പൗരത്വ പട്ടിക പാര്‍ട്ടിയുടെ വാഗ്ദാനമെന്നും നടപ്പിലാകുമെന്നും അമിത്ഷാ

ന്യൂദല്‍ഹി- ദേശീയ പൗരത്വ പട്ടിക സംഭവിക്കുമെന്നും അത് പാര്‍ട്ടി പ്രകടനപ്രത്രികയിലുള്ളതാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതു പറഞ്ഞ അദ്ദേഹം അതേ ശ്വാസത്തില്‍തന്നെ എന്‍.ആര്‍.സി നടപ്പിലാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും പറഞ്ഞു.
ഇന്ന് ഉദ്ഘാടനം ചെയ്ത പുതിയ ടെലിവിഷന്‍ ചാനലില്‍ സംപ്രഷണം ചെയ്ത അഭിമുഖത്തിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേശീയ പൗരത്വ പട്ടികയെ കുറിച്ചുള്ള ചോദ്യത്തിന് അമിത് ഷാ ആശയക്കുഴപ്പമുണ്ടാക്കുന്ന മറുപടിയാണ് നല്‍കിയത്. എന്‍.ആര്‍.എസി നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എന്‍.ആര്‍.സി പാര്‍ട്ടിയുടെ പ്രകടന പത്രികയിലുള്ളതാണെന്നും അത് സംഭവിക്കുമെന്നും വ്യക്തമാക്കി.
പൗരത്വ പട്ടിക നടപ്പാക്കുമെന്ന് ഉറപ്പാണെങ്കില്‍ പിന്നെ തീരുമാനമെടുത്തിട്ടില്ല എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യം നിലനില്‍ക്കുന്നു.
നേരത്തെ നല്‍കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കാന്‍ കാലക്രമമാണ് മന്ത്രി ഉപയോഗിച്ചിരുന്നത്. ആദ്യം സി.എ.ബി (പൗരത്വ ഭേഗതി ബില്‍) പാസാക്കി നടപ്പിലാക്കുമെന്നും പിന്നീട് ദേശവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കുമെന്നായിരുന്നു അന്ന് അദ്ദേഹം നല്‍കിയ മറപടി.

 

Latest News