Sorry, you need to enable JavaScript to visit this website.

സാമ്പത്തിക മാന്ദ്യം കേരളം മറികടക്കുമോ? ധനമന്ത്രി സംസാരിക്കുന്നു

കേരളാകോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചത് രാഷ്ട്രീയമര്യാദ മാത്രമാണ്. കെ.എം.മാണി എത്രയോവർഷം ഇവിടെ ധനമന്ത്രിയായ ആളാണ്.  നമുക്ക് അവരോട് രാഷ്ട്രീയ എതിർപ്പുള്ളതുപോലെ നമ്മുടെ നേതാക്കളോട് അവർക്കും എതിർപ്പുണ്ടാകും.  കെ.എം. മാണിയുടെ രാഷ്ട്രീയത്തോട് എനിക്കും യോജിപ്പില്ല. എന്നാൽ സംസ്ഥാനത്ത് ദീർഘകാലം മന്ത്രിയായിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവെന്നനിലയിൽ അദ്ദേഹത്തിന്റെ സ്മാരകത്തിന് അഞ്ചുകോടി നൽകിയതിൽ തെറ്റ് കാണുന്നില്ല. 

രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലമർന്നുകൊണ്ടിരിക്കുകയാണെന്നത് ഒരു വസ്തുതയാണ്. വരും വർഷങ്ങളിലിത് കൂടുതൽ മൂർച്ഛിക്കുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. 
ദേശീയ ശരാശരിയെക്കാൾ കേരളത്തിന്റെ സാമ്പത്തികവളർച്ചാ നിരക്ക് അൽപം ഭേദമാണെങ്കിലും പല കാരണങ്ങളാൽ ഇവിടെയും ധനസ്ഥിതി ഞെരുക്കത്തിലേക്ക് കൂപ്പ് കുത്തുകയാണ്.
കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരവുമായി തട്ടിച്ചുനോക്കുമ്പോൾ നിലവിലുള്ള സാമ്പത്തിക വളർച്ചാനിരക്ക് കൈവരിച്ചാൽപോരാ. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഉയർന്ന ജീവിതനിലവാരമുള്ള ജനതയാണ് മലയാളികൾ. പുതിയ സാഹചര്യത്തിൽ സാമ്പത്തികമാന്ദ്യം കേരളജനജീവിതത്തെ  കൂടുതൽ ദുസ്സഹമാക്കാനാണ് സാധ്യത.
രാജ്യം പലതരത്തിൽ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ സാമ്പത്തികവിദഗ്ധനായ കേരളധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് രാജ്യമെമ്പാടുമുള്ള സാമ്പത്തികശാസ്ത്രജ്ഞരെ ആകർഷിക്കുകയുണ്ടായി. മാന്ദ്യത്തെ മറികടക്കാൻ സർക്കാർ ചെലവ് വർധിപ്പിക്കുകയെന്ന തന്ത്രമാണ് ധനമന്ത്രി ഇവിടെ മുന്നോട്ട് വെച്ചത്.  എസ്റ്റിമേറ്റിനെക്കാൾ ചെലവ് 15 ശതമാനം അധികമായി പ്രഖ്യാപിച്ചിരിക്കുന്നത് അതുകൊണ്ടാണ്. 
ചെലവിനനുസരിച്ച് വരുമാനം ഉണ്ടാകാനുള്ള സാധ്യതനിലവിലെ സാഹചര്യത്തിൽ നമുക്ക് പ്രതീക്ഷിക്കാനാവില്ല. സംസ്ഥാനം കൂടുതൽ ധനകമ്മിയിലേക്ക് വീണാൽ നമ്മുടെ വികസനപദ്ധതികളെല്ലാം അവതാളത്തിലാകുമെന്നുമാത്രമല്ല, സാമ്പത്തിക അധികഭാരം ജനങ്ങളുടെ മേൽഅടിച്ചേൽപ്പിക്കേണ്ടസ്ഥിതിവരുകയും ചെയ്യും. ഇത്തരത്തിലുള്ള സാമ്പത്തികകുടുക്കുകൾക്കിടയിലും സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന ജനക്ഷേമകരമായ നിരവധി പദ്ധതികൾ മുന്നോട്ട് വെക്കാൻ ധനമന്ത്രിക്ക്, തോമസ് ഐസക്കിന് കഴിഞ്ഞുവെന്നതാണ് ഈ ബജറ്റിനെ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരുന്നപ്രധാനഘടകം. വിശപ്പുരഹിതകേരളത്തിന് 1000 ഭക്ഷണശാലയെന്നത് എടുത്തുപറയേണ്ടകാര്യമാണ്.ക്ഷേമപെൻഷൻ 100 രൂപ വർദ്ധിപ്പിച്ചു. രണ്ടരലക്ഷം കുടിവെള്ളകണക്ഷൻ. സ്ത്രീ ക്ഷേമത്തിന് 1509 കോടിയും നീക്കിെവച്ചു. പ്രവാസിക്ഷേമത്തിന് 30 കോടിയിൽനിന്ന് 90 കോടി.

