ജിദ്ദ - ദക്ഷിണ ജിദ്ദയിലെ കന്ദറ ഡിസ്ട്രിക്ടിൽ പഴയ വീട് കേന്ദ്രീകരിച്ച് അനധികൃത സ്വർണാഭരണ നിർമാണ കേന്ദ്രം നടത്തിയ പത്തു ഏഷ്യൻ വംശജരെ വാണിജ്യ, നിക്ഷേപ മന്ത്രാലയം പിടികൂടി. അനധികൃത ആഭരണ ഫാക്ടറി ഒരാഴ്ചയോളം രഹസ്യമായി നിരീക്ഷിച്ചും അന്വേഷണം നടത്തിയുമാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘം സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് കഴിഞ്ഞ ദിവസം സ്ഥാപനം റെയ്ഡ് ചെയ്തത്.
ആഭരണ ഫാക്ടറിക്ക് ലൈസൻസോ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനോ ഉണ്ടായിരുന്നില്ല. സ്ഥാപനം വിദേശികൾ സ്വന്തമായാണ് നടത്തിയിരുന്നത്. ഇവിടെ നിർമിക്കുന്ന ആഭരണങ്ങളിൽ ട്രേഡ്മാർക്ക് മുദ്രണം ചെയ്തിരുന്നുമില്ല. നാലു കിലോ തൂക്കമുള്ള 743 ആഭരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. പരിശോധനക്കായി ആഭരണ സാമ്പിളുകൾ ലാബിലേക്ക് അയച്ചു. ആഭരണ ഫാക്ടറി അടപ്പിച്ച വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് തൊഴിലാളികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ബിനിമി ബിസിനസ് വിരുദ്ധ നിയമവും അമൂല്യ ലോഹ നിയമവും അനുസരിച്ച് ശിക്ഷകൾ പ്രഖ്യാപിക്കുന്നതിന് തൊഴിലാളികളുടെ കേസ് നിയമ നടപടികൾ പൂർത്തിയാക്കി പിന്നീട് കോടതിക്ക് കൈമാറും.
അനധികൃത സ്ഥാപനങ്ങളെ കുറിച്ചും വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള മറ്റു നിയമ ലംഘനങ്ങളെ കുറിച്ചും 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.