കൊടയ്ക്കനാല്‍- സമാധാന പ്രശ്‌നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കച്ചി തടയാന്‍ ശ്രമിച്ച മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള-ഡെസ്മണ്ട് കുട്ടിഞ്ഞ വിവാഹം കൊടയ്ക്കനാലില്‍ മംഗളകരമായി നടന്നു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം കൊടയ്ക്കനാല്‍ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ചടങ്ങ്. പൂക്കളും ഷോളുകളുമായി ആക്ടിവിസ്റ്റ് ദിവ്യ ഭാരതി അടക്കം ഏതാനും പേര്‍ മാത്രമാണ് സാക്ഷികളായി ഉണ്ടായിരുന്നത്. വധൂവരന്‍മാരുടെ മാതാപിതാക്കളോ ബന്ധുക്കളോ ആരും ചടങ്ങിനുണ്ടായിരുന്നില്ല. ദളിത് വിവേചനത്തിനെതിരെ പൊരുതുന്ന ഡോക്യുമെന്ററി സംവിധായിക കൂടിയായ ദിവ്യയായിരിക്കും മണവാട്ടിയുടെ തോഴിയായി ചടങ്ങിലുണ്ടാകുക എന്ന് നേരത്തെ ഇറോം പറഞ്ഞിരുന്നു.
രണ്ടു മാസത്തെ നിയമ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും വ്യാഴാഴ്ച ഔദ്യോഗികമായി വിവാഹിതരായത്. മണിപ്പൂര്‍ സ്വദേശിയായ ഇറോം കൊടയ്ക്കനാലില്‍ താമസിക്കുന്നത് സമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് വിവിധ സംഘടനകളുടെ പരാതിയുണ്ടായിരുന്നു. ഓഗസ്റ്റ് നാലിനു ഇതു ചൂണ്ടിക്കാട്ടി ഹിന്ദു മക്കള്‍ കച്ചി പരാതി നല്‍കുകയും ചെയ്തിരുന്നു. ഇറോം ഈ പട്ടണത്തില്‍ കഴിയുന്നതും ഇവിടെ വച്ച് വിവാഹം നടത്തുന്നതും തടയണമെന്നായിരുന്നു അവരുടെ ആവശ്യം.
എന്നാല്‍ രണ്ടു വ്യക്തികളുടെ സ്വകാര്യ ജീവിതം എങ്ങനെയാണ് ഇവരെ ആശങ്കപ്പെടുത്തുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു ഇറോമിന്റെ പ്രതികരണം. 'ഞങ്ങള്‍ വിവാഹിതരായാലും ഇല്ലെങ്കിലും ഒരുമിച്ച് കൊടയ്ക്കനാലിലെ വീട്ടില്‍ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടു പേരുടെ വിവാഹം എങ്ങനെയാണ് ഈ മനോഹരമായ നാടിന് ഒരു ഭീഷണിയാകുന്നത് എന്നെനിക്കറിയില്ല,' എന്നായിരുന്നു ഇറോമിന്റെ മറുപടി.
ബ്രിട്ടീഷ് പൗരനായ കുടിഞ്ഞയുമായുള്ള വിവാഹ ശേഷവും കൊടയ്ക്കനാലില്‍ സ്ഥിരതാമസമാക്കി മനുഷ്യാവകാശ പോരാട്ടങ്ങള്‍ തുടരുമെന്ന് ഇറോം പറഞ്ഞു.






