ദല്‍ഹിയില്‍ പഴയ മന്ത്രിമാര്‍ തുടരുമെന്ന് സൂചന

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഞായറാഴ്ച അരവിന്ദ് കെജ്‌രിവാള്‍ മൂന്നാം തവണ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ പഴയ മന്ത്രിമാരെതന്നെ വീണ്ടും നിയോഗിക്കുമെന്ന് സൂചന.
സാധാരണ ദല്‍ഹിയില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ഏഴംഗ മന്ത്രിസഭയാണ് ഉണ്ടാകാറുള്ളത്. കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ തന്നെ തുടരുമെന്നാണ് അവസാന സൂചന. ആം ആദ്മി പാര്‍ട്ടിയിലെ ചെറുപ്പക്കാരനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രാഘവ് ചദ്ദ, കല്‍ക്കാജി മണ്ഡലത്തില്‍നിന്ന് ശ്രദ്ധേയ വിജയം നേടിയ അതിഷി മര്‍ലേന എന്നിവര്‍ മന്ത്രിമാരാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. ഓക്‌സ്ഫഡില്‍ നിന്നുള്‍പ്പടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അതിഷി വിദ്യാഭ്യാസ വകുപ്പില്‍ കഴിഞ്ഞ മന്ത്രിസഭാ കാലത്ത് ഉപദേശകയുമായിരുന്നു.
മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് നേരിട്ട് ഒരുത്തരം നല്‍കാതെ കെജ്‌രിവാള്‍ ഒഴിഞ്ഞു മാറി. എല്ലാം കൃത്യമായ സമയത്തു നടക്കേണ്ട പോലെ നടക്കും, വിഷമിക്കേണ്ട എന്നായിരുന്നു പുഞ്ചിരിയോടെ മറുപടി. പട്പട്ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബി.ജെ.പിയുമായി ശക്തമായ മത്സരം കാഴ്ച വെച്ചാണു മനീഷ് സിസോദിയ വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി രവീന്ദര്‍ സിംഗ് നേഗിക്കെതിരെ 2000 വോട്ടുകള്‍ നേടിയായിരുന്നു വിജയം.
പാര്‍ട്ടി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കെജ്‌രിവാള്‍ ബുധനാഴ്ച ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ടു. പതിനഞ്ച് മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സത്യപ്രതിജ്ഞക്ക് മുന്നോടിയായി കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും.

 

 

Latest News