Sorry, you need to enable JavaScript to visit this website.

ഞാന്‍ ഒന്നാമന്‍, മോഡി രണ്ടാമന്‍; ആഹ്ലാദം പ്രകടിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍- ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, ഫെയ്‌സ് ബുക്കിലെ ജനപ്രീതിയില്‍ തനിക്ക് ഒന്നാം സ്ഥാനവും പ്രധാനമന്ത്രി മോഡിക്ക് രണ്ടാം സ്ഥാനവും ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനത്തിനൊരുങ്ങുകയാണ് ട്രംപ്. എന്നെ ഒന്നാം സ്ഥാനത്തും മോഡിയെ രണ്ടാം സ്ഥാനത്തും എത്തിച്ചത് വലിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു നേതാക്കളുടേയും പ്രശസ്തിയെക്കുറിച്ച് ഫെയ്‌സ് ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമീപകാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ യു.എസ് പ്രസിഡന്റ് ഉദ്ധരിച്ചു.

തന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായുടെ ട്വീറ്റിലാണ് ട്രംപിന്റെ ആഹ്ലാദം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഈമാസം 24, 25 തീയതികളിലാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഫെയ്‌സ് ബുക്ക് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം ഉദ്ധരിച്ചാണ് ഫെയ്‌സ് ബുക്കില്‍ താന്‍ ഒന്നാം സ്ഥാനത്താണെന്ന് ട്രംപ് അവകാശപ്പെട്ടത്.

ഫെയസ് ബുക്കില്‍ ഡൊണാള്‍ഡ് ജെ. ട്രംപ് നമ്പര്‍ വണ്‍ ആണെന്നും നമ്പര്‍ 2 പ്രധാനമന്ത്രി മോഡിയാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്തിടെയാണ് പ്രസ്താവിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ ഇന്ത്യയിലേക്ക് പോകുന്നു. അതിനായി കാത്തിരിക്കുകയാണ്- ട്രംപ് ട്വീറ്റ് ചെയ്തു.

ഫെയ്സ് ബുക്കിലെ ജനപ്രീതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒന്നാം സ്ഥാനത്തും പ്രധാനമന്ത്രി മോഡി രണ്ടാം സ്ഥാനത്തുമാണെന്ന് അവകാശപ്പെടുന്നത് ഇതാദ്യമല്ല.  കഴിഞ്ഞ മാസം ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി സിഎന്‍ബിസി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു.

ഫെയ്‌സ് ബുക്കില്‍ ഞാന്‍ ഒന്നാമനാണ്. രണ്ടാമന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമോ എന്നു ചോദിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ  അവകാശവാദം.  
ഈ മാസം 24-ന് ഇന്ത്യയിലെത്തുന്ന ട്രംപ്  ദല്‍ഹിയിലെ ചര്‍ച്ചകള്‍ക്കു പുറമെ, ഗുജറാത്തിലെ അഹമ്മാദബാദില്‍ നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയത്തില്‍ മോഡിയോടൊപ്പം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നുമുണ്ട്. അഹമ്മദാബാദില്‍ ട്രംപിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ചേരികള്‍ക്കു ചുറ്റും മതില്‍ പണിയുന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.  

 

 

Latest News