ഡോ. തോമസ് ഐസക് സംസാരിക്കുന്നു.

സാമ്പത്തികമാന്ദ്യത്തെ മറികടക്കാൻ താങ്കൾ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ എന്തൊക്കെ പദ്ധതികളാണുള്ളത്. സാധാരണജനങ്ങൾക്ക് ഇതെങ്ങനെയാണ് പ്രയോജനപ്പെടുക.

ക്ഷേമം ഉറപ്പാക്കുന്ന വികസനകേരളത്തിനുള്ള കർമ്മപദ്ധതിയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. പുതിയവികസനമാതൃകയാണ് ബജറ്റിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. തൊഴിൽ അവസരങ്ങൾക്കായി വലിയപദ്ധതികളുണ്ട്. സംസ്ഥാനത്തെ കൂടുതൽനിക്ഷേപസൗഹൃദമാക്കി മാന്ദ്യത്തെ മറികടക്കാനാണ് പരിശ്രമിക്കുന്നത്. പുതുസംരംഭകർക്ക് എല്ലാവിധസഹായവും സർക്കാർ നൽകും.കൂടുതൽ നിക്ഷേപങ്ങളും പദ്ധതികളും സംസ്ഥാനത്തേക്ക് വരണമെന്നതാണ് സർക്കാർ നയം. 

കേരളബജറ്റിൽ തലസ്ഥാനജില്ലയെ അവഗണിച്ചതായി ആക്ഷേപമുണ്ട്. ബജറ്റിലെ വികസനം കൊല്ലം വരെ മാത്രമെയെത്തിയുള്ളുവെന്നാണ് ആരോപണം.

ഇത് ഒട്ടുംശരിയല്ല. വസ്തുതകൾ പരിശോധിക്കാതെ നടത്തുന്ന ആക്ഷേപമാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് തലസ്ഥാനജില്ലയിലാണ്. ഇതിലൊക്കെ സർക്കാരിന്റെ വലിയതോതിലുള്ള നിക്ഷേപമുണ്ട്. മേൽനോട്ടമുണ്ട്. ഇതൊന്നും കാണാതെയാണ് തിരുവനന്തപുരത്തെ ബജറ്റിൽ അവഗണിച്ചുവെന്നൊക്കെ പറയുന്നത്.

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള കൂടുതൽ നടപടികളുണ്ടാവണം. കടലിൽ പണിയെടുക്കാൻ പോകാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലാളികൾക്ക് സാമ്പത്തികസഹായം ചെയ്യാൻ സർക്കാർ തയ്യാറാവണം.

