ആര്‍ത്തവമില്ലെന്ന് ഉറപ്പുവരുത്താന്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചു

അഹമ്മദാബാദ്- ആര്‍ത്തവ സമയമല്ലെന്ന് തെളിയിക്കാന്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളോട് അടിവസ്ത്രം ഊരാന്‍ ആവശ്യപ്പെട്ടു. ഗുജറാത്ത് കച്ചില്‍ സ്വാമിനാരായണ ക്ഷേത്രത്തിന്റെ കീഴലുള്ള ട്രസ്റ്റ് നടത്തുന്ന ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്.എസ്.ജി.ഐ) ഭാഗമായുള്ള വനിതാ ഹോസ്റ്റലിലാണ് സംഭവം. ഇവിടെ താമസിച്ച് പഠിക്കുന്ന 60 പെണ്‍കുട്ടികളോടെങ്കിലും  ആര്‍ത്തവമില്ലെന്ന് തെളിയിക്കാന്‍ അടിവസ്ത്രം ഊരാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയ. ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലും അടുക്കളയിലും പ്രവേശിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ വിവാദ നടപടി സ്വീകരിച്ചത്.
കച്ച് ജില്ലയിലെ ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍. വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തുവന്നതോടെ സംഭവത്തെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി പ്രവീണ്‍ പിന്‍ഡോറിയ അപലപിച്ചു. അതേസമയം, ആര്‍ത്തവമുള്ള സ്ത്രീകളെ
ക്ഷേത്രത്തില്‍നിന്നും അടുക്കളയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് ഹോസ്റ്റല്‍ അധികൃതരില്‍ ചിലര്‍ അവകാശപ്പെട്ടു.
ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുന്ന എസ്എസ്ജിഐ കാമ്പസിലെ ഹോസ്റ്റലില്‍ നടന്ന സംഭവത്തെ കുറിച്ച്
അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ
ഇന്‍സ്റ്റിറ്റ്യൂട്ട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന കച്ച് യൂണിവേഴ്‌സിറ്റിയും അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.
പോലീസിനോട് കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ലീല അങ്കോളിയ പറഞ്ഞു. ഹോസ്റ്റല്‍ സംഭവത്തെ കുറിച്ച് ദേശീയ വനിതാ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പെണ്‍കുട്ടികളോട് സംസാരിക്കാന്‍ ഒരു വനിതാ ഇന്‍സ്‌പെക്ടറുടെ കീഴില്‍ പോലീസ് സംഘത്തെ  നിയോഗിച്ചിട്ടുണ്ടെന്നും എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നും പെണ്‍കുട്ടികളില്‍ ഒരാളെങ്കിലും രേഖമൂലം പരാതി നല്‍കിയാല്‍ മതിയെന്നും മുന്നോട്ട് കച്ച് വെസ്റ്റ് പോലീസ് സൂപ്രണ്ട് സൗരഭ് ടോളുംബിയ പറഞ്ഞു.
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ദയും സംഭവത്തെ അപലപിച്ചു. വിദ്യാഭ്യാസ വകുപ്പ് കര്‍ശന നടപടിയെടുക്കണമെന്ന് പട്ടേല്‍ നിര്‍ദേശിച്ചു.. പെണ്‍കുട്ടികളുടെ അന്തസ്സ് ലംഘിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്നും ചാവ്ദ ആവശ്യപ്പെട്ടു.

 

Latest News