു പത്രസുഹൃത്ത് പറഞ്ഞതിങ്ങനെ: ഡി.ജി.പി ബെഹ്‌റ എന്നുപറഞ്ഞാൽ ഡയറക്ടർ ജനറൽ പർച്ചേയ്‌സ് എന്നാണ് തലസ്ഥാനത്ത് അറിയപ്പെടുന്നത്. അടുത്തമാസം ലണ്ടനിൽ ബ്രിട്ടീഷ് അന്താരാഷ്ട്ര വ്യാപാര മന്ത്രാലയം സംഘടിപ്പിക്കുന്ന ഒരു പ്രദർശനത്തിലേക്ക് ബെഹ്‌റയെ അയക്കുന്നതായി മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ് അറിയിക്കുന്നു.   പ്രദർശനത്തിലെ മുഖ്യ പരിപാടി വാങ്ങൽ എങ്ങനെ എന്നതുതന്നെയാണ്.
പിണറായി പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ് വൈദ്യുതി വകുപ്പ് ഭരിച്ചതിന്റെ ഭാഗമായ സി.എ.ജി റിപ്പോർട്ട് വന്നത്. ലാവ്‌ലിൻ കേസിൽ പ്രതിയായത്. ആ കേസ് സുപ്രിംകോടതിയിൽ ഇപ്പോഴും തൂങ്ങിക്കിടപ്പുണ്ട്. അതുമായി ബന്ധപ്പെട്ട പാലമാണ് ഡി.ജി.പി ബെഹ്‌റയെന്നാണ് കഴിഞ്ഞദിവസം ചാനലിൽ ബി.ജെ.പി വക്താവ് പറഞ്ഞത്. 
മുഖ്യമന്ത്രി ഇപ്പോൾ കൈകാര്യംചെയ്യുന്ന പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഇനിയും കത്തിപ്പടരാനിടയുള്ളതാണ് ഈ സി.എ.ജി റിപ്പോർട്ട്.   മുഖ്യമന്ത്രിയുടെ പൊലീസ് നയവും മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന രമൺ ശ്രീവാസ്തവ, ബഹ്‌റ തുടങ്ങിയ മുൻ-പിൻ പോലീസ് മേധാവികളും അല്ലെങ്കിലും ഇടതുപക്ഷ പാർട്ടികളിലെ  രാഷ്ട്രീയ സമസ്യകളാണ്. 

                
 

Latest News