Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധം; സര്‍ക്കാരും മുന്നണിയും പ്രതിരോധത്തില്‍

തിരുവനന്തപുരം- പോലീസിനെ പ്രതിക്കൂട്ടിലാക്കിയ സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും പ്രതിസന്ധിയിലാക്കി. വീണുകിട്ടിയ ആയുധം സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതോടെ സര്‍ക്കാരും മുന്നണിയും പ്രതിരോധത്തിലാണ്.
വിഷയത്തില്‍ അന്വേഷണം നടത്തി പ്രതിച്ഛായ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്.എ.പി ക്യാമ്പില്‍നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. സി.എ.ജി കണ്ടെത്തലുകള്‍ തെറ്റാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സി.എ.ജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് മൂന്നു തവണ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. തോക്കുകള്‍ എസ്.എ.പി ക്യാമ്പില്‍ തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ തോക്കുകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായി. പല ക്യാമ്പുകളിലേക്ക് പോയ തോക്കുകള്‍ എസ്.എ.പി ക്യാമ്പില്‍ തന്നെ ശേഖരിച്ചുവെച്ചിട്ടുണ്ട്. ഇത് സി.എ.ജിയുടെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് സി.എ.ജിയെ അറിയിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
പോലീസിനെതിരായ സി.എ.ജി പരാമര്‍ശങ്ങള്‍ എത്രമാത്രം ഗുരുതര സ്വാഭാവമുള്ളതാണെന്ന് ഇന്ന് ചേരുന്ന സി.പി.എം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. ക്രമക്കേടുകളുടെ പേരില്‍ പോലീസിനെതിരെ വിമര്‍ശനം ഏറെ നാളായി നിലവിലുള്ളതാണ്. മാവോയിസ്റ്റ് വെടിവെപ്പ്, പന്തീരാങ്കാവ് യു.എ.പി.എ കേസ് തുടങ്ങിയവയില്‍ സി.പി.ഐക്കൊപ്പം സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളും പോലീസിനെതിരാണ്. പുതിയ സംഭവങ്ങളില്‍ എന്ത് തുടര്‍നടപടിയാവും പാര്‍ട്ടി സ്വീകരിക്കുകയെന്നത് ശ്രദ്ധേയമാണ്. അഴിമതി വിരുദ്ധ പ്രതിച്ഛായ, വികസനനേട്ടങ്ങള്‍ ഇത് രണ്ടും ഉയര്‍ത്തിക്കാട്ടി പ്രചാരണം ശക്തമാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പും അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പും നേരിടാനിരിക്കെയാണ് ഇരുട്ടടി പോലെ സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ പ്രതിസ്ഥാനത്താക്കിയത്. ആയുധങ്ങളൊന്നുമില്ലാതിരുന്ന പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി ലഭിച്ച ഈ ആയുധം നന്നായി തന്നെ ഉപയോഗിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും വിഷയത്തില്‍ ശക്തമായ വിമര്‍ശനങ്ങളുമായി  രംഗത്തെത്തിക്കഴിഞ്ഞു.

 

 

Latest News