Wednesday , February   26, 2020
Wednesday , February   26, 2020

ആശ്വസിക്കാം, ആഹ്ലാദിക്കാനായിട്ടില്ല

മൂന്നുസീറ്റിൽ മത്സരിച്ച സി.പി.എമ്മിനു ദൽഹിയിൽ കിട്ടിയത് നോട്ടയേക്കാൾ താഴെ 0.01 ശതമാനം വോട്ട്. അത്രതന്നെ മത്സരിച്ച സി.പി.ഐയ്ക്കും 0.02 ശതമാനം വോട്ട്. കോൺഗ്രസിനു 4.26 ശതമാനം വോട്ടുകിട്ടിയതിനെ സി.പി.എം ചാനലിലിരുന്ന് അതിന്റെ മേധാവി ചൊവ്വാഴ്ച രാത്രി ഏറെ പരിഹസിക്കുന്നതു കേട്ടു. ദൽഹിയിൽ എ.കെ.ജി ഭവനു പുറമെ ഹർകിഷൻ സിംഗ് സുർജിത് സ്മാരക ഭവനംകൂടി പണിത് അവിടെയിരുന്ന് ദേശീയ രാഷ്ട്രീയം നിയന്ത്രിക്കാൻ ശ്രമിക്കുന്ന സ്വന്തം പാർട്ടിയുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹത്തോട് ആരും തിരിച്ചു ചോദിച്ചില്ല. അത്  അവരുടെ മാന്യത.

മുകളിൽ പറഞ്ഞതാണ് എല്ലാവരും ഉറ്റുനോക്കിയ ദൽഹി ജനവിധിയുടെ ആറ്റിക്കുറുക്കിയ സന്ദേശം. നരേന്ദ്രമോഡിയേയും അദ്ദേഹത്തിന്റെ പൗരത്വ ഭേദഗതി നിയമത്തേയും ദൽഹിയിലെ ജനങ്ങൾ ചൂലെടുത്തു പുറന്തള്ളി. തീർച്ചയായും അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിയും ചരിത്രവിജയം നേടിയതിന് സവിശേഷതകളേറെ എണ്ണിപ്പറയാനുണ്ടെങ്കിലും.  
വോട്ട് എണ്ണിത്തുടങ്ങിയിട്ടും ആം ആദ്മിയുടെ മുന്നേറ്റം അംഗീകരിക്കാൻ തയാറില്ലാതെ തങ്ങൾ അധികാരത്തിൽ വരുമെന്ന് വീമ്പുപറഞ്ഞുകൊണ്ടിരുന്നു ബി.ജെ.പി. അത് യാഥാർത്ഥ്യമായി തീർന്നിരുന്നെങ്കിൽ  പൗരത്വ നിയമത്തിനും നരേന്ദ്രമോഡിക്കുമുള്ള ജനവിധിയെന്ന് ബി.ജെ.പി ആർത്തുവിളിക്കുമായിരുന്നു.  മാധ്യമലോകം അത് ഏറ്റുപാടുകയും. ഷഹീൻ ബാഗിലെ 'ഒ
റ്റുകാരെ' വെടിവെച്ചുകൊല്ലാൻ ആഹ്വാനംചെയ്തവർ ഭരണഘടന സംരക്ഷിക്കാൻ രാജ്യമാകെ സമരരംഗത്തിറങ്ങിയവർക്കുനേരെ മിന്നലാക്രമണം തുടങ്ങുകയും ചെയ്യുമായിരുന്നു.
ന്യൂദൽഹിയിലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാർട്ടി ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങിയെന്ന് ചൊവ്വാഴ്ച ന്യൂയോർക്ക് ടൈംസ് പത്രം  റിപ്പോർട്ടുചെയ്തു.  അതേ ശ്വാസത്തിൽ ഇത്രയുംകൂടി എഴുതിച്ചേർത്തു: തലസ്ഥാന നഗരിയിലെ സംസ്ഥാന തെരഞ്ഞെടുപ്പു വിധിയെ തനിക്കും തന്റെ ഹിന്ദുത്വ ദേശീയ വേദിക്കുമുള്ള ഹിതപരിശോധനയാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിച്ചിരുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിച്ച ഒരു ആം ആദ്മി പാർട്ടി എം.എൽ.എയ്ക്കുനേരെ ദൽഹിയിൽ ചൊവ്വാഴ്ച രാത്രി വെടിവെപ്പു നടന്നതും ഒപ്പമുള്ളവരിൽ ഒരാൾ മരണപ്പെട്ടതും ഇന്ത്യയിൽ ഇനിയും ആപത്തൊഴിഞ്ഞിട്ടില്ലെന്നാണ് വിളംബരം ചെയ്യുന്നത്. 
