സ്വവര്‍ഗ്രപ്രേമികളുടെ ആപ്പിലൂടെ ചതിക്കപ്പെട്ടവരില്‍ കോര്‍പറേറ്റ് ബോസുമാരും

ഗുരുഗ്രാം- സ്വവര്‍ഗ പ്രേമികളുടെ സോഷ്യല്‍ മീഡിയ ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച ശേഷംകബളിപ്പിച്ചും ബ്ലാക്ക്‌മെയില്‍ ചെയ്തും പണം തട്ടിയവരില്‍ തലസ്ഥാനത്ത് 50 ലേറെ മുതിര്‍ന്ന കോര്‍പറേറ്റ് ഉദ്യോഗസ്ഥരും.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗ്രിന്‍ഡര്‍ ആപ്പ് വഴി 150 ഓളം പേരാണ് റാക്കറ്റിന്റെ കെണിയില്‍ കുടുങ്ങിയതെന്ന് ഗുരുഗ്രാം പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഫോട്ടോകളും മറ്റും പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്താണ് ഇവരില്‍നിന്ന് പണം തട്ടിയത്.  

ആപ്ലിക്കേഷനിലൂടെ ഇരകളെ കണ്ടെത്തി ചങ്ങാത്തം കൂടിയ ശേഷം അവരെ ദല്‍ഹി പ്രന്തങ്ങളിലും ഗുരുഗ്രാമിലും എക്‌സ്പ്രസ് വേയിലുമൊക്കെ എത്തിച്ചാണ് കുടുക്കിയിരുന്നത്.

കാറുകളില്‍ പതിയിരുന്ന് ഇരകളുടെ നഗ്‌ന ഫോട്ടോകളെടുക്കുകയും മര്‍ദിക്കുകയും  ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 150 ഇരകളില്‍ 80 പേരെങ്കിലും കണ്ടെത്തിയതായും അന്വേഷണം തുടരുകയാണെന്നും പോലീസ് കമ്മീഷണര്‍ മുഹമ്മദ് അഖില്‍ പറഞ്ഞു.
നാണക്കേട് ഭയന്ന്  ഇരകള്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ഇരകള്‍ മുന്നോട്ട് വന്ന് മൊഴി നല്‍കാന്‍ വിസമ്മതിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ രണ്ടുപേര്‍ ഒളിവില്‍ കഴിയുന്നതിനാല്‍ സംശയമുള്ളവരുടെയും അവരുടെ അക്കൗണ്ടുകളുടെയും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഗ്രിന്‍ഡറിന് കത്തെഴുതിയിരിക്കയാണ് പോലീസ്. ദല്‍ഹി ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ആളുകളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

 

Latest News