Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

ദൽഹിയുടെ വിദ്യാഭ്യാസ മാതൃക

വെളളവും വൈദ്യുതിയും സൗജന്യമായി നൽകി എന്നതിനേക്കാളുപരി, വിദ്യാഭ്യാസരംഗത്ത് ദിശാബോധമുള്ള പരിഷ്‌കരണ പ്രവർത്തനങ്ങൾ നടത്തിയതാണ് ആം ആദ്മി സർക്കാരിനെ ദൽഹിയിലെ വോട്ടർമാർക്ക് പ്രിയപ്പെട്ടതാക്കിയത്. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമായ ഓരോ കുടുംബവും കെജ്‌രിവാളിനെ തുണച്ചു. പുതിയൊരു ക്ഷേമ രാഷ്ട്രീയ മാതൃകയാണ് ഈ പ്രവർത്തനങ്ങളിലൂടെ അവർ മുന്നോട്ടുവെച്ചത്.

ദൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം, അതിന്റെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾ മാറ്റിനിർത്തിയാൽ, ക്ഷേമരാഷ്ട്രീയം, വികസന രാഷ്ട്രീയം തുടങ്ങിയ ബദൽ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച ചർച്ചകൾക്ക് ഒരിക്കൽകൂടി തുടക്കമിട്ടിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം പോലെയുള്ള അവശ്യ സേവനങ്ങൾ എന്നീ രംഗങ്ങളിൽ ദൽഹിയിലെ ആം ആദ്മി സർക്കാർ നടത്തിയ, വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന പ്രവർത്തനങ്ങൾ അവരുടെ ഉജ്വല വിജയത്തിന് അടിത്തറ പണിതുവെന്ന കാര്യം പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ജനങ്ങൾക്ക് വലിയ തോതിൽ സൗജന്യങ്ങൾ നൽകുക എന്നതിൽ മാത്രമല്ല ഈ പരിഷ്‌കരണങ്ങളെന്നത് സൂക്ഷ്മാർഥത്തിൽ വിശകലനം ചെയ്യുമ്പോൾ മനസ്സിലാകും. അതിനാൽ സൗജന്യങ്ങളുടെ രാഷ്ട്രീയമെന്ന് പറഞ്ഞ് ആം ആദ്മി സർക്കാർ മുന്നോട്ടുവെച്ച ക്ഷേമ രാഷ്ട്രീയത്തെ തള്ളിക്കളയുന്നത് അബദ്ധമായിരിക്കും.
ജനങ്ങൾക്ക് വൻതോതിൽ സൗജന്യങ്ങൾ നൽകി ഒരു സർക്കാരിനും അധികകാലം പിടിച്ചുനിൽക്കാനാവില്ല. ദൽഹിയിൽ 200 യൂണിറ്റ് വരെയുള്ള വൈദ്യുതിയും നിശ്ചിത അളവ് വെള്ളവും സ്ത്രീകൾക്കുള്ള ബസ് യാത്രയും സൗജന്യമാക്കിയാണ് വോട്ടർമാരുടെ മനസ്സിലേക്ക് സർക്കാർ കടന്നുചെന്നത്. ഇതിനുള്ള പണം കണ്ടെത്തുന്നതിന് സർക്കാർ സ്വീകരിച്ച മാർഗങ്ങളാണ് ക്ഷേമ രാഷ്ട്രീയ ചിന്തകളെ ഉണർത്തുന്നത്. ഇത്രയൊക്കെ ചെയ്തിട്ടും സർക്കാരിന്റെ ഖജനാവിൽ പണം ബാക്കിയാണ്. 2015 ൽ തുടങ്ങുമ്പോൾ ഉള്ളതിനെക്കാൾ ഇരട്ടിയായി ബജറ്റ് തുക ഉയർത്താൻ അവർക്ക് കഴിഞ്ഞു. നികുതി പിരിവ് കാര്യക്ഷമമാക്കാനും നികുതി വർധനയില്ലാതെ തന്നെ നികുതി വരുമാനം ഉയർത്താനും അവർക്ക് സാധിച്ചു. ഊർജസ്വലവും കാര്യക്ഷമമവുമായ ഒരു സാമ്പത്തിക മാനേജ്‌മെന്റാണ് 'സൗജന്യ രാഷ്ട്രീയ'ത്തിന്റെ അടിത്തറയായി വർത്തിച്ചത് എന്ന് ഇതിലൂടെ മനസ്സിലാക്കാനാകും. അതുകൊണ്ട്തന്നെ, രാഷ്ട്രീയ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ദൽഹി മോഡൽ തീർച്ചയായും വികസനരംഗത്തെ പുതിയൊരു പഠനവിഷയം തന്നെയാണ്. 
