Sorry, you need to enable JavaScript to visit this website.

കശ്മീരിലേത് മാരക വൈറസ് - അഹമ്മദ് മിര്‍ എം.പി 

ന്യൂദല്‍ഹി-ചൈനയില്‍ കൊറോണ വൈറസാണെങ്കില്‍, കശ്മീരിലെ വൈറസ് പൊതുസുരക്ഷാ നിയമമാണെന്ന വിവാദ പ്രസ്താവനയുമായി പിഡിപി നേതാവും രാജ്യസഭാ എം.പിയുമായ ഫയസ് അഹമ്മദ് മിര്‍ രംഗത്ത്. 'ഈ രാജ്യത്ത് ഒരു ജനാധിപത്യമുണ്ട്. പക്ഷേ എന്തെങ്കിലും പറഞ്ഞാല്‍ പിഎസ്എ വൈറസ് അടിച്ചേല്‍പ്പിക്കും. ചൈനയില്‍ കൊറോണയാണെങ്കില്‍ ഇവിടെ ഇതാണ്. അതുകൊണ്ടാണ് കശ്മീരിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നത്. പിഎസ്എ നിയമം ചുമത്തി അറസ്റ്റ് ചെയ്തുകളഞ്ഞേക്കുമോ എന്ന ഭയമാണവര്‍ക്ക്,'അഹമ്മദ് മിറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ജനങ്ങള്‍ക്ക് ഭയമുണ്ടെന്ന് പറഞ്ഞാല്‍ അത് സ്വഭാവികം, എന്നാല്‍ പാര്‍ലമെന്റ് അംഗമായിരുന്നിട്ട് കൂടി തനിക്ക് പൊതുസുരക്ഷാ നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്ന് പറഞ്ഞാല്‍ ഒന്ന് ഓര്‍ക്കൂ.. എന്നായിരുന്നു അഹമ്മദിന്റെ വാക്കുകള്‍.
നേരത്തെയും കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. മാര്‍ച്ചില്‍ ജമ്മു കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. 'അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണ തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. പക്ഷേ കശ്മീരിലാവട്ടെ എല്ലാ മൂന്ന് മാസത്തിലും. കശ്മീരിലെ സ്ഥിതി എന്താണെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാകും- മിര്‍ കൂട്ടിച്ചേര്‍ത്തു.

Latest News