Sorry, you need to enable JavaScript to visit this website.

കൊടിയുടെ നിറം നോക്കി ബന്ധങ്ങൾ ഉണ്ടാക്കുന്ന  എഴുത്തുകാരനല്ല താനെന്ന് ടി.പത്മനാഭൻ

ടി.പത്മനാഭനും ശ്രീകല മുല്ലശേരിയും. 

കൊച്ചി- എല്ലാം തുറന്നു പറയുന്ന കഥാകഥന രീതിയോട് തനിക്ക് യോജിക്കാനാവില്ലെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. കൃതി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ എഴുത്തും ജീവിതവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പല കഥകളും വായിച്ചാൽ തലയ്ക്കടിയേറ്റ അനുഭവമാണുണ്ടാകുന്നത്. പണമുണ്ടാക്കാനുള്ള മാർഗമായി ഞാൻ ഒരിക്കലും എഴുത്തിനെ കണ്ടിട്ടില്ല. തുറന്നെഴുതുന്നു എന്നു പറയുന്നവർ പുസ്തകം വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കാനായി കച്ചകെട്ടി ഇറങ്ങിയവരാണ്. അത്തരം എഴുത്തുകാരുടെ മുന്നിൽ പുസ്തക പ്രസാധകർ ക്യൂ നിൽക്കും. എനിക്ക് ചില കഥകളെക്കുറിച്ച് പറയാൻ നാണമാണ്. അത്രയും അരോചകമാണ് അവ,' പത്മനാഭൻ പറഞ്ഞു.


എഴുതിത്തുടങ്ങിയിട്ട് വർഷം 70 ആയി. ഒരു വരിപോലും അശ്ലീലം എഴുതിയിട്ടില്ല. പ്രണയം എന്നത് ഒരു എഴുത്തുകാരന് എന്നും പ്രമേയമാണ്, എന്നാൽ പ്രണയത്തെ അതിന്റെ ഊഷ്മളത നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനാണ് തന്നിലെ എഴുത്തുകാരൻ ശ്രമിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രണയദിനം എന്നൊക്കെ പറഞ്ഞ് യുവ തലമുറ കാണിക്കുന്ന ചില കാര്യങ്ങളോട് കടുത്ത വിയോജിപ്പുണ്ട്. പ്രണയദിനമൊക്കെ ഉണ്ടാക്കിയത് നവമാധ്യമങ്ങളാണ്. എല്ലാറ്റിനെയും കച്ചവടവൽക്കരിക്കുന്ന പുതിയ പ്രവണതയുടെ ഉൽപന്നമാണ് വാലന്റൈൻസ് ഡേ. ആ ദിനത്തിന്റെ ഉദ്ദേശശുദ്ധിയെ താൻ ചോദ്യം ചെയ്യുന്നില്ലെന്നും ടി.പത്മനാഭൻ പറഞ്ഞു.


പുതിയ തലമുറയിലെ എഴുത്തുകളെല്ലാം കുഴപ്പമാണെന്ന അഭിപ്രായമില്ല. കഴിഞ്ഞ ദിവസം വായിച്ച 'വില്ലുവണ്ടി' പോലുള്ള നല്ല കഥകളെഴുതുന്നവരും ഉണ്ട്. 'നല്ല മുസൽമാൻ' എന്ന എന്റെ ഏറ്റവും പുതിയ കഥ എറണാകുളത്തുണ്ടായ എന്റെ ഒരു അനുഭവത്തിന്റെ നേർസാക്ഷ്യമാണ്. അതിൽ ഒരു ഭാവനയും ചേർത്തിട്ടില്ല. കൊടിയുടെ നിറം നോക്കി ബന്ധങ്ങൾ ഉണ്ടാക്കുന്ന എഴുത്തുകാരനല്ല താൻ. അരുതാത്തത് കാണുമ്പോൾ പ്രതികരിക്കും, അതുപോലെ തന്നെ നല്ലകാര്യങ്ങളെ പ്രശംസിക്കാനും മടി കാണിക്കാറില്ല.

 

 

Latest News