Sorry, you need to enable JavaScript to visit this website.

തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡുകള്‍ നീക്കുന്നു

ജിദ്ദ - ഭീകരാക്രമണങ്ങള്‍ തടയുന്നതിന് തന്ത്രപ്രധാന വകുപ്പുകളുടെ ആസ്ഥാനങ്ങള്‍ക്കും പാശ്ചാത്യരും മറ്റും താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോംപൗണ്ടുകള്‍ക്കും ചുറ്റും സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. സുരക്ഷാ വെല്ലുവിളി ഇല്ലാതായതോടെയാണ് ഇവ നീക്കം ചെയ്യാന്‍ തുടങ്ങിയത്. മദീന റോഡിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനം, സൗദിയ ആസ്ഥാനം, റെസിഡന്‍ഷ്യല്‍ കോംപൗണ്ടുകള്‍ എന്നിവിടങ്ങള്‍ക്കു ചുറ്റും സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്തുതുടങ്ങി.
സുരക്ഷാ കാരണങ്ങളാല്‍ നേരത്തെ സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സാഹചര്യങ്ങള്‍ മാറിയതിനാല്‍ നീക്കം ചെയ്യാന്‍ ട്രാഫിക് ഡയറക്ടറേറ്റ്, പോലീസ്, ജിദ്ദ നഗരസഭ അടക്കമുള്ള വകുപ്പുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രത്യേക കമ്മിറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നു. സുരക്ഷാ സാഹചര്യങ്ങള്‍ മാറിയതിനു പുറമെ റോഡുകളില്‍ ഗതാഗത കുരുക്കുണ്ടാക്കുകയും കാഴ്ചക്ക് അരോചകമാവുകയും ചെയ്യുന്ന കാര്യം കണക്കിലെടുത്താണ് ബാരിക്കേഡുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കമ്മിറ്റി റെസിഡന്‍ഷ്യല്‍ കോംപൗണ്ടുകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കത്തുകള്‍ നല്‍കിയിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ കോംപൗണ്ടുകള്‍ സ്വന്തം നിലക്ക് നീക്കം ചെയ്യാത്തപക്ഷം നഗരസഭ ഇവ നീക്കം ചെയ്ത് ചെലവ് റെസിഡന്‍ഷ്യല്‍ കോംപൗണ്ട് ഉടമകളില്‍നിന്ന് ഈടാക്കും.
മുന്‍ വര്‍ഷങ്ങളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ക്കുള്ള ആവശ്യം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കോംപൗണ്ടുകള്‍ക്കും ചുറ്റിലും കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. പാശ്ചാത്യര്‍ താമസിക്കുന്ന കോംപൗണ്ടുകള്‍ക്കും സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങള്‍ക്കും എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ചുറ്റിലും ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിന് ലക്ഷ്യമിട്ടുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടിയെന്നോണം ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ശക്തമായ ഭീകര, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായി സൗദിയില്‍ സമീപകാലത്തൊന്നും ഭീകരാക്രമണങ്ങളുണ്ടായിട്ടില്ല.

 

 

Latest News