തീർച്ചയായും കെജ്‌രിവാൾ ദൽഹിയിൽ രാജ്യത്തിനു മാതൃകയായി ഒരു വികസന അജണ്ട നടപ്പാക്കിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബത്തിനും നേരിൽ അനുഭവപ്പെടുന്ന നടപടികൾ.  അതിന്റെ പേരിൽ 70ൽ 62 സീറ്റും 53 ശതമാനത്തിലേറെ വോട്ടും നൽകി ജനങ്ങൾ ആം ആദ്മി പാർട്ടിയെ മൂന്നാം തവണയും അധികാരത്തിൽ കൊണ്ടുവന്നു. 
എന്നാൽ ഈ വികസന അജണ്ടയ്ക്കുമേൽ ഉയർന്നുനിന്ന, രാജ്യത്തെയാകെ ജാഗ്രമാക്കിയ ഒന്നായിരുന്നു ദൽഹി തെരഞ്ഞെടുപ്പിന്റെ കേന്ദ്ര ബിന്ദുവായി മാറിയ പൗരത്വ സമരം. ഷഹീൻ ബാഗിലും ജാമിയാ മിലിയ സർവ്വകലാശാലയിലും ജുമാ മസ്ജിദിലും മുസ്തഫാബാദിലും ശ്രീലംപൂരിലും മറ്റും ത്രിവർണ പതാകയും ഭരണഘടനയും ഉയർത്തി ആയിരങ്ങൾ അണിചേർന്ന പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം ദൽഹിയെ ആടിയുലച്ചിരുന്നു. 
അതിനെതിരെയുള്ള യുദ്ധ കാഹളമായിരുന്നു പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ദൽഹിയിൽ നടത്തിയ തെരഞ്ഞെടുപ്പു  പ്രചാരണം. എഴുപതോളം കേന്ദ്ര മന്ത്രിമാർ, ഇരുനൂറിലേറെ എം.പിമാർ, പതിനൊന്ന് സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവരുടെ ഒരു പടയെയാണ് പ്രധാനമന്ത്രി നയിച്ചത്. ഇന്ത്യയിൽ  ഒരു സംസ്ഥാനത്തും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇതുപോലൊരു തെരഞ്ഞെടുപ്പു പ്രചാരണം ചരിത്രത്തിലുണ്ടായിട്ടില്ല. അതും ദൽഹി നിവാസികളുടേയോ സംസ്ഥാനത്തിന്റേയോ പ്രശ്‌നങ്ങൾ ചർച്ചചെയ്യാതെ. വർഗീയതയുടെയും വെറുപ്പിന്റെയും കാലുഷ്യത്തിന്റെയും ഭ്രാന്തമായ പടയോട്ടമാണ് തെരഞ്ഞെടുപ്പിന്റെ പേരിൽ കണ്ടത്. 
പോരാഞ്ഞ് അയോധ്യാ ക്ഷേത്ര നിർമ്മാണ ട്രസ്റ്റ് രൂപീകരണം പ്രഖ്യാപിച്ചതടക്കമുള്ള ഹിന്ദുത്വ കാർഡിറക്കി. കെജ് രിവാളിനെ പാക്കിസ്ഥാൻ  ഏജന്റെന്നു വിശേഷിപ്പിച്ചു. പാർലമെന്റിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ആം ആദ്മി പാർട്ടി രഹസ്യമായി ഷഹീൻ ബാഗിൽ നിയമവിരുദ്ധ സമരത്തെ സഹായിക്കുകയാണെന്ന് പ്രചരിപ്പിച്ചു. ആം ആദ്മി പാർട്ടി   ഹിന്ദുക്കൾക്കെതിരാണെന്നും. വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർ തന്നെ പത്രസമ്മേളനം വിളിച്ച് കെജ്‌രിവാൾ ഭീകരനാണെന്നും അതിന്റെ തെളിവുകളുണ്ടെന്നും അവകാശപ്പെട്ടു. 
അങ്ങനെ ദൽഹിയിൽ ഹിന്ദു-മുസ്‌ലിം ചേരിതിരിവുണ്ടാക്കി ഭൂരിപക്ഷ പിന്തുണനേടി അധികാരത്തിലേറാനുള്ള അജണ്ടയായിരുന്നു ബി.ജെ.പിയുടേത്. ഗാന്ധിവധത്തിനു ശേഷം ദൽഹിയിൽ നടന്ന മതവിദ്വേഷത്തിന്റെ ഏറ്റവും മാരകമായ പ്രചാരണമായിരുന്നു പ്രധാനമന്ത്രിയുടെതന്നെ നേതൃത്വത്തിൽ ദൽഹിയിൽ നടന്നത്. 'സുഹൃത്തുക്കളെ, ഏറെ രോഷത്തോടെ ഇവിടെനിന്നു നിങ്ങൾ ബാലറ്റുപെട്ടിയിലെ ബട്ടൻ അതിശക്തിയായി അമർത്തുക. അതിന്റെ വൈദ്യുതാഘാതം ഷഹീൻ ബാഗിന്റെ അകത്തുവരെ തട്ടട്ടെ' എന്നാണ് എല്ലാ  തെരഞ്ഞെടുപ്പുയോഗങ്ങളിലും ആഭ്യന്തരമന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തത്. 
