വടകര- വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണാഭരണവുമായി കടന്നു കളഞ്ഞ അയല്‍വാസി കസ്റ്റഡിയില്‍. വില്യാപ്പള്ളിക്കടുത്ത് കാര്‍ത്തികപ്പള്ളിയിലെ പറമ്പത്ത് മൂസയുടെ ഭാര്യ അലിയുമ്മ(60)ക്കാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവും അയല്‍വാസിയുമായ സ്ത്രീയെ എടച്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് നമസ്‌കാരത്തിനിടയിലാണ് സംഭവം. നമസ്‌കാരത്തിനിടയില്‍ വെട്ടിയ ശേഷം ദേഹത്തുണ്ടായിരുന്ന ആഭരണവുമായി കടന്നു കളഞ്ഞതായാണ് പരാതി. മരിച്ചെന്ന് കരുതിയാണ് സ്ഥലം വിട്ടത്. വീട്ടമ്മക്ക് ബോധം തിരിച്ചു കിട്ടിയപ്പോള്‍ വിവരമറിയിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ അന്വേഷണമാരംഭിച്ച പോലീസിന് ചില സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണം വടകരയില്‍ വില്‍പന നടത്തി തിരികെ കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്ക് വരിമ്പോഴാണ് പിടികൂടിയത്.