Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയും ഡി.ജി.പിയും രാജിവെച്ച്  അന്വേഷണം നേരിടണം -മുല്ലപ്പള്ളി

കണ്ണൂർ-സി.എ. ജി യുടെ ഗുരുതരമായ  ആരോപണങ്ങളിൽ  ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും  ഡി.ജി.പിയും രാജിവെച്ചു  നിയമ നടപടി നേരിടാൻ തയ്യാറാവണമെന്ന്  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്.


ഹൈക്കോടതി നിയമിക്കുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥന്റെ കീഴിൽ അന്വേഷണം വേണം. സി.ബി.ഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും   മുല്ലപ്പള്ളി  പറഞ്ഞു. തോക്കുകൾ നഷ്ടപ്പെട്ട സംഭവം ഗുരുതരം. ഇത്രയും വലിയ വീഴ്ച ഇതാദ്യം. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം.പോലീസ് നവീകരണത്തിനായി കേന്ദ്രം  പണം എങ്ങനെ ചെലവഴിച്ചു എന്ന് വ്യക്തമാക്കണം. എ.സി.എസ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് കരാറുണ്ടാക്കിയോ ഉപാധികൾ എന്തൊക്കെ? സിംസ് പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കിട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്. സമഗ്ര അന്വേഷണം വേണം. അത് ഏത് സർക്കാരിന്റെ കാലത്തേതായാലും ശരി  -മുല്ലപ്പള്ളി പറഞ്ഞു.


ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. മുഖ്യമന്ത്രിക്കാണോ ഡിജിപിക്കാണോ ആഭ്യന്തര വകുപ്പിന്റെ ചുമതല. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബഹ്‌റയെ ഡി.ജി.പിയാക്കിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യധാരണയാണിത്.  മുഖ്യമന്ത്രി ബഹ്‌റയെ വഴിവിട്ട് സഹായിച്ചു.
മുഖ്യമന്ത്രിയും ഡിജിപിയും നിയമ സംവിധാനത്തെ തകർത്തു. - മുല്ലപ്പള്ളി പറഞ്ഞു.
തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. തോക്കുകൾ സ്തൂപം നിർമ്മിക്കാൻ വേണ്ടി മാറ്റിയതാണെന്ന് വരുത്താൻ ശ്രമം. ഉന്നത ഉദ്യോഗസ്ഥരിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചത്. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ പേടിയാണ്.മുഖ്യമന്ത്രിയുടെ അലമാരയിൽ ഒരുപാട് അസ്ഥികൂടങ്ങളുണ്ട്.


മുഖ്യമന്ത്രിക്ക് അന്വേഷണത്തെ ഭയമാണ്. കേന്ദ്രം മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ  വോട്ടർ പട്ടിക സംബന്ധിച്ച ഹൈക്കോടതി വിധി സംസ്ഥാന സർക്കാറിനും സി.പി.എമ്മിനുമേറ്റ കനത്ത പ്രഹരമാണെന്ന് ഒരു ചോദ്യത്തിനുത്തരമായി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.


 

Latest News