ന്യുദല്‍ഹി- 22 കാരറ്റില്‍ കൂടുതല്‍ പരിശുദ്ധിയുള്ള സ്വര്‍ണ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. രാജ്യത്തു നിന്നും കയറ്റുമതി ചെയ്യുന്ന സ്വര്‍ണം മൂല്യവര്‍ധനകളൊന്നുമില്ലാതെ വിദേശത്ത് നിന്ന് ഇവിടേക്കു തന്നെ തിരിച്ചെത്തുന്നതു തടയാനാണ് സര്‍ക്കാരിന്റെ നീക്കം. എട്ടു മുതല്‍ 22 കാരറ്റ് വരെ പരിശുദ്ധിയുള്ള സര്‍ണ്ണമടങ്ങിയ മെഡലുകളുടേയും ആഭരണങ്ങളടേയും കയറ്റുമതി മാത്രമെ അനുവദിക്കൂ. ഇതിനു കാരണം കാണിക്കേണ്ടതില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യക്തമാക്കുന്നു.
ഈ നിരോധനത്തോടെ ദുബായിലേക്കുള്ള സര്‍ണകയറ്റുമതിയും അവിടുന്ന് ഇങ്ങോട്ടുള്ള റൗണ്ട് ട്രിപ്പിംഗ് വരവും നില്‍ക്കുമെന്ന് ഇന്ത്യ ബുള്യന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ് എന്ന സംഘടനയുടെ ഒരു ഭാരവാഹി പറയുന്നു. റൗണ്ട് ട്രിപ്പിംഗിലൂടെ ഒരു വ്യാപാരിക്ക് ഏറ്റവും കുറഞ്ഞ ഇറക്കുമതി നിരക്കില്‍ സ്വര്‍ണ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനും ഇതെ ചരക്ക് യാതൊരു മൂല്യവര്‍ധനകളുമില്ലാതെ വീണ്ടും കയറ്റുമതി ചെയ്യാനും കഴിയും.
എന്നാല്‍ രണ്ടു ദിവസം മുമ്പ് നിലവില്‍ വന്ന നിരോധനം സ്വര്‍ണാഭരണങ്ങളുടേയും നാണയങ്ങളുടേയും മെഡലുകളുടേയും കയറ്റുമതിയെ ബാധിക്കും. നിലവില്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന കറന്റ് അക്കൗണ്ട് കമ്മി ഇനിയും വര്‍ധിക്കുന്നത് തടയാനുള്ള നീക്കമാകാം ഇപ്പോഴത്തെ കയറ്റുമതി നിയന്ത്രണമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ജൂലൈയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ഏകദേശം ഇരട്ടിയായി വര്‍ധിച്ച്് 2.1 ശതകോടി ഡോളറിലെത്തിയിരിക്കുന്നു. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യക്കാര്‍.