Sorry, you need to enable JavaScript to visit this website.

തുറൈഫിൽ സൗദിവൽക്കരണം ശക്തമാക്കാൻ  പ്രവിശ്യ അമീറിന്റെ കർശന നിർദേശം

തുറൈഫ്- തുറൈഫ് അടക്കമുള്ള വടക്കൻ പ്രവിശ്യയിൽ സൗദിവൽക്കരണം ശക്തമാക്കാൻ പ്രവിശ്യ അമീറിന്റെ കർശന നിർദേശം. കടകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, ആശുപത്രികൾ, ഫാർമസികൾ, റസ്റ്റോറന്റുകൾ ഉൾപ്പെടെ എല്ലാ മേഖലയിലും കർശന പരിശോധനയാണ് നടക്കുന്നത്.    
 
വിവിധ സ്ഥാപനങ്ങളിൽ കൃത്യമായി സ്വദേശിവൽക്കരണം നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനായി വടക്കൻ പ്രവിശ്യാ അമീർ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു ചേർത്തു. നിയമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന് പ്രത്യേകം കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. തുറൈഫ് നഗരത്തിലും മറ്റുമുള്ള സ്ഥാപനങ്ങളിൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്.

 മിക്ക സ്ഥാപനങ്ങളിലും സ്വദേശി ജോലിക്കാർ പേരിന് മാത്രമാണ് ഉണ്ടാകാറുള്ളത്. പരിശോധനാ സമയത്ത് സ്വദേശി ജോലിക്കാരുടെ എണ്ണം കുറവാണെങ്കിൽ വലിയ പിഴയാണ് ചുമത്തുന്നത്. പരിശോധന ഭയന്ന് നാലും അഞ്ചും ദിവസങ്ങളായി പല കടകളും അടച്ചിട്ടിരിക്കുകയാണ്.

പ്രവൃത്തി സമയത്ത് സ്ഥാപനങ്ങളിൽ ഉണ്ടാകുകയോ ജോലിയെടുക്കുകയോ ചെയ്യാതെ ഏതാനും മണിക്കൂർ മാത്രം നിൽക്കുകയും ഒപ്പ് വെക്കുകയും ചെയ്ത് ശമ്പളം പറ്റുന്ന രീതിയാണ് സ്വദേശി യുവാക്കൾ തുടരുന്നത്. ഇത് പരിശോധകർ അനുവദിക്കുന്നില്ല. പരിശോധനാ സമയത്ത് സ്വദേശി ജോലിക്കാരുടെ എണ്ണക്കരവിനനുസരിച്ച് പതിനായിരം റിയാൽ വരെ ഇന്നലെ ഫൈൻ ചുമത്തി. 

പ്രവൃത്തി സമയങ്ങളിൽ കടകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന ജോലിക്കാരുള്ള തുറൈഫിലെ അനേകം സ്ഥാപനങ്ങൾക്ക് ഇന്നലെ പിഴ ചുമത്തുകയും കട അടപ്പിക്കുകയും ചെയ്തു. നാലും അഞ്ചും ദിവസങ്ങൾ കട അടച്ചിട്ട ശേഷം മുഴുസമയം നിൽക്കുന്ന ജോലിക്കാരെ നിയമിച്ച ശേഷമാണ് ഇന്നലെ പല കടകളും തുറന്നു പ്രവർത്തിച്ചത്. മുഴുസമയം ജോലിക്കാരായ സ്വദേശി ജീവനക്കാരില്ലാതെ കട തുറന്നാൽ അറുപതിനായിരം റിയാൽ പിഴ അടക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ കർശന മുന്നറിയിപ്പ് നൽകി. 

Latest News