Wednesday , February   26, 2020
Wednesday , February   26, 2020

ലെവി നിജപ്പെടുത്തുമോ? പ്രതീക്ഷയിൽ പ്രവാസികൾ

സൗദി അറേബ്യയിൽ കഴിയുന്ന ലക്ഷക്കണക്കായ വിദേശികൾക്ക് ഏറെ സന്തോഷവും ആശ്വാസവും പകരുന്ന നിർദേശമാണ് പ്രതിനിധി സഭയായ ശൂറാ കൗൺസിലിൽ നിന്നുണ്ടായിട്ടുള്ളത്. ആശ്രിത ലെവിയും സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കുള്ള ലെവിയും കഴിഞ്ഞ വർഷത്തെ നിരക്കിൽ നിജപ്പെടുത്തണമെന്നാണ് ശൂറാ കൗൺസിലിന്റെ നിർദേശം. സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ തോതിലേക്ക് ലെവി കുറക്കുന്ന കാര്യവും അതേ നിരക്കിൽ ലെവി സ്ഥിരപ്പെടുത്തുന്ന കാര്യവും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ഏകോപനം നടത്തി വാണിജ്യ, നിക്ഷേപ മന്ത്രാലയം പഠിക്കുകയും പരിഗണിക്കുകയും വേണമെന്നാണ് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പഠിച്ച് ശൂറാ കൗൺസിലിലെ സാമ്പത്തിക, ഊർജ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 
ഇതേത്തുടർന്ന് വിശദമായ ചർച്ചകൾ നടത്തിയും അംഗങ്ങളുടെ അഭിപ്രായ, നിർദേശങ്ങൾ പരിഗണിച്ചും സാമ്പത്തിക, ഊർജ കമ്മിറ്റി നൽകിയ മറുപടികൾ വിലയിരുത്തിയുമാണ് ശുപാർശ ശൂറ കൗൺസിൽ ഐക്യകണ്‌ഠേന അംഗീകരിച്ചിട്ടുള്ളത്.  അതിനാൽ ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിശദമായ പഠനങ്ങൾക്കുശേഷം നടത്തിയ ശുപാർശ എന്ന നിലയിൽ സർക്കാർ ഇതു പരിഗണിക്കാനുള്ള സാധ്യത ഏറെയാണ്. വിദേശികൾക്ക് ബാധകമാക്കിയ ലെവി പുനഃപരിശോധിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അടുത്തിടെ വ്യക്തമാക്കിയിരുന്നുവെങ്കിലും വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ശൂറാ കൗൺസിൽ പാസാക്കിയ ശുപാർശ എന്ന നിലയിൽ അതു പരിഗണിക്കപ്പെടാൻ തെന്നയാണ് സാധ്യത. വാണിജ്യ, വ്യവസായ രംഗത്തുനിന്ന്്  ഇത്തരമൊരു ആവശ്യം നേരത്തെ മുതൽ ശക്തമാണ്. 
വിഷൻ 2030ന്റെ ഭാമായി എണ്ണ ഇതര വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2017 ജൂലൈ മുതലാണ് ആശ്രിതരായി സൗദിയിൽ കഴിയുന്ന ഓരോരുത്തരും മാസം തോറും 100 റിയാൽ വീതം ലെവിയായി അടക്കണമെന്ന ഉത്തരവുണ്ടായത്. അതു വർഷം തോറും 100 റിയാൽ വീതം വർധിപ്പിക്കുതിനും തീരുമാനിച്ചിരുന്നു. അതു പ്രകാരം നിലവിൽ 300 റിയാലാണ് ആശ്രിതരുടെ പ്രതിമാസ ലെവി. ഇത് അടുത്ത ജൂലൈ മുതൽ 400 റിയാലായി വർധിക്കും. 
ലെവി പ്രഖ്യാപനം ഉണ്ടായതു മുതൽ സാമ്പത്തിക ബാധ്യത താങ്ങാനാവാതെ ലക്ഷക്കണക്കിനു വിദേശികളുടെ കുടുംബങ്ങൾ അവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇത് ഫഌറ്റുകളുടെ വാടകയിൽ നേരിയ കുറവിനിടയാക്കിയത് ആശ്വാസം പകർന്നിരുന്നുവെങ്കിലും വർഷം തോറുമുള്ള വർധനയിൽ മൂന്നും നാലും അംഗങ്ങളുടെ ചെറിയ വരുമാനക്കാരായ കുടുംബങ്ങൾക്കു പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യം വന്നു. ഇതു കുടുംബങ്ങളുടെ മടക്കത്തിനു ആക്കം കൂട്ടി. 
സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ചെറുകിട സ്ഥാപനങ്ങളെയും തളർത്തി. ഇക്കഴിഞ്ഞ ജനുവരിയിൽ വിദേശ തൊഴിലാളികൾക്കുള്ള ലെവി പരമാവധി പരിധിയിലെത്തിയിരിക്കുകയാണ്. സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസ ലെവി 700 റിയാലും ആണ് നൽകേണ്ടത്. കഴിഞ്ഞ കൊല്ലം ഇത് യഥാക്രമം 600 റിയാലും 500 റിയാലും വീതമായിരുന്നു. തൊഴിലാളികളുടെ ലെവി ചെറുകിട സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കാൻ പല തൊഴിലുടമകളെയും പ്രേരിപ്പിച്ചു. ഇത് ആയിരക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടത്തിനിടയാക്കി. 
ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ തൊഴിൽ നഷ്ടം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഏഴു ലക്ഷത്തോളം ഇന്ത്യക്കാർ സൗദി അറേബ്യ വിട്ടുവെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ പാർലമെന്റിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 


വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


2017 സെപ്റ്റംബറിൽ 32,53,901 ഇന്ത്യക്കാരുണ്ടായിരുന്നത് ഇപ്പോൾ 25,94,947 ആയി കുറഞ്ഞുവെന്നാണ് അംഗങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മന്ത്രി പാർലമെന്റിൽ പറഞ്ഞത്. ഇത് ഇന്ത്യയിൽനിന്നുള്ളവരുടെ മാത്രം കണക്കാണ്. നൂറോളം രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിലുണ്ട്. ഇന്ത്യക്കാർ മടങ്ങിയതുപോലെ മറ്റു രാജ്യക്കാരായ ലക്ഷക്കണക്കിനുപേരും കഴിഞ്ഞ മൂന്നു വർഷത്തിനിടെ സൗദി അറേബ്യ വിട്ടിരുന്നു. ഇത് റിയൽ എസ്റ്റേറ്റിനെ മാത്രമല്ല, വാഹന വിപണി ഉൾപ്പെടെ വ്യാപാര, വാണിജ്യ രംഗത്തെ ഒരു പരിധിവരെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ രംഗത്തുനിന്ന് ലെവി നിജപ്പെടുത്തണമെന്ന നിർദേശം ഉയർന്നത്. അതു ശൂറാ കൗൺസിൽ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ്. 
ഇതിനിടയിലും രാജ്യത്തിന്റെ സാമ്പത്തിക നില ഓരോ വർഷവും ശക്തമായി വരികയാണ്. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ലക്ഷ്യമിടുന്ന വിഷൻ 2030 പ്രഖ്യാപിച്ച നാലു വർഷത്തിനുള്ളിൽ പെട്രോൾ ഇതര വരുമാനം ഇരട്ടിയാക്കാൻ സൗദി അറേബ്യക്കു സാധിച്ചു. 2016 ഏപ്രിൽ 25 ന് വിഷൻ 2030 പ്രഖ്യാപിക്കുന്നതിനു മുൻപ് 2015 ൽ സൗദി അറേബ്യയുടെ പെട്രോൾ ഇതര വരുമാനം 166.3 ബില്യൺ റിയാലായിരുന്നത് കഴിഞ്ഞവർഷം 315 ബില്യൺ റിയാലായി ഉയർന്നു. മൊത്തം പൊതു വരുമാനത്തിന്റെ 34 ശതമാനം വരുമിത്. ഇത് സർവകാല റെക്കോർഡാണ്. ഈ വർധനയും ശൂറാ കൗൺസിലിന്റെ നിർദേശവും ലെവി നിജപ്പെടുത്തുന്ന തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചേക്കാം. 
ഏവരും ഉറ്റു നോക്കുന്ന ആ തീരുമാനം ഉണ്ടായാൽ വിദേശികൾക്ക് അതു നൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല.

Latest News