Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൊഴിലാളികളിൽ നാലിലൊന്നും ചില്ലറ വ്യാപാര മേഖലയിൽ- മന്ത്രി 

റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ 25 ശതമാനത്തിലധികവും ചില്ലറ വ്യാപാര സ്ഥാപനങ്ങളിലാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി വെളിപ്പെടുത്തി. റിയാദിൽ ആറാമത് റീട്ടെയിൽ ലീഡേഴ്‌സ് സർക്കിൾ സമ്മേളനത്തിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റീട്ടെയിൽ ലീഡേഴ്‌സ് സർക്കിൾ സമ്മേളനത്തിന് സൗദി അറേബ്യ ആദ്യമായാണ് ആതിഥ്യം വഹിക്കുന്നത്. 
ചില്ലറ വ്യാപാര മേഖലയിൽ വ്യത്യസ്ത തൊഴിലുകളിൽ 20 ലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ട്. ചില്ലറ വ്യാപാര മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. രാജ്യത്ത് ദൃശ്യമായ ഉയർന്ന വാങ്ങൽ ശേഷിയും ഉപഭോഗ നിരക്കിലെ വളർച്ചയും ഷോപ്പിംഗ് മാളുകളുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും എണ്ണം വർധിച്ചുവരുന്നതും ചില്ലറ വ്യാപാര മേഖലയിൽ തൊഴിലാളികളുടെ എണ്ണം ഉയരുന്നതിന് സഹായിക്കുന്നു. സാങ്കേതിക വിപ്ലവത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും സ്മാർട്ട് ഫോൺ ആപ്പുകൾ വഴിയുള്ള ഓൺലൈൻ വ്യാപാരത്തിന്റെയും ഫലമായി ചില്ലറ വ്യാപാര മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.
ചില്ലറ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക നൈപുണ്യങ്ങൾ ആർജിക്കുന്നതിനും ഉദ്യോഗാർഥികളെ പ്രാപ്തരാക്കി മാറ്റുന്നതിനും മാനവശേഷി വികസനത്തിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നു. തൊഴിലുടമകൾക്കും ഉദ്യോഗാർഥികൾക്കുമിടയിലെ വിടവ് നികത്തുന്നതിന് ജോലിയിൽ നിയമിച്ച് പരിശീലനം നൽകുന്ന പദ്ധതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്.
വിജ്ഞാനവും പരിചയസമ്പത്തും സൗദി വിപണിയിൽ എത്തിക്കുന്നതിനും ഇവയുടെ വൈവിധ്യവൽക്കരണത്തിനും നിക്ഷേപകർക്ക് ഇളവുകൾ നൽകുന്നതിന് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അടുത്തിടെ കരാർ ഒപ്പുവെച്ചിട്ടുണ്ട്. പ്രത്യേക മേഖലകളിലും ലോജിസ്റ്റിക് സോണുകളിലും നിക്ഷേപകർക്ക് ആവശ്യമായ ഇളവുകളും പിന്തുണകളും നൽകുന്നതിന് മറ്റൊരു ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. 
പുതിയ തൊഴിൽ ശൈലികളുമായി ഒത്തുപോവുകയും, സാങ്കേതികവിദ്യാ മാറ്റങ്ങളുമായി സമരസപ്പെട്ടുപോകുന്നതിന് തൊഴിലുടമകളെയും തൊഴിലാളികളെയും പ്രാപ്തരാക്കുകയും ചെയ്യുന്ന നിയമങ്ങൾ ആവിഷ്‌കരിക്കുന്നതിന് മന്ത്രാലയം ശ്രമിച്ചുവരികയാണ്. പാരമ്പര്യേതരവും സുസ്ഥിരവുമായ തൊഴിൽ ശൈലികൾ സൃഷ്ടിക്കുന്നതിൽ സൗദി അറേബ്യക്ക് മുൻനിര സ്ഥാനം കൈവരിക്കാൻ സാധിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഫ്യൂച്ചർ വർക് കമ്പനി എന്ന പേരിൽ പുതിയ കമ്പനി കഴിഞ്ഞ വർഷം സ്ഥാപിച്ചിട്ടുണ്ടെന്നും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. 
ചില്ലറ വ്യാപാര മേഖലയിലെ നിക്ഷേപകരും മുതിർന്ന ഉദ്യോഗസ്ഥരും അടക്കം 1,500 ലേറെ പേർ ദ്വിദിന റീട്ടെയിൽ ലീഡേഴ്‌സ് സർക്കിൾ സമ്മേളനത്തിൽ പങ്കെടുത്തു.
 

Tags

Latest News