Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലേക്ക് കടത്തിയ നാലു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

പാലക്കാട് - കാറിൽ കേരളത്തിലേക്ക് കടത്തിയ നാലു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ഗോവിന്ദാപുരം ചെക്‌പോസ്റ്റിനു സമീപത്ത് എക്‌സൈസ് വകുപ്പ് നടത്തിയ വാഹനപരിശോധനയിലാണ് മാരുതി സ്വിഫ്റ്റ് കാറിന്റെ രഹസ്യ അറയിൽ ഒളിച്ചു കൊണ്ടുവരികയായിരുന്ന ഉണക്കക്കഞ്ചാവ് പിടികൂടിയത്. കാറിലുണ്ടായിരുന്ന പെരുമ്പാവൂർ അറയ്ക്കൽ പടി വെങ്ങോല ശിഹാബ് (31), സലാഹുദ്ദീൻ (24) എന്നിവരെ അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ മേഖലകളിൽ വിതരണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. മുമ്പും സമാനമായ രീതിയിൽ ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് യുവാക്കൾ പറഞ്ഞു. 


കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇത് നാലാം തവണയാണ് അതിർത്തി കടന്നെത്തിയ കഞ്ചാവ് ജില്ലയിൽ പിടികൂടുന്നത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി പരിസരത്തും മീനാക്ഷീപുരത്തും വെച്ചായിരുന്നു നേരത്തേ കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. കാറിന്റെ ഒരു ഭാഗത്തെ ഷീറ്റ് പൊളിച്ചാണ് കഞ്ചാവ് സൂക്ഷിക്കുന്നതിനുള്ള രഹസ്യ അറ ഉണ്ടാക്കിയിരുന്നത്. പഴനിയിലെ അക്ക എന്നറിയപ്പെടുന്ന ഒരു സ്ത്രീയിൽനിന്ന് കിലോവിന് നാൽപ്പതിനായിരം രൂപ നൽകിയാണ് കഞ്ചാവ് വാങ്ങിച്ചതെന്ന് യുവാക്കൾ മൊഴി നൽകി. നേരത്തേ നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് എടുക്കാൻ മൂന്നു ദിവസം മുമ്പ് ഇവർ വാളയാർ വഴി അതിർത്തി കടന്നതായി ഇന്റലിജൻസ് വിഭാഗത്തിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. 

വാളയാറിൽ കർശനമായ പരിശോധന നടക്കുന്നതിനാലാണ് ഗോവിന്ദാപുരം വഴി യുവാക്കൾ കാറ് വിട്ടത്. നാലു ദിവസം മുമ്പ് രണ്ട് കിലോ കഞ്ചാവുമായി മീനാക്ഷീപുരത്ത് പിടിയിലായ യുവാവിൽ നിന്ന് ഇവരെക്കുറിച്ചുള്ള സൂചനകൾ എക്‌സൈസ് സംഘത്തിന് ലഭിച്ചു. 
തമിഴ്‌നാട് വഴി കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉൾപ്പെെടയുള്ള വാഹനങ്ങൾ കർശനമായ പരിശോധനക്ക് ശേഷമേ കടത്തി വിടുന്നുള്ളൂ. തീവണ്ടി വഴിയുള്ള കടത്ത് തടയാൻ ആർ.പി.എഫും പരിശോധന കർശനമാക്കിയിട്ടുണ്ട്. മലയാളികൾക്ക് ലഹരിവസ്തു നൽകുന്ന സേലത്തേയും പഴനിയിലേയും കേന്ദ്രങ്ങളെക്കുറിച്ച് നിർണ്ണായകമായ സൂചനകൾ ലഭിച്ചിരുന്നു. തമിഴ്‌നാട് പോലീസിന് അതാത് സമയത്ത് റിപ്പോർട്ട് നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.


 

Latest News