ഓരോ രംഗങ്ങളിലും ആം ആദ്മി സർക്കാർ പരീക്ഷിച്ച പുതിയ മാതൃകകൾ ചർച്ച ചെയ്യുക ഒരു ചെറിയ ലേഖനത്തിന്റെ സ്ഥലപരിമിതിക്കുള്ളിൽ സാധ്യമല്ലാത്തതിനാൽ, സർക്കാർ ഏറ്റവുമധികം ശ്രദ്ധയൂന്നിയ വിദ്യാഭ്യാസ പരിഷ്‌കാര പ്രവർത്തനങ്ങളിലൂടെ മാത്രം ഒന്നു കണ്ണോടിക്കാമെന്ന് കരുതുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആഡംബരമല്ല, അനിവാര്യതയാണ് എന്ന കാഴ്ചപ്പാടാണ് ഈ പരിഷ്‌കാരങ്ങളുടെ അന്തസ്സത്തയായി വർത്തിച്ചത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ ഓരോ കുടുംബത്തിനും പ്രസക്തമായ ഒന്നാണ് കുട്ടികളുടെ വിദ്യാഭ്യാസം എന്ന ചിന്ത ഉണർത്തുകയാണ് സർക്കാർ ആദ്യം ചെയ്തത്. തങ്ങളുടെ ഭരണ മാതൃക പ്രധാനമായും വിദ്യാഭ്യാസത്തിന് ചുറ്റുമായി കേന്ദ്രീകരിച്ചു എന്നതാണ് വാസ്തവത്തിൽ കെജ്‌രിവാൾ സർക്കാരിന് തുണയായത് എന്ന് പലരും ഇതിനകം നിരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. വൈദ്യുതിയും വെള്ളവും സൗജന്യമായി കിട്ടുന്നതിനേക്കാൾ ജനങ്ങളെ ആകർഷിച്ചത്, മക്കൾക്ക് ചുരുങ്ങിയ ചെലവിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കിട്ടുന്നു എന്നതാണ്. കൈയിൽ പണമില്ലാത്തവനും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള പ്രാപ്തി നൽകിയതാണ് ആം ആദ്മി സർക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടമെന്ന് നിസ്സംശയം പറയാം. 
ദൽഹിയുടെ വിദ്യാഭ്യാസ മാതൃക, ദൽഹിയിൽ മാത്രമല്ല പുറത്തും ശ്രദ്ധപിടിച്ചുപറ്റി. വളരെക്കാലമായി രാജ്യത്ത് രണ്ടുതരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങൾ നിലനിൽക്കുന്നുണ്ട്. ഒരെണ്ണം സാധാരണക്കാർക്ക് വേണ്ടിയും മറ്റൊന്നു സമ്പന്നർക്ക് വേണ്ടിയും. ഈ വിടവ് നികത്തുക എന്നതായിരുന്നു ആം ആദ്മി സർക്കാരിന്റെ ആദ്യ ലക്ഷ്യം. അതാണ്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം  ആഡംബരമല്ല, അനിവാര്യതയാണ് എന്ന കാഴ്ചപ്പാടിൽ അവർ ഊന്നി എന്ന് ആദ്യം പറഞ്ഞത്. സംസ്ഥാന ബജറ്റിന്റെ 25 ശതമാനം വിദ്യാഭ്യാസ രംഗത്തിന് നീക്കിവെച്ചും അഞ്ച് പ്രധാന ഘടകങ്ങളിലൂന്നിയുമാണ് ആം ആദ്മി ഈ നേട്ടം സാധിച്ചത്. അടുത്ത പരിഷ്‌കരണ ഘട്ടത്തിലേക്കുള്ള ചുവടുവെപ്പായാണ് ആദ്യഘട്ടത്തെ അവർ വിഭാവനം ചെയ്തത്.
ഈ അഞ്ചു ഘടകങ്ങളെ ഹ്രസ്വമായി ഒന്ന് വിശകലനം ചെയ്യുന്നത് ദൽഹി വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായകമാകും. ഒന്നാമത്തെ ഘടകം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു. തകർന്നതും കേടുപാട് പറ്റിയതുമായ സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ ആദ്യം പുതുക്കിപ്പണിതു. അവിടെ ഒരു വിധ അടിസ്ഥാന സൗകര്യങ്ങളുമുണ്ടായിരുന്നില്ല. അതെല്ലാം ഒരുക്കി. ഇത് അധ്യാപകരെ ഏറെ പ്രചോദിപ്പിക്കുക മാത്രമല്ല, വിദ്യാർഥികളിൽ ആവേശം സൃഷ്ടിക്കുകയും ചെയ്തു. തകർന്ന കെട്ടിടങ്ങൾ മനോഹരമായി പുനർനിർമിക്കുകയും ക്ലാസ് മുറികൾ മികച്ച ഫർണിച്ചർ, സ്മാർട്ട് ബോർഡ് എന്നിവയെല്ലാം ഉൾപ്പെടുത്തി നന്നാക്കുകയും ചെയ്തു. സ്റ്റാഫ് മുറികൾ, ഓഡിറ്റോറിയം, ലബോറട്ടറി, ലൈബ്രറി, സ്‌പോർട്‌സ് സൗകര്യങ്ങൾ എന്നിവയെല്ലാം ഓരോ സ്‌കൂളിലും ഏർപ്പെടുത്തി. 
