Sorry, you need to enable JavaScript to visit this website.

പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ആസ്തി 1.5 ട്രില്യൺ ആയി ഉയർത്തും

റിയാദ് - ഈ വർഷാവസാനത്തോടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആസ്തികൾ 400 ബില്യൺ ഡോളർ (1.5 ട്രില്യൺ റിയാൽ) ആയി ഉയർത്തുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ കോർപറേറ്റ് ഫിനാൻസ് പ്രസിഡന്റ് അലി സുഅയ്മി വെളിപ്പെടുത്തി. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ജീവനക്കാരുടെ എണ്ണം ആയിരം ആയി ഈ വർഷം ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു. നിലവിൽ ഫണ്ടിനു കീഴിൽ 700 ലേറെ ജീവനക്കാരാണുള്ളതെന്ന് അലി സുഅയ്മി പറഞ്ഞു.
പ്രാദേശിക ഹോൾഡിംഗ് കമ്പനിയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ സോവറീൻ ഫണ്ട് ആയി സ്വയം പരിവർത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ആകെ നിക്ഷേപങ്ങൾ 400 ബില്യൺ ഡോളറായി ഉയർത്തുന്നതിന് ഫണ്ട് ലക്ഷ്യമിടുന്നു. സൗദിയിലെ 200 കമ്പനികളിൽ നിക്ഷേപങ്ങൾ നടത്തി രാജ്യത്തിനകത്തെ നിക്ഷേപങ്ങൾ ഫണ്ട് വിപുലമാക്കിയിട്ടുണ്ട്. ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയും ഓൺലൈൻ ടാക്‌സി കമ്പനിയായ ഊബറും അടക്കം നിരവധി വിദേശ കമ്പനികളിലും ഫണ്ട് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. സൗദി-ജപ്പാൻ വിഷൻ ഫണ്ടിൽ 4,500 കോടി ഡോളർ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപിച്ചിട്ടുണ്ട്. 
കഴിഞ്ഞ വർഷാവസാനത്തോടെ ഫണ്ടിന്റെ ആകെ നിക്ഷേപങ്ങൾ 360 ബില്യൺ ഡോളറായി ഉയർന്നു. 2015 ൽ ഇത് 152 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ മേയ് മാസത്തെ കണക്കുകൾ പ്രകാരം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആസ്തി 320 ബില്യൺ ഡോളർ (1.2 ട്രില്യൺ റിയാൽ) ആണ്. ഈ വർഷാവസാനത്തോടെ ഇത് 400 ബില്യൺ ഡോളറായി ഉയർത്തുന്നതിനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ലണ്ടനിലും ന്യൂയോർക്കിലും സാൻഫ്രാൻസിസ്‌കോയിലും ഓഫീസുകൾ തുറക്കുന്നതിന് ഫണ്ടിന് നീക്കമുണ്ടെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൂപ്പർവൈസർ ജനറൽ യാസിർ അൽറുമയ്യാൻ പറഞ്ഞു. ഫണ്ടിലെ പ്രത്യേക കമ്മിറ്റിയാണ് നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത്. 
ആഗോള തലത്തിൽ ഏറ്റവും സ്വാധീനമുള്ള നിക്ഷേപ ഏജൻസിയായും സൗദിയിൽ സാമ്പത്തിക പരിവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ചാലകശക്തിയായും മാറുന്നതിനാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ശ്രമിക്കുന്നത്. ആഗോള തലത്തിൽ ഏറ്റവും മികച്ച നിക്ഷേപ പങ്കാളിയെന്ന സ്ഥാനം ശക്തമാക്കിയും സൗദിയിൽ സാമ്പത്തിക വളർച്ചക്കും വൈവിധ്യവൽക്കരണത്തിനും പിന്തുണ നൽകിയും സുസ്ഥിര വരുമാനം വർധിപ്പിക്കുന്നതിന് ദീർഘകാല നിക്ഷേപങ്ങൾ ഫണ്ട് നടത്തിവരികയാണ്.  സൗദിക്കകത്തും വിദേശത്തും പ്രവർത്തനം വിപുലീകരിക്കുന്നതിനുള്ള പദ്ധതിക്ക് അനുസൃതമായി ആസ്തിയും ജീവനക്കാരുടെ എണ്ണവും ഉയർത്താനാണ് ശ്രമം. തുടക്കത്തിൽ നാൽപതു ജീവനക്കാർ മാത്രമാണ് ഫണ്ടിനു കീഴിലുണ്ടായിരുന്നത്. ഇപ്പോൾ 700 ലേറെ ജീവനക്കാരുണ്ട്. 
സൗദി കമ്പനികളിൽ 100 ബില്യൺ ഡോളറാണ് ഫണ്ട് നിക്ഷേപം നടത്തിയിരിക്കുന്നത്. റിയാദ് ബാങ്കിന്റെ 21 ശതമാനവും അൽഅഹ്‌ലി ബാങ്കിന്റെ 44 ശതമാനവും സാംബ ഗ്രൂപ്പിന്റെ 22 ശതമാനവും അൽഇൻമാ ബാങ്കിന്റെ 10 ശതമാനവും സതേൺ സിമന്റ്‌സിന്റെ 37 ശതമാനവും സൗദി അറേബ്യൻ മൈനിംഗ് കമ്പനിയുടെ 49 ശതമാനവും ഓഹരികൾ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്വന്തമാക്കിയിട്ടുണ്ട്. നിയോം, ഖിദ്‌യ, ചെങ്കടൽ എന്നീ വൻകിട പദ്ധതികളിലും പ്രാദേശിക, ആഗോള കമ്പനികളുമായി ചേർന്ന് ഫണ്ട് നിക്ഷേപങ്ങൾ നടത്തുന്നു. 
ആഗോള തലത്തിൽ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് എന്നീ മേഖലകളിലും നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിന് ഫണ്ട് മത്സരിക്കുന്നുണ്ട്. അമേരിക്കയിൽ പശ്ചാത്തല വികസന മേഖലയിൽ ബ്ലാക്‌സ്റ്റോൺ കമ്പനിയുമായി ചേർന്ന് 20 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വൈദ്യുതി കാർ നിർമാതാക്കളായ ലൂസിഡ് മോട്ടോഴ്‌സിൽ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന ടെസ്‌ല കമ്പനിയുടെ അഞ്ചു ശതമാനം ഓഹരികളും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്വന്തമാക്കിയിട്ടുണ്ട്. ഭാവിയിൽ വൈദ്യുതി കാറുകൾക്കുള്ള ആവശ്യം വർധിക്കുമെന്ന കാര്യം കണക്കിലെടുത്താണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത്.
 

Tags

Latest News