ലക്‌നൗ- ഈദാഘോഷങ്ങളുടെ ഭാഗമായി റോഡുകളില്‍ നടക്കുന്ന നമസ്‌ക്കാരങ്ങള്‍ തനിക്ക് തടയാന്‍ കഴിയുന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനുകളിലെ ജന്മാഷ്ഠമി ആഘോഷം തടയാന്‍ തനിക്ക് അവകാശമില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈയിടെ നടന്ന ശിവ ഭക്തരുടെ കന്‍വര്‍ യാത്രയില്‍ മൈക്ക്, ഡീജെ, സംഗീതോപകരണങ്ങള്‍ എന്നിവ വിലക്കണമെന്ന് ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടത് പരമാര്‍ശിക്കവെയാണ് ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്. 'മൈക്ക് ഉപയോഗം എല്ലായിടത്തും നിരോധിക്കുകയാണെങ്കില്‍ ഒരു ആരാധാനാ സ്ഥലങ്ങളില്‍ നിന്നും ശ്ബദം ഉയരാന്‍ പാടില്ല. ഇത്തരമൊരു നിരോധനം കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. അതിനു സാധ്യമല്ലെങ്കില്‍ കന്‍വര്‍ യാത്രയും പതിവുപോലെ നടക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു.'
ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഏഴുപതോളം കുട്ടികള്‍ കൂട്ടത്തോടെ മരിച്ച വാര്‍ത്തയറിഞ്ഞ രാജ്യം നടുങ്ങി നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി ആദിത്യനാഥ് യുപിയില്‍ ഇത്തവണ വിപുലമായ ജന്മാഷ്ഠമി ആഘോഷങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്. കൃഷ്ണ ജന്മാഷ്ഠമി വളരെ പ്രധാനപ്പെട്ട ആഘോഷമാണെന്നും പോലീസ് ഇതു മികച്ച രീതിയില്‍ സംഘടിപ്പിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നേരത്തെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളില്‍ ജന്മാഷ്ഠമി ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രാര്‍ത്ഥനകളും കീര്‍ത്തനങ്ങളും സ്റ്റേഷനുകളില്‍ പുരോഗതിയുണ്ടാക്കുമെന്നാണ് ഈ വിലക്ക് നീക്കികൊണ്ട് ആദിത്യനാഥ് പറഞ്ഞത്.
ഒരു സംഘപരിവാര്‍ സംഘടന നടത്തിയ പരിപാടിക്കിടെയാണ് ബിജെപിയുടെ തീപ്പൊരി നേതാവ് കൂടിയായ ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്. ആര്‍ എസ് എസ് നേതാവ് ദത്തത്രേയ ഹൊസബലെയും വേദിയിലുണ്ടായിരുന്നു. 'കന്‍വര്‍ യാത്രയില്‍ പാട്ടും മുട്ടും ശബ്ദകോലാഹലങ്ങളും വിലക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ആഘോഷങ്ങളൊന്നുമില്ലെങ്കില്‍ പിന്നെ ഇതെന്താ ശവമഞ്ചം പേറിയുള്ള യാത്രയാണോ? കന്‍വര്‍ യാത്രയാണെങ്കില്‍ അതില്‍ പാട്ടും മുട്ടും വാദ്യങ്ങളും മൈക്കും എല്ലാം ഉണ്ടാകും,' അദ്ദേഹം പറഞ്ഞു.
'എല്ലാ ആഘോഷങ്ങളും കൊണ്ടാടാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. ക്രിസ്മസ് ആഘോഷിച്ചോളു... ആരും തടയില്ല. നമസ്‌കരിച്ചോളൂ.. നിയമപരിധിക്കുള്ളില്‍ നിന്ന് നമസ്‌ക്കരിച്ചോളൂ... ആരും തടയില്ല. നിയമം ആരെങ്കിലും ലംഘിച്ചാല്‍ നടപടി എടുക്കേണ്ടിവരും. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഗണേഷ ഉല്‍സവങ്ങളെ ആരും തടയാന്‍ പാടില്ലെന്ന് ദീന്‍ദയാല്‍ ഉപാധ്യയ മുമ്പ് പറഞ്ഞിട്ടുള്ളത്,' ആര്‍ എസ് എസ് സൈദ്ധാന്തികനെ ഉദ്ധരിച്ച് ആദിത്യനാഥ് പറഞ്ഞു.