രണ്ടാമത്തെ ഘടകം, അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമുള്ള പരിശീലനമായിരുന്നു. അധ്യാപകരുടെ പ്രൊഫഷണൽ വളർച്ചക്കാവശ്യമായ നിരവധി പരിപാടികൾക്കാണ് സർക്കാർ രൂപം നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി, സിംഗപ്പൂരിലെ നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷൻ, അഹ്മദാബാദ് ഐ.ഐ.എം അടക്കമുള്ള ഇന്ത്യയിലെ മികവുറ്റ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലയച്ച് പരിശീലിപ്പിച്ചു. അടഞ്ഞ ക്ലാസ്സ് മുറികളിൽനിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ഉന്നത കേന്ദ്രങ്ങളിലേക്ക് തുറന്നു കിട്ടിയ ഈ വാതിൽ അധ്യാപകരെ സംബന്ധിച്ച് ചെറുതായിരുന്നില്ല. പരമ്പരാഗത സങ്കൽപങ്ങളിൽനിന്ന് കുതറിമാറാൻ അതവരെ സഹായിച്ചു. ഇന്ത്യയിലെയും വിദേശത്തെയും മികച്ച വിദ്യാഭ്യാസ പരിശീലനം ദൽഹിയിലെ കുട്ടികൾക്ക് പകർന്ന് നൽകാൻ അധ്യാപകരെ അത് പ്രാപ്തരാക്കി.
വിദ്യാഭ്യാസ കാര്യങ്ങളിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കുക എന്നതായിരുന്നു മൂന്നാമത്തെ ഘടകം. ഇതിനായി സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾ പുനസ്സംഘടിപ്പിച്ചു. ഓരോ കമ്മിറ്റിക്കും 5-7 ലക്ഷം രൂപ വരെ വാർഷിക ബജറ്റ് അനുവദിച്ചു. ഈ പണം മാനേജ്‌മെന്റ് കമ്മിറ്റിക്ക് സ്‌കൂളിന്റെ ഏത് പ്രധാന ആവശ്യങ്ങൾക്കും വിനിയോഗിക്കാം. സാധനങ്ങൾ വാങ്ങാൻ മാത്രമല്ല, താൽക്കാലിക അധ്യാപക നിയമനം പോലെ  മറ്റ് പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കാം. അധ്യാപകരും രക്ഷിതാക്കളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായി എന്ന് മാത്രമല്ല അതിന് നൈരന്തര്യം ഉണ്ടാകുകയും ചെയ്തു. രക്ഷിതാക്കളുമായി എങ്ങനെയാണ് ഇടപെടേണ്ടത് എന്ന് അധ്യാപകർക്ക് കൃത്യമായ മാർഗരേഖകൾ ഉണ്ടാക്കി. യോഗങ്ങൾക്കുള്ള ക്ഷണം അയക്കാൻ എഫ്.എം. റേഡിയോയും പത്രമാധ്യമങ്ങളും പ്രയോജനപ്പെടുത്തി.