വോട്ടർമാർ ശക്തമായ രോഷം പ്രകടിപ്പിച്ച് ബട്ടനമർത്തിയപ്പോൾ അതിന്റെ ആഘാതം ഷഹീൻ ബാഗിലല്ല പ്രധാനമന്ത്രി മോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മേൽതന്നെയാണ് എത്തിയതെന്ന് തെരഞ്ഞെടുപ്പുഫലം അവലോകനംചെയ്ത്  ബുധനാഴ്ച ടെലഗ്രാഫ് പത്രം പരിഹസിച്ചു. രണ്ട് സന്ദേശംകൂടി ജനവിധി ബി.ജെ.പിക്കു നൽകുന്നുണ്ട്. നരേന്ദ്രമോഡിയുടെ ദേശീയ അജണ്ട സംസ്ഥാനങ്ങൾ അംഗീകരിക്കുന്നില്ല. അധികാരത്തിൽ വന്നശേഷം മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു. ഇപ്പോഴിതാ മൂക്കിനുതാഴെയുള്ള ദൽഹിയിലും. 
രണ്ട്, എന്തുവന്നാലും അമിത് ഷായും ആഭ്യന്തരവകുപ്പും അദ്ദേഹത്തിന്റെ മൈക്രോ മാനേജ്‌മെന്റും എല്ലാം ശരിയാക്കും. അത് തുടർച്ചയായി തിരുത്തപ്പെടുകയാണ്.  വോട്ടെടുപ്പു കഴിഞ്ഞ് തെരഞ്ഞെടുപ്പു ചുമതലക്കാരെ വിളിച്ചു ചർച്ചചെയ്ത് അമിത് ഷാ പറഞ്ഞു: എക്‌സിറ്റ് പോളുകൾ പോക്കാണ്. അവസാനം നമ്മൾതന്നെ അധികാരത്തിൽവരും.
അത് വിശ്വസിച്ച് പിറ്റേന്നും വോട്ടെണ്ണുന്ന ദിവസം ദൽഹി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വെല്ലുവിളിച്ചു: ശരിയായ ഫലം വരട്ടെ. 
ഫലം വന്നപ്പോൾ  ആ ചെറുപ്പക്കാരൻ നേതാവ് പാർട്ടി ആഫീസിൽനിന്ന് സ്ഥലംവിട്ടു. നരേന്ദ്ര മോഡി - അമിത് ഷാ കൂട്ടുകെട്ട് എന്ന ബി.ജെ.പിയുടെ രാഷ്ട്രീയ എഞ്ചിൻ ഷെഡ്ഡിൽ കയറ്റാൻ സമയമായി.
ജാമിയ മില്ലിയയും ഷഹീൻ ബാഗുമുൾപ്പെട്ട ഓഖ്‌ല നിയമസഭാ മണ്ഡലത്തിൽ 71,827 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. ജുമാ മസ്ജിദ് ഉൾപ്പെട്ട ചാന്ദ്‌നി ചൗക്ക്, പ്രക്ഷോഭം ശക്തമായുയർന്ന ശ്രീലംപൂർ, മെഹ്‌റോളിൻ തുടങ്ങിയ മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടി ബി.ജെ.പി സ്ഥാനാർത്ഥികളെ തോല്പിച്ചത്. 
മറ്റൊരു പ്രക്ഷോഭ കേന്ദ്രമായ മുസ്തഫാബാദിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് ഇരുപതിനായിരത്തിൽപരം വോട്ടുകൾക്ക് എ.എ.പി പിടിച്ചെടുക്കുകയും ചെയ്തു. 
ഹിന്ദു-മുസ്‌ലിം വർഗീയ വിഭജനംകൊണ്ട് ബി.ജെ.പി നേടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 6.32 ശതമാനം വോട്ടാണ്. മൂന്നു സീറ്റുണ്ടായിരുന്നത് 8 ആക്കി വർദ്ധിപ്പിക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. എന്നാൽ 2013ലെ നിയമസഭയിൽ ബി.ജെ.പിക്ക് 34.12 ശതമാനം വോട്ടും 31 സീറ്റും ഉണ്ടായിരുന്നു എന്നുകൂടി ഓർക്കുക. അത് നരേന്ദ്രമോഡി ദൽഹിയിൽ എത്തുന്നതിനു മുമ്പായിരുന്നു എന്നും.
