Sorry, you need to enable JavaScript to visit this website.

പുനരധിവാസം വൈകുന്നു; ഉള്ളുരുകി പുത്തുമലയിലെ ദുരിതബാധിതർ

കൽപറ്റ- മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിൽ പുതഞ്ഞ പുത്തുമല ഗ്രാമത്തിലെ കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു.  ദുരന്തം നടന്നു ആറു മാസം പിന്നിട്ടിട്ടും പുനരധിവാസത്തിനു യോജിച്ച ഭൂമി  കണ്ടെത്തി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞില്ല. 
മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി വിലയ്ക്കു വാങ്ങി നൽകുന്ന  ഏഴും  ഇതോടുചേർന്നു മംസാർ ഗ്രൂപ്പിലെ നൗഫൽ അഹമ്മദ് സൗജന്യമായി നൽകുന്ന  ഒന്നരയും ഏക്കർ ഭൂമി പുനരധിവാസ പദ്ധതിക്കു ഉപയോഗപ്പെടുത്താനായിരുന്നു ആദ്യം തീരുമാനം. 


2019 ഡിസംബർ 24നു പദ്ധതിയുടെ ശിലാസ്ഥാപനവും നിശ്ചയിച്ചു.  കള്ളാടിയിലെ ഭൂമിയിൽ നാലു ക്ലസ്റ്ററുകളിലായി 60 പ്രകൃതിസൗഹൃദ വീടുകൾ നിർമിക്കാനായിരുന്നു പദ്ധതി. പ്രധാന റോഡിനു പുറമേ മുഴുവൻ വീടുകളെയും ബന്ധപ്പെടുത്തി റിംഗ് റോഡും പൊതുയിടം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം, കുടിവെളള വിതരണ സംവിധാനം , മഴവെള്ള സംഭരണി  തുടങ്ങിയ  സൗകര്യങ്ങളും ഇവിടെ വിഭാവനം ചെയ്തത്. ഇന്ത്യൻ ആർക്കിടെക്റ്റ് അസോസിയേഷൻ കാലിക്കറ്റ് ചാപ്റ്ററാണ് പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയാറാക്കിയത്. ജില്ല മണ്ണു സംരക്ഷണ വിഭാഗത്തിന്റെ പരിശോധനയിൽ പ്രദേശം വാസയോഗ്യമാണെന്നും കണ്ടെത്തുകയുണ്ടായി. കാലിക്കറ്റ്  കെയർ ഫൗണ്ടേഷനാണ് വീടുകൾ സ്‌പോൺസർ ചെയ്തത്. 
നടപടികൾ പുരോഗമിക്കവെ ഭൂമിയുമായി ബന്ധപ്പെട്ടു നിയമപ്രശ്‌നങ്ങൾ ഉയർന്നു. അതോടെ കള്ളാടിയിലെ ഭൂമി വിലയ്ക്കുവാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചു. മേപ്പാടി പഞ്ചായത്തിലെ മുക്കിൽപീടിക പൂത്തക്കൊല്ലിയിൽ ഭൂമി ഏറ്റെടുക്കാനാണ് ഇപ്പോൾ നീക്കം. 


പുത്തുമലയിൽ 120 കുടുംബങ്ങളെയാണ്  പുനരധിവസിപ്പിക്കേണ്ടത്. ഇതിൽ 58 കുടുംബങ്ങൾക്കാണ്  ഉരുൾപൊട്ടലിൽ വീടും ഭൂമിയും ജീവനോപാധികളും നഷ്ടമായത്. ദിവസങ്ങളോളം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങളെ പിന്നീടു വാടക വീടുകളിലേക്കു മാറ്റി. വാടക ഇനത്തിൽ ഓരോ കുടുംബത്തിനും മാസം 3,000 രൂപയാണ് മേപ്പാടി പഞ്ചായത്ത് അനുവദിക്കുന്നത്. ഫണ്ടിന്റെ അഭാവത്തിൽ കുറച്ചായി ഈ തുകയും കുടുംബങ്ങൾക്കു ലഭിക്കുന്നില്ല. 8,000 രൂപ വരെ മാസ വാടകയുള്ള വീടുകളാണ് കുടുംബങ്ങൾ താത്കാലിക വാസത്തിനു എടുത്തത്. പഞ്ചായത്ത് അനുവദിക്കുന്നതു ഒഴികെ വാടക സ്വന്തമായാണ് വഹിക്കുന്നത്. വരുമാന മാർഗങ്ങൾ അടഞ്ഞ കുടുംബങ്ങൾ വാടക നൽകാൻ ബുദ്ധിമുട്ടുകയാണ്. പല കുടുംബങ്ങളിലെയും അംഗങ്ങൾ കൂലിപ്പണിക്കുപോയാണ് ഉപജീവനത്തിനു വഴി കണ്ടെത്തുന്നത്. പുനരധിവാസം വൈകുന്നതു മുഴുവൻ ദുരിതബാധിത കുടുംബങ്ങളെയും വെട്ടിലാക്കിയിരിക്കയാണ്. ഈ പശ്ചാത്തലത്തിൽ സ്ഥലമെടുപ്പു എത്രയും വേഗം നടത്തണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. വീടുകൾ നിർമിക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനുമുള്ള സന്നദ്ധത വിവിധ സ്ഥാപനങ്ങൾ ജില്ലാ ഭരണകൂടത്തെ നേരത്തേ അറിയിച്ചതാണ്. 


ഉരുൾപൊട്ടലിൽ പുത്തുമലയിൽ 17 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. വിവിധ സേനാംഗങ്ങളുടെയും വളണ്ടിയർ സംഘങ്ങളുടെയും  നാട്ടുകാരുടെയും തെരച്ചലിൽ 12 മൃതദേഹങ്ങൾ കിട്ടി. പുത്തുമല എസ്റ്റേറ്റ് കാന്റീനിലെ സഹായി എടക്കണ്ടത്തിൽ നബീസ(72), പുത്തുമല നാച്ചിവീട്ടിൽ അവറാൻ(68), കണ്ണൻകാടൻ അബൂബക്കർ(62), മുത്താറത്തൊടി ഹംസ(62), അണ്ണയ്യൻ(56) എന്നിവർക്കായുള്ള തെരച്ചിൽ വിഫലമായി. കാണാതായവർക്കായുള്ള തെരച്ചിൽ ഓഗസ്റ്റ് 26നാണ് ജില്ലാ ഭരണകൂടം നിർത്തിവെച്ചത്. കാണാതായ മുഴുവൻ പേരുടെയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് 18 ദിവസം നീണ്ട തെരച്ചിൽ അവസാനിപ്പിച്ചത്. പുത്തുമലയിൽ 11-12 അടി ഉയരത്തിലാണ് കല്ലും മണ്ണും മരക്കഷ്ണങ്ങളും അടിഞ്ഞത്. 
പച്ചക്കാടുനിന്നു അഞ്ചു കിലോമീറ്റർ അകലെയുള്ള സൂചിപ്പാറ, നിലമ്പൂർ അതിർത്തിവരെ വെള്ളപ്പാച്ചിൽ ഉണ്ടായ പ്രദേശങ്ങൾ എന്നിവിടങ്ങളിലും കാണാതായവർക്കായി തെരച്ചിൽ  നടത്തിയിരുന്നു. 

Latest News