ലഖ്‌നൗ- യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ യു.പിയിൽനിന്ന് വീണ്ടും ബലാത്സംഗത്തിലെ ഇരയുടെ കുടുംബത്തിന് ക്രൂരത. പതിനഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതി ഇരയുടെ അച്ഛനെ വെടിവെച്ചുകൊന്നു. കുടുംബത്തിന് പ്രതിയിൽനിന്ന് കടുത്ത ഭീഷണിയുണ്ടെന്ന് പോലീസിൽ പരാതി നൽകിയെങ്കിൽ അവർ ഗൗനിക്കാൻ തയ്യാറായിരുന്നില്ല. തിങ്കളാഴ്ചയാണ് കുട്ടിയുടെ അച്ഛന് വെടിയേറ്റത്. ആച്മാൻ ഉപാധ്യയ എന്നയാളാണ് വെടിവെച്ചത്. പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ കഴിഞ്ഞവർഷമാണ് ഇയാൾ ബലാത്സംഗത്തിന് ഇരയാക്കിയത്. എന്നാൽ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാൻ പോലും പോലീസ് തയ്യാറായിരുന്നില്ല.
തനിക്കെതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ വകവരുത്തുമെന്ന് ഉപാധ്യയ സ്ഥിരമായി ഭീഷണി മുഴക്കാറുണ്ടായിരുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ കുടുംബത്തിലെ അംഗത്തെ അഞ്ചു ദിവസത്തിനകം വകവരുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇയാൾ ഭീഷണി മുഴക്കിയത്. ഇക്കാര്യം പോലീസിനെ അറിയിച്ചെങ്കിലും അവർ അനങ്ങിയില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഭീഷണി മുഴക്കിയ പ്രതിക്കെതിരെ നടപടിയെടുക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. പ്രതിയെ ഇനിയും പോലീസ് പിടികൂടിയിട്ടില്ല. ഇയാളെ പിടികൂടാൻ അഞ്ചു പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.






