Sorry, you need to enable JavaScript to visit this website.

വേനൽക്കാലം: തൊഴിൽ സമയത്തിൽ മാറ്റം വരുത്തി 

കോഴിക്കോട് - വേനൽക്കാലം ആരംഭിച്ച സാഹചര്യത്തിൽ പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വെയിലിൽ  പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യമുണ്ട്. പൊതുജന താൽപര്യം മുൻനിർത്തി 1958ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24, 25ലെ വ്യവസ്ഥകൾ പ്രകാരം വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഇന്ന് മുതൽ ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവിറക്കിയതായി എൻഫോഴ്‌സ്‌മെന്റ് ജില്ലാ ലേബർ ഓഫീസർ പി.പി.സന്തോഷ്‌കുമാർ അറിയിച്ചു.


പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നുമണി വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണിവരെയുള്ള സമയത്തിനകം എട്ടുമണിക്കൂറായി നിജപ്പെടുത്തിയതായും  രാവിലെയും ഉച്ചയ്ക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിയ്ക്ക് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചതായും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാർക്ക് വെയിൽ ഏൽക്കാതെ ജോലി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി നൽകണം. നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ സ്‌ക്വാഡ് രൂപീകരിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജോലി പൂർണ്ണമായും നിർത്തിവെയ്ക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. 


 

Latest News