സിഎഎയ്‌ക്കെതിരെ വിദ്യാര്‍ത്ഥി നാടകം; രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം

ബംഗളൂരു- പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍  നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം. ബിദറിലെ ഷഹീന്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഫദീദ ബീഗം, നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ നസ്ബുന്നീസ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപവീതം ബോണ്ടും ഈടാക്കി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എം.പി. മല്ലികാർജ്ജുനയാണ് അറസ്റ്റ് ചെയ്ത് 14 ദിവസത്തിന് ശേഷം ഇവര്‍ക്ക് ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കാനും ആവശ്യമുള്ളപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാനും കോടതി ഇവരോട് നിർദ്ദേശിച്ചു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനുവരി 21നാണ് കര്‍ണാടകയിലെ ബിദറിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍‌ സി‌എ‌എയ്ക്ക് എതിരെ നാടകം അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ അടക്കം ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ നിലേഷ് രക്ഷ്യാല്‍ എന്നയാള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയേയും സ്കൂളിലെ പ്രധാനാധ്യാപികയേയും പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടക്കുകയായിരുന്നു. ഇതിന്റെ പേരില്‍ മണിക്കൂറുകളോളം സ്കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

നാടകം കളിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചുവെന്ന് എന്നാരോപിച്ച് സ്‌കൂള്‍  നേരത്തെ അധികൃതര്‍ അടച്ചുപൂട്ടുകയുണ്ടായി. 

Latest News