നാലാമതായി, കരിക്കുലം പരിഷ്‌കരണമായിരുന്നു. 2016 ൽ സർക്കാർ നടത്തിയ പഠനത്തിൽ ഒമ്പതാം ക്ലാസ്സിൽ അമ്പതു ശതമാനം കുട്ടികളും തോൽക്കുന്നതായി കണ്ടെത്തി. അടിസ്ഥാന വിദ്യാഭ്യാസത്തിലെ പോരായ്മയാണ് ഇതിന് പ്രധാന കാരണമെന്ന് സർക്കാരിന് വ്യക്തമായി. എഴുതുക, വായിക്കുക, അടിസ്ഥാന ഗണിതത്തിൽ വ്യുൽപത്തി നേടുക എന്നീ കാര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേക പരിപാടികൾ ആരംഭിച്ചു. ഇത് സ്‌കൂളിലെ സാധാരണ പഠനത്തിന്റെ ഭാഗമായി നടപ്പാക്കി. നഴ്‌സറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി 'ഹാപ്പിനെസ്സ് കരിക്കുലം' എന്ന പേരിൽ പ്രത്യേക പരിപാടി ആവിഷ്‌കരിച്ചു. കുട്ടികളുടെ വൈകാരികതലം മികച്ചതാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒമ്പതു മുതൽ 12 വരെയുള്ള കുട്ടികളുടെ പ്രോബ്ലം സോൾവിംഗ്, നിരൂപകാത്മക ചിന്ത എന്നീ ശേഷികൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മറ്റൊരു കരിക്കുലത്തിനും രൂപം നൽകി. പാഠ്യപദ്ധതിയിലെ ഈ പരിഷ്‌കാരങ്ങൾക്കൊപ്പം 10, 12 ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുതകുംവിധം അതത് വിഷയങ്ങളിൽ കുട്ടികളെ നന്നായി പരിശീലിപ്പിക്കുകയും ചെയ്തു.
അഞ്ചാമത്തെ ഘടകം, സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധന അനുവദിച്ചില്ല എന്നതായിരുന്നു. പരിഷ്‌കരണത്തിലെ ആദ്യ നാല് ഘടകങ്ങൾ ദൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന 34 ശതമാനം കുട്ടികൾക്ക് പ്രയോജനകരമായപ്പോൾ, സ്വേച്ഛാപരമായ ഫീസ് വർധനമൂലം കഷ്ടപ്പെട്ടിരുന്ന സ്വകാര്യ വിദ്യാലയങ്ങളിലെ 40 ശതമാനം കുട്ടികൾക്ക് അഞ്ചാമത്തെ ഘടകം ഗുണകരമായി. എല്ലാ വർഷവും 8-15 ശതമാനം ഫീസ് വർധന നടപ്പാക്കിയിരുന്ന സ്വകാര്യ സ്‌കൂളുകൾ, അധികമായി വാങ്ങിയ ഫീസ് പോലും തിരിച്ചുകൊടുക്കാൻ നിർബന്ധിതരായി. ഇത്തരത്തിൽ 32 കോടി രൂപയാണ് ദൽഹിയിലെ രക്ഷാകർത്താക്കളുടെ പോക്കറ്റിൽ തിരികെയെത്തിയത്. സ്‌കൂൾ ഫീസ് വർധനക്കുള്ള ഏത് നിർദേശവും പഠിച്ച് തീരുമാനിക്കാൻ വിദഗ്ധരായ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ചുമതലപ്പെടുത്തി. ഇതുമൂലം ആദ്യ രണ്ട് വർഷം ഫീസ് വർധന നടപ്പാക്കാൻ സ്‌കൂളുകൾക്കായില്ല. സർക്കാർ സ്‌കൂളുകൾ നന്നായതോടെ അവിടേക്ക് കൂടുതൽ കുട്ടികൾ എത്തുകയും ചെയ്തു.
വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാക്കുകളിൽ, വിദ്യാഭ്യാസത്തെ അടിത്തറയാക്കി മാറ്റുകയാണ് ദൽഹി സർക്കാർ ചെയ്തത്. ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളുടെ സിലബസ് മാറ്റുക, ദൽഹി വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുക, ദൽഹിയിലെ 29 സോണുകളിൽ സ്‌പെഷ്യലൈസ്ഡ് സ്‌കൂളുകൾ തുറക്കുക തുടങ്ങിയവയാണ് വരും വർഷങ്ങളിൽ ആം ആദ്മി മുന്നോട്ടുവെക്കുന്ന തുടർപരിപാടികൾ.
സൗജന്യങ്ങളെക്കാളുപരി, ഈ തരത്തിൽ ദിശാബോധമുള്ള പരിഷ്‌കരണ പ്രവർത്തനങ്ങളാണ് ദൽഹിയിലെ വോട്ടർമാരെ സ്വാധീനിച്ചത് എന്നതിൽ സംശയമില്ല. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ കഴിഞ്ഞ നാലു വർഷമായി കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങളോട് ഏറെ സാമ്യമുള്ളതാണ് ദൽഹിയിലെ ഈ പരിഷ്‌കാരങ്ങളെങ്കിലും കൂടുതൽ കൃത്യമായ കാഴ്ചപ്പാടും ദിശാബോധവും വേറിട്ട പ്രവർത്തനരീതിയും അതിനെ വ്യത്യസ്തമാക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷം ഇന്ത്യക്കാകെ മാതൃകയാകുന്ന ഒരു വിദ്യാഭ്യാസ രീതിയിലേക്ക് ദൽഹി ചുവടുവെക്കുമെന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ പ്രതീക്ഷ.