ആം ആദ്മി പാർട്ടിയാകട്ടെ തുടർച്ചയായി ദൽഹി നിയമസഭയിൽ യഥാക്രമം 54.59, 53.57 ശതമാനം വോട്ട് നേടി അപൂർവ്വ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇത്തവണ. ഗുജറാത്ത് നിയമസഭയിൽ നരേന്ദ്രമോഡിക്കുപോലും 50 ശതമാനത്തിലേറെ വോട്ട് നേടാൻ കഴിഞ്ഞിട്ടില്ല. ത്രിപുരയിലെ ഇടതുമുന്നണി ഗവണ്മെന്റും ഒരിക്കൽ ഗുജറാത്തിൽ കോൺഗ്രസ് ഗവണ്മെന്റും മാത്രമാണ് ഈ റിക്കാർഡ് കരസ്ഥമാക്കിയത്. 
എന്നുവെച്ചാൽ കെജ്‌രിവാൾ എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിപ്രഭാവവും ജനങ്ങൾ - വിശേഷിച്ചും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിട്ടനുഭവിച്ച സർക്കാറിന്റെ വികസന നേട്ടങ്ങളുമാണ് എ.എ.പിയെ വിജയിപ്പിച്ചത് എന്നത് വസ്തുതയാണ്. മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമില്ലാത്ത, പൗരത്വ നിയമത്തിനെതിരെ ശക്തമായ സമരം നടക്കുന്ന മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത് ജനങ്ങളുടെ മതനിരപേക്ഷ പിന്തുണയാണ് കാണിക്കുന്നത്. പ്രക്ഷോഭത്തിന് ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുണ്ടെന്നും. പ്രധാനമന്ത്രിയും സഹപ്രവർത്തകരും നടത്തിയ വർഗീയ വിഭജനത്തേയും പാക് വിരുദ്ധ പ്രചാരവേലയേയും കേന്ദ്ര ഭരണ സിരാകേന്ദ്രം നിലകൊള്ളുന്ന രാജ്യ തലസ്ഥാനത്തെ പ്രബുദ്ധരായ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു. 
കേരളം, ബംഗാൾ ഏറ്റവുമൊടുവിൽ പോണ്ടിച്ചേരിയടക്കം പൗരത്വ നിയമത്തിനെതിരെ നിലയുറപ്പിച്ചിട്ടുള്ള രാജ്യത്തെ ജനവിഭാഗങ്ങൾക്കാകെ പിന്തുണ നൽകുന്നതാണ് ദൽഹിയിൽനിന്നുള്ള ജനവിധി. 
ഇതിനിടയിൽ ദൽഹിയിലിരുന്ന് രാജ്യഭാരം നടത്തുകയും ദൽഹി സംസ്ഥാനംതന്നെ ഏറെക്കാലം ഭരിക്കുകയും ചെയ്ത കോൺഗ്രസ് തോൽവിയിൽ സ്വയം കലഹിക്കുകയാണ്. നരേന്ദ്രമോഡിയെന്ന അത്യാപത്തിനെ തോൽപ്പിക്കാനായതിൽ സന്തോഷിക്കുന്നതിനു പകരം കഴിഞ്ഞതവണ അവർക്കുണ്ടായിരുന്ന 22.51 ശതമാനം വോട്ട് എവിടെ എന്നു ചോദിച്ച് നേതാക്കൾ പരസ്പരം പകതീർക്കുകയാണ്.     
മൂന്നുസീറ്റിൽ മത്സരിച്ച സി.പി.എമ്മിനു ദൽഹിയിൽ കിട്ടിയത് നോട്ടയേക്കാൾ താഴെ 0.01 ശതമാനം വോട്ട്. അത്രതന്നെ മത്സരിച്ച സി.പി.ഐയ്ക്കും 0.02 ശതമാനം വോട്ട്. കോൺഗ്രസിനു 4.26 ശതമാനം വോട്ടുകിട്ടിയതിനെ സി.പി.എം ചാനലിലിരുന്ന് അതിന്റെ മേധാവി ചൊവ്വാഴ്ച രാത്രി ഏറെ പരിഹസിക്കുന്നതു കേട്ടു. ദൽഹിയിൽ എ.കെ.ജി ഭവനു പുറമെ ഹർകിഷൻ സിംഗ് സുർജിത് സ്മാരക ഭവനംകൂടി പണിത് അവിടെയിരുന്ന് ദേശീയ രാഷ്ട്രീയം നിയന്ത്രിക്കാൻ ശ്രമിക്കുന്ന സ്വന്തം പാർട്ടിയുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹത്തോട് ആരും തിരിച്ചു ചോദിച്ചില്ല. അത്  അവരുടെ മാന്യത.
 

Latest News