തീരദേശവികസനത്തിന് വലിയമുൻതൂക്കമാണ് നൽകിയിരിക്കുന്നത്. കടലാക്രമണം തടയാൻ തീരത്ത് കല്ലിടുന്നതിന് പകരം ആധുനികസാങ്കേതികസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി തീരപ്രദേശത്തേക്ക് തിരയടിച്ചു കയറാതിരിക്കാനുള്ള പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. പരമാവധിയാളുകളെ തീരത്തുനിന്ന് മാറ്റിപാർപ്പിക്കാൻ പദ്ധതിയുണ്ട്. കടൽക്ഷോഭത്തെക്കുറിച്ചും മറ്റും നാട്ടറിവുകൾകൂടി പരിശോധിച്ച് മത്സ്യത്തൊഴിലാളികളുടെ സുരക്ഷയുറപ്പാക്കാനുള്ള നടപടികളും സർക്കാർ ചെയ്യുന്നുണ്ട്. ദുരന്തനിവാരണത്തിന് നാട്ടറിവുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

മുതിർന്ന പൗരന്മാർക്ക് യാത്ര ഇളവുകൾ ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. ആരോഗ്യരംഗത്തും കൂടുതൽ സേവനം ഉറപ്പാക്കണം.

മുതിർന്ന പൗരന്മാർക്ക് കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ ഉണ്ടാകണം. ജന്റർ ബജറ്റ് പോലെ എൽഡർ ബജറ്റ് ആവശ്യമാണ്. സ്ത്രീകൾക്ക് ഇപ്പോൾ കാര്യമായ പരിഗണന നൽകുന്നുണ്ട്്. റേഷൻകടകൾ 25 ശതമാനം സ്ത്രീകൾക്കായി നീക്കിവയ്ക്കുന്നുണ്ട്. മുമ്പ് ഇത്തരം പരിഗണന സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല. 18 ശതമാനം വരെ സ്ത്രീകളുടെ ഉന്നമനത്തിനായി ബജറ്റിൽ തുകനീക്കിവെച്ചിട്ടുണ്ട്. ഈ മാതൃകയിൽ മുതിർന്നവരുടെ കാര്യത്തിലും ശ്രദ്ധെവക്കണം. ഇപ്പോൾ നിരവധി ക്ഷേമപ്രവർത്തനങ്ങൾ മുതിർന്നവർക്കുണ്ട്. ഇതിനിയും വർദ്ധിപ്പിക്കാൻ സർക്കാർ പരിശ്രമിക്കും.

കേരളാ കോൺഗ്രസ് നേതാവായിരുന്ന മുൻമന്ത്രി കെ.എം.മാണിയുടെ സ്മാരകത്തിന് ഈ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് അഞ്ചുകോടി രൂപ നൽകിയത് വിമർശിക്കപ്പെടുന്നുണ്ട്. ഇതേക്കുറിച്ച് അങ്ങയുടെ നിലപാടെന്താണ്.

കേരളാ കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചത് രാഷ്ട്രീയമര്യാദ മാത്രമാണ്. കെ.എം. മാണി എത്രയോവർഷം ഇവിടെ ധനമന്ത്രിയായ ആളാണ്.  നമുക്ക് അവരോട് രാഷ്ട്രീയ എതിർപ്പുള്ളതുപോലെ നമ്മുടെ നേതാക്കളോട് അവർക്കും എതിർപ്പുണ്ടാകും.  കെ.എം.മാണിയുടെ രാഷ്ട്രീയത്തോട് എനിക്കും യോജിപ്പില്ല. 
എന്നാൽ സംസ്ഥാനത്ത് ദീർഘകാലം മന്ത്രിയായിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവെന്നനിലയിൽ അദ്ദേഹത്തിന്റെ സ്മാരകത്തിന് അഞ്ചുകോടി നൽകിയതിൽ തെറ്റ് കാണുന്നില്ല. ആർ.എസ്.എസ് നേതാവായിരുന്ന പി. പരമേശ്വരന് ആദരാഞ്ജലി അർപ്പിക്കാൻ പോയതും നാട്ടുമര്യാദയനുസരിച്ചാണ്. ഇത്തരം മര്യാദകളൊക്കെ ആവശ്യമാണ്.
 

Latest News